കോഴിക്കോട് : ചൊവ്വാഴ്ച നടന്ന പ്ലസ്ടു സോഷ്യോളജി അര്‍ദ്ധവാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ വിവാദത്തില്‍. പല ചോദ്യങ്ങളും അനാവശ്യ വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുന്നതാണെന്നാണ് പരാതി. 11ാമത്തെ ചോദ്യമാണ് ഇതിനു പ്രധാന ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
‘ന്യൂനപക്ഷങ്ങള്‍ ഒരു സ്ഫോടക ശക്തിയാണ്, അത് പൊട്ടിത്തെറിച്ചാല്‍ മൊത്തം രാഷ്ട്രവും തകര്‍ന്നുവീഴും’ എന്നു പറഞ്ഞത് ആരാണ് എന്ന ചോദ്യം കുട്ടികളില്‍ സങ്കുചിത ആശയങ്ങള്‍ കുത്തിക്കയറ്റുന്ന തരത്തിലുള്ളതാണെന്നു അധ്യാപകര്‍ പറയുന്നു. അംബേദ്കറുടേതായ ഈ വാചകം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഉപയോഗിക്കുമ്പോള്‍ ഭരണഘടന ശില്‍പ്പി തന്നെ തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നതായും അധ്യാപകര്‍ ആരോപിച്ചു.
‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കഥ’ എന്ന പാഠഭാഗത്താണ് ന്യൂനപക്ഷം എന്നാല്‍ എന്തെന്നും അവര്‍ക്ക് രാഷ്ട്രം നല്‍കേണ്ട പിന്തുണ എന്താണെന്നും പഠിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ പിന്നാക്കവിഭാഗങ്ങളെ പൊതുധാരയിലേക്ക് കൊണ്ടുവരേണ്ടത് സംബന്ധിച്ച് അംബേദ്കര്‍ നടത്തിയ പരാമര്‍ശമാണ് ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാഠഭാഗത്തു നിന്ന് കുട്ടി ആര്‍ജിക്കേണ്ട അഖണ്ഡത മൂല്യബോധം സംബന്ധിച്ച അറിവ് പരിശോധിക്കുന്നതിനു പകരം അപകടകരമായ വിദ്വേഷ ചിന്ത ജനിപ്പിക്കാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നതായാണ് പരാതി.
പല ചോദ്യങ്ങളും സിലബസിനു പുറത്തുള്ളതാണെന്ന ആക്ഷേപവുമുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യപേപ്പര്‍ തയ്യാറാക്കിയപ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് മലയാളത്തില്‍ അര്‍ഥവ്യത്യാസവും വന്നിട്ടുമുണ്ട്. മതേതര സ്വഭാവം നഷ്ടപെടുന്ന തരത്തില്‍ എന്‍.സി.ഇ.ആര്.ടി. പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കി എന്ന് ആക്ഷേപിച്ചവര്‍ സങ്കുചിത ചിന്താഗതി അടിച്ചേല്പ്പിക്കയാണെന്നു നാഷണല്‍ ടീച്ചേര്‍സ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: