മോസ്കോ : ഉക്രൈനുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച് റഷ്യ. ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിച്ച് നയതന്ത്ര പരിഹാരം കാണുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് പറഞ്ഞു. ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു പിന്നാലെയായാണ് പുടിന്റെ വെളിപ്പെടുത്തല്‍.
ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധം അധികം വൈകാതെ അവസാനിപ്പിക്കുകയാണ്. അതിനുവേണ്ടി നയതന്ത്ര ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നുമാണ് പുടിന് മാധ്യമങ്ങളെ അറിയിച്ചത്. എല്ലാ സായുധ പോരാട്ടങ്ങളും എതെങ്കിലും വിധത്തിലുള്ള നയതന്ത്ര കൂടിയാലോചനകള്‍ക്ക് ഒടുവിലാണ് അവസാനിച്ചിട്ടുള്ളത്. അതിന് ഏതെങ്കിലും കക്ഷികള്‍ ഇരുന്ന് ഉടമ്പടി ഉണ്ടാക്കാന്‍ തയ്യാറാവണം. അതിന് നമ്മുടെ എതിരാളികള്‍ എത്രവേഗം തയ്യാറാവുന്നുവോ അത്രയും നല്ലതെന്നാണ് പുടിന് അറിയിച്ചത്.
ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയില്‍ നല്‍കിവരുന്ന പിന്തുണ ഇനിയും തുടരുമെന്നും ബൈഡന് അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ കൂടിയാലോചന നടത്തുന്ന കാര്യം ഗൗരവത്തോടെയാണോ റഷ്യ കാണുന്നതെന്ന് സംശയമുണ്ട്. ഗൗരവത്തോടെയാണെങ്കില്‍ തുറന്ന ചര്‍ച്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു.
അതേസമയം ഉക്രൈനില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കൂടുതല്‍ സമയം ലഭിക്കുന്നതിന് വേണ്ടിയുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പുതിന്റെ നയതന്ത്ര ചര്‍ച്ചാ നീക്കമെന്നാണ് ഉക്രൈന് സംശയിക്കുന്നത്. കൂടാതെ ഉക്രൈനാണ് ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതെന്നാണ് പുടിന് പറയുന്നത്. ഇത് പിന്‍വലിക്കണം. പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളിലുമുള്ള ആക്രമണം തുടരുന്നത് റഷ്യ നിര്‍ത്തണമെന്നും ഉക്രൈന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: