ശ്രീജിത്ത് മൂത്തേടത്ത്
കൊളംബിയന്‍ ഗോളിയായ ഹിഗ്വിറ്റയുടെ പേര് മലയാളത്തിലെ കഥാവായനക്കാരുടെയും സാഹിത്യപ്രേമികളുടെയും ഇടയില്‍ പ്രചാരത്തില്‍ വരുത്തിയത് പ്രശസ്ത സാഹിത്യകാരനായ എന്‍.എസ്. മാധവനാണല്ലോ. ആ പേരുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഹേമന്ത് ജി നായര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേര് നല്‍കിയതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിക്കൊണ്ട് എന്‍.എസ്. മാധവന് ട്വിറ്ററില്‍ കുറിച്ച പ്രതിഷേധമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. എന്‍.എസ്. മാധവന്റെ കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമയല്ല ഹിഗ്വിറ്റയെന്നും അത് രാഷ്ട്രീയക്കാരനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണെന്നും ഒരു ഗോളിയെപ്പോലെ തന്റെ ആശയത്തെയും കൂടെയുള്ളവരെയും സംരക്ഷിക്കുന്ന കഥാനായകന്റെ പരിവേഷത്തിന് ചേര്‍ന്നൊരു പേരായി ഹിഗ്വിറ്റയുടെ പേര് സിനിമയ്ക്ക് നല്കിയെന്നേയുള്ളൂവെന്നും സിനിമയുടെ സംവിധായകനും വ്യക്തമാക്കുന്നുണ്ട്. എന്‍.എസ്. മാധവന്റെ കഥയെ ആധാരമാക്കി പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ശശിധരന് നടുവില്‍ ഒരുക്കിയ ഹിഗ്വിറ്റയെന്ന നാടകം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും പ്രശസ്തവുമാണ്. എന്‍.എസ്. മാധവന് ഉയര്‍ത്തിയിരിക്കുന്ന വിവാദത്തിനും ചര്ച്ചകള്ക്കുമപ്പുറത്ത് പേരുകള്‍ സാഹിത്യ സൃഷ്ടികള്‍ക്കും സിനിമകള്‍ക്കും ഉപയോഗിക്കപ്പെടുമ്പോള്‍ വലിയ കോലാഹലങ്ങളും പ്രതിഷേധങ്ങളും മുമ്പും മലയാളത്തില്‍ ധാരാളമായിട്ടുണ്ടായിട്ടുണ്ട് എന്നതുമറന്നുകൂടാ.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാകാനുള്ള തയ്യാറെടുപ്പുകള്‍ നടന്നപ്പോള്‍ അതിന് മഹാഭാരതം എന്ന പേര് നല്‍കിയതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുയര്‍ന്നത് മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ഭാരതത്തിന്റെ ഇതിഹാസമായ, സാഹിത്യലോകത്ത് നിരവധി രചനകള്‍ക്ക് പ്രചോദനമാകുകയും നിരവധി പ്രാദേശികഭാഷകളുടെ വികാസത്തിന് പ്രേരണനല്കിയ വിവര്‍ത്തനങ്ങളും പുനരാഖ്യാനങ്ങളുമുണ്ടായ മഹത്തായ കൃതിയാണ് മഹാഭാരതമെന്ന് ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ വഴിയില്ല. മഹാഭാരതം എന്ന പേര് ഭാരതീയ ജനതയുടെയും ലോകജനതയുടെയും മനസ്സില്‍ ഉണര്‍ത്തുന്ന സങ്കല്പങ്ങള് എന്തായിരിക്കുമെന്നതിലും തര്‍ക്കമുണ്ടാകില്ല. ഈ രാജ്യത്തിന്റെ മണ്ണിനോടും സംസ്കാരത്തോടും ഇഴചേര്‍ന്നുകിടക്കുന്ന പ്രമേയവും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും സ്ഥലനാമങ്ങളുമൊക്കെ ഉള്‍ച്ചേര്‍ന്നതാണ് മഹാഭാരതം. അത്തരമൊരു മഹത്തായ കൃതിയുടെ പേര് മലയാളത്തിലെ ഒരു നോവല്‍ സിനിമയാക്കപ്പെടുമ്പോള്‍ അതിന് നല്‍കുന്നത് എത്രത്തോളം അനുചിതമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പറഞ്ഞ് ഭാരതീയമായ എന്തിനെയും അവമതിക്കുന്ന ചില തത്പരകക്ഷികള്‍ രണ്ടാമൂഴത്തിന് മഹാഭാരതമെന്ന് പേരിടുന്നതിനെ ന്യായീകരിക്കുന്ന അവസ്ഥ ഇവിടെയുണ്ടായി. സ്വാഭാവികമായും എതിര്‍പ്പുകളും വിമര്‍ശനങ്ങളുമുയര്‍ന്നു. ആ സിനിമ യാഥാര്‍ത്ഥ്യമായില്ലെങ്കിലും ആ പേരിടല്‍ ഉയര്‍ത്തിയ വാദങ്ങളും പ്രതിവാദങ്ങളും മലയാളി മറന്നിരിക്കാന്‍ വഴിയില്ല.
എം.ടി. വാസുദേവന്‍ നായരുടെ വാനപ്രസ്ഥം എന്ന കഥയുടെ പേര് ഷാജി. എന്‍. കരുണ്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് നല്കിയപ്പോള് കഥാകൃത്ത് ദുഃഖവും എതിര്‍പ്പും രേഖപ്പെടുത്തിയതും അംഗീകരിക്കപ്പെടാതെ പോയതും മലയാളകഥയുടെയും മലയാളസിനിമയുടെയും ചരിത്രത്തിന്റെ ഭാഗമാണ്. എം.ടി.ക്ക് പിന്നീട് സ്വന്തം കഥ സിനിമയാക്കാന്‍ തീര്‍ത്ഥാടനമെന്ന വേറെ പേര് അന്വേഷിക്കേണ്ടി വന്നു. മൂകാംബികയും കുടജാദ്രിയും പശ്ചാത്തലമാക്കിയെഴുതപ്പെട്ട എംടിയുടെ മനോഹരമായ കഥയെ സാമാന്യജനത്തിന്റെയിടയില് വിസ്മൃതിയിലേക്ക് തള്ളിവിട്ട് കഥകളിയുടെ പശ്ചാത്തലത്തില്‍ ഷാജി.എന്‍.കരുണ്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ എന്ന മഹാനടന് അനശ്വരമാക്കിയ സിനിമ മുന്നില്‍ നില്ക്കുന്നുവെങ്കില് അത് സിനിമയെന്ന കലാരൂപത്തിന്റെ സ്വീകാര്യതയും അത് ജനസാമാന്യത്തിനിടയില്‍ എത്രത്തോളം ബിംബരൂപീകരണം നടത്തുന്നുവെന്നതും വെളിവാക്കുന്നതാണ്. രണ്ടാമൂഴം മഹാഭാരതമെന്ന പേരില്‍ സിനിമയാക്കാനുള്ള ശ്രമം നടന്നപ്പോള്‍ ഉയര്‍ന്ന വിമര്‍ശനവും ഇതുതന്നെയായിരുന്നു. വിവിധ ഭാരതീയ ഭാഷകളില്‍ പുറത്തിറക്കാനുദ്ദേശിച്ച ബിഗ് ബജറ്റ് സിനിമ ജനമനസ്സുകളില്‍ മഹാഭാരതമെന്ന ഇതിഹാസത്തെക്കുറിച്ച് അബദ്ധ ധാരണ സൃഷ്ടിച്ചേക്കാമെന്ന ആശങ്കയായിരുന്നു ആ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍.
എന്‍.എസ്. മാധവന് ഹിഗ്വിറ്റ എന്ന തന്റെ കഥയുടെ പേര് ഹേമന്ത് ജി. നായരുടെ സിനിമയ്ക്ക് നല്കുമ്പോള് ഉന്നയിക്കുന്ന ആശങ്കയും ഇതിന് സമാനമാണെന്ന് തോന്നലുളവാക്കാം. പൊതുബോധ നിര്‍മ്മിതിയില്‍ കഥാ സാഹിത്യത്തേക്കാള്‍ വേഗതയുള്ള സിനിമയെന്ന മാധ്യമത്തില്‍ വരുന്ന പ്രമേയം തന്റെ കഥയെക്കുറിച്ച് ആളുകളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയേക്കാമെന്ന കഥാകൃത്തിന്റെ ആശങ്കയും പ്രത്യക്ഷത്തില്‍ ശരിയാണെന്ന് തോന്നാം. പക്ഷെ ഹിഗ്വിറ്റ എന്ന പേര് എന്‍.എസ്. മാധവന്റെ കഥയുണ്ടാകുന്നതിന് മുമ്പും ഫൂട്ബോള്‍ ലോകത്ത് പ്രശസ്തമായിരുന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല. ഒരുപക്ഷെ സിനിമയെന്ന ജനപ്രിയ മാധ്യമത്തേക്കാള്‍ ജനപ്രിയതയുള്ളതാണ് ഫൂട്ബോള്‍ എന്ന കായികയിനം. അത് ഏതെങ്കിലും ഭാഷയില്‍ ഒതുങ്ങിനില്‍ക്കുന്നതുമല്ല. ഒരു ഭാഷയുമില്ലാതെതന്നെ ജനമനസ്സുകളില്‍ ചലനമുണ്ടാക്കാന്‍ പോന്നതാണത്. അങ്ങനെയിരിക്കെ അന്താരാഷ്ട്ര പ്രശസ്തനായ ഒരു ഗോളിയുടെ പേര് തന്റെ കഥയ്ക്ക് സ്വീകരിക്കുന്നതിലൂടെ എന്‍.എസ്. മാധവന് ആ കായികതാരത്തെയാണ് അവമതിച്ചതെന്ന് ആരെങ്കിലും വാദിച്ചാലും തെറ്റ് പറയാനാവില്ല. കാല്‍പ്പന്തുകളിക്കാരന്റെ പേര് വളരെ പ്രശസ്തമായി ഉയര്ന്നുനില്ക്കുന്ന അവസരത്തില്‍ ഗോളിയെപ്പോലെ പെരുമാറുന്ന നായകകഥാപാത്രമുള്ള സിനിമയ്ക്ക് പ്രതീകാത്മകമായി ആ പേര് നല്‍കുന്നതിലും എന്തെങ്കിലും പ്രശ്നമുള്ളതായി സാമാന്യജനത്തിന് തോന്നുകയുമില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ട്.
മലയാളത്തില്‍ കഥകളുടെ പേരുകളില്‍ മാത്രമല്ല കഥാപാത്രങ്ങളുടെ പേരുകളിലും വിവാദം കത്തിപ്പടരാറുണ്ട്. ഏറ്റവുമൊടുവില്‍ പ്രശസ്ത എഴുത്തുകാരന് ആനന്ദിന്റെ ഏറ്റവും പുതിയ താക്കോല്‍ എന്ന കഥയിലെ കഥാപാത്രങ്ങളെക്കുറിച്ച് പുതിയ വിവാദമുയര്‍ത്തിയിരിക്കുന്നത് ഇടതുപക്ഷ സഹയാത്രികനും സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായ അശോകന് ചെരുവിലാണ്. താക്കോല്‍ എന്ന കഥയില്‍ മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ക്രൂരതയെ സൂചിപ്പിക്കാനായി ഒരു കുറ്റകൃത്യത്തില്‍ പ്രതികളായ കഥാപാത്രങ്ങള്‍ക്ക് മുസ്ലിം പേരുകള്‍ നല്‍കിയതിനെ വിമര്‍ശിക്കുകയാണ് അശോകന് ചെരുവില്‍. കഥയില്‍ കഥാപാത്രങ്ങള്‍ക്ക് പേരിടുന്നത് ദൈവമായതുകൊണ്ട് കഥാകൃത്തിനെ ഒരു നിലക്കും ആക്ഷേപിക്കാനോ വിമര്‍ശിക്കാനോ ആവില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പരിഹസിക്കുന്നുണ്ട്. മലയാള ഭാഷയിലെ ദാര്‍ശനികനായ എഴുത്തുകാരനാണ് ആനന്ദ്. സ്ഥാനലബ്ദികള്‍ക്കുവേണ്ടി രാഷ്ട്രീയ കുഴലൂത്തുനടത്തുന്ന എഴുത്തുകാരുടെ ഗണത്തില്‍ പെടുന്നില്ല എന്നതാവാം ആനന്ദ് ഇത്തരക്കാര്‍ക്ക് അനഭിമതനാകാന്‍ കാരണം. വളരെ ഉയര്‍ന്ന ദാര്‍ശനിക മാനങ്ങളുള്ള ഒരു കഥയിലെ കഥാപാത്രങ്ങള്‍ക്ക് നല്കുന്ന പേരുകളുടെ അടിസ്ഥാനത്തില്‍ ആനന്ദിനെപ്പോലുള്ളൊരു എഴുത്തുകാരനെ പരിഹസിക്കുകയും കഥയെ സമൂഹമാധ്യമത്തില്‍ തേജോവധം ചെയ്യുകയും ചെയ്യുന്ന രീതി അത്യന്തം ഗുരുതരമാണെന്ന് പറയാതെ വയ്യ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയെന്ന കഥയില്‍ കഥാപാത്രങ്ങള്‍ക്ക് മുസ്ലിം പേരുനല്കിയെന്നതിന്റെ പേരില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും വിവാദങ്ങളും ഉണ്ടായത് മലയാളി മറന്നിട്ടുണ്ടാവില്ല. ഹിഗ്വിറ്റയിലെ ദുഷ്ടകഥാപാത്രത്തിന് മുസ്ലിം പേര് നല്‍കിയതില്‍ എം.ടി. അന്‍സാരിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയ കൊടികെട്ടിയ വിമര്‍ശനങ്ങളും വിവാദങ്ങളും എന്‍.എസ്. മാധവനും മറന്നിട്ടുണ്ടാവില്ലല്ലോ.
സാഹിത്യ അക്കാദമി പ്രസിഡണ്ട് കവി സച്ചിദാനന്ദന് സഹിഷ്ണുത എന്ന വാക്ക് അത്യന്തം അപകടകാരിയാണെന്ന് പറയുന്നതിനെക്കുറിച്ച് നിരൂപകന് കെ.സി. നാരായണന് അദ്ദേഹത്തിന്റെയൊരു പംക്തിയില്‍ ഈയിടെ പരാമര്‍ശിക്കുകയുണ്ടായി. ഇഷ്ടമല്ലാത്തതിനെ എന്തിനെയോ സഹിക്കുന്നതിനെയാണ് സഹിഷ്ണുത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് പറയുന്നത്. അസഹിഷ്ണുതാവാദമുയര്ത്തി പുരസ്കാര തിരസ്കാരങ്ങള്‍ക്ക് നേതൃത്വം നല്കിയവര് തന്നെ സഹിഷ്ണുത എന്ന വാക്കിന്റെ ദുരര്‍ത്ഥത്തെ തിരിച്ചറിയുന്നത് രസകരമാണ്. എന്തൊക്കെയോ സമ്മര്‍ദ്ദങ്ങളുടെ പേരില്‍ മാത്രം ഇത്രയും കാലം ആനന്ദിനെപ്പോലെയുള്ള എഴുത്തുകാരെ ഇഷ്ടമല്ലായെങ്കിലും സഹിക്കുകയായിരിക്കണം ഇവര്‍ ചെയ്തിട്ടുണ്ടാവുക. സിനിമാപ്പേരുകളും കഥകളുടെ പേരുകളും കഥാപാത്രങ്ങളുടെ പേരുകളും വിവാദമായി മാറുമ്പോള്‍ കെ.സി. നാരായണന് പറയുന്നതുപോലെ സഹിഷ്ണുത എന്ന വാക്കിന്റെ ഉള്ളിലൊളിഞ്ഞിരിക്കുന്ന ദുരര്‍ത്ഥം തെളിഞ്ഞുകാണുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: