കാസര്‍കോഡ് : വിദേശത്ത് താമസിച്ചിരുന്ന തൃക്കരിപ്പൂര്‍ സ്വദേശികളായ ആറംഗ സംഘത്തെ കാണാനില്ലെന്ന പരാതിയില്‍ എന്‍ഐഎ അന്വേഷണം നടത്തിയേക്കും. പത്തു വര്‍ഷമായി ദുബായില്‍ സ്ഥിര താമസമാക്കിയ മുഹമ്മദ് ബഷീര്‍, ഭാര്യ റിസ്വാന ഇവരുടെ പത്തുവയസ്സില്‍ താഴെയുള്ള നാല് ആണ്‍ മക്കള്‍ എന്നിവരെയാണ് കാണാതായത്. കുടുംബം യെമനിലേക്ക് മതപഠനത്തിനായി പോയെന്ന സംശയമാണ് കേസ് എന്‍ഐഎയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യം ഉയരാന്‍ കാരണം.
തൃക്കരിപ്പൂര്‍ കുടുംബത്തിനൊപ്പം പടന്നയില്‍ നിന്നുള്ള രണ്ട് യുവാക്കളും യമനിലേക്ക് കടന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ അഫ്ഗാനിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് യെമനില്‍ പോകുന്നതിന് വിലക്കുണ്ട്. എന്നാല്‍ കാണാതായ ഇവര്‍ക്കാര്‍ക്കും തീവ്രവാദ ബന്ധം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക സംഘം തൃക്കരിപ്പൂരിലെത്തി അന്വേഷണം നടത്തുകയും, വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എംബിഎ ബിരുദധാരിയായ മുഹമ്മദ് ഷബീര്‍ കഴിഞ്ഞ നാലുവര്‍ഷമായി ഖത്തറില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയാണ്. ആറുവര്‍ഷം ദുബായിയിലായിരുന്നു. ഭാര്യയ്‌ക്കും മക്കള്‍ക്കുമൊപ്പം ഇദ്ദേഹം ആറുമാസം മുമ്പ് നാട്ടില്‍ വന്നിരുന്നു. ഖത്തറില്‍ തിരിച്ചെത്തിയ ഇവര്‍ അധികം വൈകാതെ യെമനിലേക്ക് പോയെന്നാണ് കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍.
എന്നാല്‍ ഒരാഴ്ച മുമ്പുവരെ ഖത്തറിലുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ ചന്തേര പോലീസിനോട് പറഞ്ഞത്. യെമെനിലേക്ക് തിരിക്കും മുന്‍പേ ഫോണില്‍ വിളിച്ചിരുന്നുവെന്നും മതപഠനത്തിനായി പോകുന്നുവെന്നുമാണ് പറഞ്ഞതെന്നും ബന്ധുക്കള്‍ മൊഴിനല്‍കി. ഇവര്‍ യെമെനിലെത്തിയത് സൗദി അറേബ്യ വഴിയാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: