കോഴിക്കോട് : മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍ യന്ത്രങ്ങളുമായി കൂറ്റന്‍ ട്രക്കുകള്‍ താമരശ്ശേരി ചുരം കയറി. നെസ്ലേ കമ്പനിയുടെ നെഞ്ചന്കോട്ടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങള്‍ വഹിച്ചുകൊണ്ടുള്ള രണ്ട് ട്രെയിലറുകളാണ് ചുരത്തിലെ ഒന്‍പതാം വളവും കയറി വയനാട്ടിലേക്കെത്തിയത്. അതീവ നിയന്ത്രണങ്ങളും സുരക്ഷയുമൊരുക്കി യുദ്ധസമാനമായ ഒരുക്കങ്ങളോടെയാണ് രണ്ടു ട്രെയിലറുകളും യാത്ര തുടങ്ങിയത്.
മാസങ്ങള്‍ നീണ്ടു നിന്ന വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ നഷ്ടപരിഹാരമായി നെസ്ലേ കമ്പനി 20 ലക്ഷം രൂപ കെട്ടിവച്ചതോടെയാണ് ചുരം വഴി കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.56-നാണ് ഇരുട്രെയ്ലറുകളും ഒമ്പതാം വളവ് പിന്നിട്ടത്. 2.10- ഓടെ വയനാട് ഗേറ്റിലെത്തി. വന്‍ വാഹനവ്യൂഹത്തിന്റേയും പോലീസിന്റെയും നാട്ടുകാരുടെയും അകമ്പടിയോടെ വ്യാഴാഴ്ച രാത്രി 10.52-നാണ് ട്രെയ്ലറുകള് അടിവാരത്തുനിന്ന് പുറപ്പെട്ടത്. അതിനു മുന്നോടിയായി ചുരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
നഞ്ചന്‍കോട്ടെ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനായി കൊറിയയില്‍നിന്ന് ഇറക്കുമതി ചെയ്ത യന്ത്രഭാഗങ്ങളാണ് ട്രെയിലറുകളിലുണ്ടായിരുന്നത്. 20 ടണ്ണിലേറെ ഭാരമുള്ള വാഹനങ്ങള്‍ കയറ്റിയാല്‍ ചുരം റോഡ് തകരുമെന്നതായിരുന്നു ഇത് കൊണ്ടുപോകുന്നതിലെ പ്രധാന ആശങ്ക. വാഹനങ്ങളിലെ വീതിയേറിയ യന്ത്ര ഭാഗങ്ങള്‍ വീതി കുറഞ്ഞ ചുരം റോഡിലൂടെ കൊണ്ടുപോകാന്‍ കഴിയുമോ എന്നതായിരുന്നു മറ്റൊരു ആശങ്ക. നെസ്ലെയുടെ 11 മീറ്റര്‍ നീളമുള്ള ആദ്യ ട്രെയിലറിന് യന്ത്രഭാഗമടക്കം ആകെ 17 മീറ്റര്‍ നീളവും 5.2 മീറ്റര്‍ വീതിയും 5.7 മീറ്റര്‍ ഉയരവുമാണുള്ളത്. 10.3 മീറ്റര്‍ നീളമുള്ള രണ്ടാമത്തെ ട്രെയിലറിന് ആകെ 14.6 മീറ്റര്‍ നീളമുണ്ട്. 5.8 മീറ്റര്‍ വീതിയും 5.5 മീറ്റര്‍ ഉയരമുണ്ട്.
പാലക്കാട് സ്വദേശി സ്വാമിനാഥന്, ബാലമുരുകന്, നഞ്ചന്‍കോട് സ്വദേശികളായ ചന്ദ്രന്, മുരുകന് തുടങ്ങിയ ഡ്രൈവര്‍മാര്‍ അടക്കം 14 ജീവനക്കാര്‍ ചേര്‍ന്നാണ് രണ്ടു ട്രെയിലറുകള്‍ കൊണ്ടുപോയത്. ചെന്നൈയിലെ അണ്ണാമലൈ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടേതാണ് രണ്ട് ട്രെയിലറുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: