ഗുരുവായൂര്‍: റാഡിസന്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ പാര്‍ക്ക് ഇന്‍ ഹോട്ടല്‍ കൃഷ്ണ സന്നിധിയായ ഗുരുവായൂരിലെത്തുന്നു. ഇന്ത്യയിലെ ചെറുനഗരങ്ങളിലേക്ക് വരുന്നതിന്റെ ഭാഗമായി റാഡിസന്‍ 150 ഓളം പാര്‍ക്ക് ഇന്‍ ആന്റ് സ്യൂട്ട്സ് ഇന്ത്യയില്‍ തുറക്കുകയാണ്. അതിലെ ആദ്യ സംരംഭമാണ് ഗുരുവായൂരില്‍ തുടങ്ങുന്നത്.
91 മുറികളുള്ള ഹോട്ടല്‍ 2024ല്‍ ജൂണ്‍-ആഗസ്ത് മാസങ്ങള്‍ക്കിടയില്‍ തുറക്കും. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന തീര്ത്ഥാടകകേന്ദ്രമെന്ന നിലയിലാണ് റാഡിസന്‍ ഗുരുവായൂരിനെ ലക്ഷ്യംവെയ്ക്കുന്നത്. ദിവസേന 50,000 തീര്‍ത്ഥാടകര്‍ ഇവിടെ വന്നുപോകുന്നു. റപ് ടപ് സൊലൂഷന്‍സും റാഡിസനും തമ്മിലുള്ള പങ്കാളിത്തത്തിലാണ് പാര്‍ക്ക് ഇന്‍ ആന്റ് സ്യൂട്ട്സ് ഗുരുവായൂരില്‍ എത്തുന്നത്.
ആധുനികമെങ്കിലും വീടിന് സമാനമായ അന്തരീക്ഷമെന്ന അനുഭവം അതിഥികള്‍ക്ക് നല്‍കും. സ്വിമ്മിംഗ് പൂള്, അതിഥി സല്‍ക്കാര മുറി, പാര്‍ട്ടികളും വിവാഹവും നടത്താനുള്ള ഇടം, ഫിറ്റ്നസ് കേന്ദ്രം, സൗജന്യ വൈഫൈ, ആകര്‍ഷകമായ പ്രാതല്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഈ ഹോട്ടല്‍.
റാഡിസന്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ വളര്‍ച്ചയ്ക്കുള്ള തന്ത്രത്തിന്റെ അടുത്ത ഘട്ടമാണ് ഗുരുവായൂരുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള കടന്നുവരവെന്ന് റാഡിസന്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ എംഡിയും വൈസ് പ്രസിഡന്റുമായ സുബിന് സക്സേന പറഞ്ഞു.
ഇന്ത്യയിലെ ചെറിയ പട്ടണങ്ങളില്‍ നിലനില്‍ക്കുന്ന വന്‍സാധ്യത കണക്കിലെടുത്താണ് റാഡിസന്‍ ഹോട്ടല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് പങ്കാളിത്ത ബിസിനസ് ആരംഭിക്കുന്നതെന്ന് റപ്ടബ് സൊലൂഷന്‍സ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: