ശബരിമല: ശബരിമല തീര്‍ഥാടന കാലം പാതി പിന്നിട്ടപ്പോഴും ക്രമീകരണങ്ങള്‍ ഇപ്പോഴും പാതിവഴിയില്‍തന്നെയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ആരോപിച്ചു. ശബരിമല ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടീച്ചര്‍. കൊവിഡാനന്തരം നിയന്ത്രണങ്ങളെല്ലാം സര്‍ക്കാര്‍ പൂര്‍ണമായി നീക്കിയ സാഹചര്യത്തിലാണ് ഈ മണ്ഡല-മകരവിളക്ക് ഉത്സവം നടക്കുന്നത്.
എന്നാല്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ യാതൊരുവിധ അടിസ്ഥന സൗകര്യങ്ങളും ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ നടപ്പിലാക്കിയിട്ടില്ല. പ്രധാനമായും മാലിന്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തിലുള്ള ഈ മെല്ലപ്പോക്ക് തീര്‍ഥാടനത്തെ പ്രതികൂലമായി ബാധിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യക ക്യൂ സംവിധാനം പ്രഖ്യാപിച്ചതല്ലാതെ നടപ്പിലാക്കിട്ടില്ല. പതിനെട്ടാംപടിയില്‍ ഡ്യൂട്ടിനോക്കുന്ന പോലീസുകാരുടെ പരിചയക്കുറവും തീര്‍ഥാടകരോടുള്ള അവരുടെ മനോഭാവവും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇത് മറയ്‌ക്കാന്‍ പരസ്പരം പഴിചാരുന്ന പ്രവണത തീര്‍ഥാടകരോട് കാണിക്കുന്ന വഞ്ചനയാണ്. ഭണ്ഡാരത്തിലെ കാണിക്കയോട് മാത്രമാണ് ദേവസ്വത്തിന് താത്പര്യമെന്നും ശശികലടീച്ചര്‍ പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍, സംസ്ഥാന വക്താവ് ആര്‍.വി. ബാബു എന്നിവരും ടീച്ചര്‍ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: