കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴുള്പ്പെടെ 15 ലക്ഷത്തോളം രൂപ തന്നില്‍ നിന്നും തട്ടിയെടുത്തെന്ന് കോൺഗ്രസ് വനിതാ നേതാവ് വിബിതയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി നൽകി വിദേശമലയാളി. അഭിഭാഷക കൂടിയായ വിബിത ബാബുവിനെതിരെ യാണ് അമേരിക്കയില്‍ ജോലി ചെയ്യുന്ന മലയാളി മാത്യു സെബാസ്റ്റ്യൻ പരാതി നല്‍കിയത്. കടുത്തുരുത്തി സ്വദേശിയായ മാത്യു സെബാസ്റ്റ്യന്റെ കൈയ്യിൽ നിന്ന് വാങ്ങിയ 15 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് പരാതി.
ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നും വിബിതയും താനും തമ്മിൽ സ്ഥിരമായി ഫോണിൽ സംസാരിച്ചുള്ള ബന്ധമാണെന്നും പരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള വിശ്വാസത്തിന്റെ പുറത്താണ് പണം നൽകിയതെന്നും പരാതിക്കാരനായ മാത്യു സെബാസ്റ്റ്യൻ പരാതിയില്‍ പറയുന്നു. .
’15 ലക്ഷത്തോളം രൂപയാണ് പല തവണയായി നൽകിയത്. വിബിത തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോള്‍ ബന്ധുവിന്റെയും സുഹൃത്തിന്റെയും പേരിലാണ് പണം നൽകി. വിബിതയുടെ പേരിലും അമേരിക്കയിൽ നിന്ന് പലപ്പോഴായി പണമയച്ചു. നേരിൽ കണ്ടിട്ടില്ലെങ്കിലും സുഹൃത്ത് എന്ന നിലയിലാണ് പണം നൽകിയത്. വിബിതയുമായി നടത്തിയ ചാറ്റുകൾ ഇതിന് തെളിവെന്നും പരാതിക്കാരൻ വിശദീകരിച്ചു. പൊലീസിൽ പരാതിപ്പെട്ടശേഷം തന്നെ കുടുക്കാൻ വിബിത ശ്രമിക്കുകയാണെന്നും മാത്യു സെബാസ്റ്റ്യൻ ആരോപിച്ചു.
ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാപഞ്ചായത്തിൽ മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു വിബിത ബാബു. വിബിത ബാബുവിന്റെയും അച്ഛൻ ബാബു തോമസിന്റെയും ഒരു സുഹൃത്തിന്റെയും അക്കൗണ്ടുകളിലേക്കായി പതിനാല് ലക്ഷത്തി പതിനാറായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റിനാല് രൂപയാണ് കൈമാറിയിരിക്കുന്നത്.
പല തവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറാവതെ വന്നതോടെയാണ് മാത്യു സെബാസ്റ്റ്യൻ കഴിഞ്ഞ ദിവസം തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിബിത ബാബുവിനേയും അച്ഛൻ ബാബു തോമസിനേയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
മാത്യു സെബാസ്റ്റ്യന്റെ എറണാകുളത്തെ ഒരു ഭൂമി ഇടപാട് കേസിലെ അഭിഭാഷകയായിരുന്നു വിബിത ബാബു. ഈ പരിചയം വച്ചാണ് പണം നൽകിയതെന്നാണ് പരാതിക്കാരൻ പറയുന്നത്. എന്നാൽ ആരോപണങ്ങളെല്ലാം വിബിത ബാബു നിഷേധിച്ചു. പരാതിക്കാരന്റെ ഭൂമിയിടപാട് കേസിൽ ഹാജരായതിന്റെ പ്രതിഫലമായും മറ്റ് ചില കാരുണ്യപ്രവര്ത്തനങ്ങല്ക്കുമാണ് പണം നല്‍കിയതെന്ന് വിനിത ബാബു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: