കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനാണ് തിരുവനന്തപുരം. പറഞ്ഞിട്ടെന്ത് ഫലം. കെട്ടുനാറിയ അഴിമതിക്കഥയാണ് ഇന്ന് കോര്‍പ്പറേഷനില്‍ നിന്നുയരുന്നത്. മേയര്‍ സിപിഎം സെക്രട്ടറിക്ക് കത്തയയ്ക്കുക. ആ കത്ത് പുറത്തായപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന് കൈമലര്‍ത്തുക. മേയറുടെ കത്ത് വ്യാജമെന്നാണ് ഇപ്പോള്‍ പറയുന്നത്. വ്യാജ കത്താണെങ്കില്‍ മേയര്‍ കേസ് കൊടുക്കണമായിരുന്നില്ലെ? കേസ് കൊടുക്കുന്നതിന് പകരം മുഖ്യമന്ത്രിക്കാണ് പരാതി കൊടുത്തത്.? മുഖ്യമന്ത്രി പരാതി പോലീസിന് കൈമാറി. പോലീസ് അന്വേഷണ പ്രഹസനം നടത്തി. ആ പരാതിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഒരുനിശ്ചയവുമില്ല. കത്തിന്റെ പേരില്‍ മേയര്‍ രാജിവയ്ക്കണം. അല്ലെങ്കില്‍ പുറത്താക്കണം എന്നാവശ്യപ്പെട്ട് മുഖ്യപ്രതിപക്ഷമായ ബിജെപി ശക്തമായ സമരത്തിലാണ്. സമരം അന്പതുദിവസം പിന്നിടാന്‍ പോവുകയാണ്. 295 പേരെ ഉടന്‍ നിയമിക്കാനാണ് മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎം സെക്രട്ടറി നാഗപ്പനയച്ച കത്ത്.
ബിജെപിക്കു പിറകെ യുഡിഎഫും സമരത്തിനുണ്ട്. കെപിസിസി പ്രസിഡന്റ് പറഞ്ഞത് മേയര്‍ മാപ്പുപറഞ്ഞാല്‍ മതി എന്നാണ്. അഴിമതിയോടും സര്‍ക്കാരിന്റെ കൊള്ളരുതായ്മകളോടും ഒത്തുകളി നടത്തുന്ന കോണ്‍ഗ്രസിന് മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ. അതുകൊണ്ടൊന്നും ബിജെപി അടങ്ങുന്ന പ്രശ്നമില്ല. സമരം ശക്തമാക്കാനാണ് തീരുമാനം. പോലീസിനെ ഉപയോഗിച്ച് വനിതകളടക്കമുള്ള സമരക്കാരെ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതേ സമയം വനിതകളടക്കമുള്ള സമരക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് മറ്റൊരു കത്തുവീരന് കൗണ്‍സിലര്‍ ഡി.ആര്. അനില്‍ നടത്തിയത്.
‘പൈസയാണ് ആവശ്യമെങ്കില്‍ വേറെ പണിക്ക് പോകണം’ എന്ന വിവാദ പരാമര്‍ശവുമായി ഡി.ആര്.അനില്‍ രംഗത്തിറങ്ങിയത് വലിയ കോലാഹലമുണ്ടാക്കി. പിന്നാലെ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. അനിലിനെ സംരക്ഷിച്ച് മേയര്‍ ആര്യാ രാജേന്ദ്രനും രംഗത്തുവന്നു. അനിലിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടില്ലെന്നായിരുന്നു മേയറുടെ നിലപാട്.
കൗണ്‍സില്‍ യോഗത്തിനിടെ ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടിയിരുന്നു. ബാനര്‍ ഉയര്‍ത്തി എത്തിയ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍, മേയറെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു. ബിജെപി കൗണ്‍സിലര്‍മാരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. കോര്‍പറേഷനില്‍ സമരം ചെയ്തതിന് അറസ്റ്റിലായ ബിജെപി കൗണ്‍സിലര്‍മാരെ വൈകി ജാമ്യത്തില്‍ വിട്ടയച്ചു. മേയര്‍ ആര്യാ രാജേന്ദ്രനെ തടഞ്ഞതിനു കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണു ബിജെപി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ രാപകല്‍ സമരം ആരംഭിച്ചത്. രാത്രി പത്തോടെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി അറസ്റ്റിനു വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സമരവുമായി മുന്നോട്ടു പോകാനായിരുന്നു കൗണ്‍സിലര്‍മാരുടെ തീരുമാനം.
പത്തരയോടെ മൂന്നു എസിമാരുടെ നേതൃത്വത്തിലെത്തിയ പൊലീസ് കൗണ്‍സിലര്‍മാരെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്. കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യമുയര്‍ത്തി പ്രതിരോധിച്ചു. വാനിനു സമീപം പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ നന്ദാവനം എആര്‍ ക്യാംപിലേക്ക് മാറ്റുകയായിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ സമരത്തിനിടെ സിപിഎം കൗണ്‍സിലര്‍ ഡി.ആര്.അനില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍, ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നല്കി. പരാമര്‍ശത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കത്തയച്ചു.
വിഷയത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും കേസെടുത്തിട്ടില്ല. എന്നാല്‍ വിമര്‍ശനം പുരുഷ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ളവരെ ഉദ്ദേശിച്ചായിരുന്നുവെന്ന് ഡി.ആര്.അനില്‍ വിശദീകരിച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പറഞ്ഞ് അനിലിനെ പിന്തുണച്ച മേയര്‍ ആര്യ രാജേന്ദ്രന്റെ നടപടിയും സാമാന്യ നീതിക്കും മര്യാദയ്ക്കും ചേര്‍ന്നതല്ലെന്ന വിമര്‍ശനവും ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം, ഡി.ആര്. അനിലിനെതിരെ കേസ് എടുക്കണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ആവശ്യപ്പെട്ടു. എത്ര നവോത്ഥാന സദസ് നടത്തിയാലും സ്റ്റഡിക്ലാസ് സംഘടിപ്പിച്ചാലും പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കെതിരായ സിപിഎം നേതാക്കളുടെ നിലപാട് മാറില്ലെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. എ. വിജയരാഘവന് മുതല്‍ ഡി. ആര് അനില്വരെ നേതാക്കന്മാര് എന്തുപറഞ്ഞാലും നടപടി വേണ്ട എന്നതാണ് പാര്‍ട്ടി നിലപാട്. അതിനിടെ തിങ്കളാഴ്ച സമരം ശക്തമാക്കി. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ തിരുവനന്തപുരം കോര്പറേഷന് സിപിഎം കൗണ്‍സിലര്‍ ഡി.ആര്.അനിലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷമാണുണ്ടായത്. അനിലിന്റെ ഓഫിസിലേക്കായിരുന്നു ബിജെപി മാര്‍ച്ച്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഓഫിസിന്റെ വാതിലില്‍ പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു.
നിയമന കത്തു വിവാദവുമായി ബന്ധപ്പെട്ട സമരത്തിനിടെ, തന്റെ കാഴ്ച മറച്ച് ബാനര്‍ പിടിച്ച 9 ബിജെപി വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ ആര്യാ രാജേന്ദ്രന് സസ്പെന്‍ഡു ചെയ്തിരുന്നു. സസ്പെന്‍ഷനു പിന്നാലെ കൗണ്‍സിലര്‍മാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഡി.ആര്.അനിലിന്റെ വിവാദ പരാമര്‍ശം. ”കാശു കിട്ടാനാണെങ്കില്‍ വേറെ എത്രയോ മാര്‍ഗങ്ങളുണ്ട്, അതിന് ഈ ബുക്കില്‍ ഒപ്പിടണോ…” എന്നു വനിതാ കൗണ്‍സിലര്‍മാരെ ലക്ഷ്യംവച്ചു പറഞ്ഞതിനെ അനില്‍ നിഷേധിച്ചില്ലെന്നു മാത്രമല്ല ‘താന്‍ പുരുഷ കൗണ്‍സിലറെ കൂടി ഉദ്ദേശിച്ചാണ് അങ്ങിനെ പറഞ്ഞതെ’ ന്ന ന്യായീകരണമാണ് നടത്തിയത്. ഏതായാലും പോലീസും സിപിഎമ്മും യോജിച്ചുനീങ്ങുകയാണ്. അന്‍പത് ദിവസം തൊടാന്‍ പോകുന്ന സമരത്തോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സര്‍ക്കാറിന് എന്ത് നേട്ടമാണിത് ഉണ്ടാക്കുക എന്ന ചോദ്യമാണ് പ്രസക്തം. രണ്ടുമന്ത്രിമാര്‍ പങ്കെടുത്ത യോഗം നടത്തി. ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ല. ഇനി എപ്പോള്‍ ചര്‍ച്ച എന്നറിയിച്ചിട്ടില്ല. സമരം എത്രനാള്‍ നീണ്ടാലും ആവശ്യത്തില്‍ നിന്നും പറകോട്ടില്ലെന്നുതന്നെയാണ് ബിജെപിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: