ന്യൂദല്‍ഹി : ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഗ്രാമങ്ങള്‍ സര്‍വ്വ സജ്ജമാണ്. രാജ്യസ്‌നേഹികളായ സൈനികരുടെ കൈകളില്‍ അതിര്‍ത്തികള്‍ സുരക്ഷിതമാണ്. കരുത്തരായ ജനങ്ങളാണ് സൈനികര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഘാലയിലെ ഷില്ലോങ്ങില്‍ നോര്‍ത്ത് ഈസ്റ്റ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ യുവാക്കളിലാണ് തന്റെ വിശ്വാസം. ലോകം മുഴുവന്‍ ഇന്ന് ഖത്തറിലെ ആഘോഷത്തിലാണ്. ഒട്ടും വൈകാതെ തന്നെ എല്ലാ രംഗത്തേയും ലോകകപ്പ് പോരാട്ടങ്ങളില്‍ ത്രിവര്‍ണ്ണ പതാകയേന്തിയുള്ള വിജയാഘോഷം നടത്തി നമ്മളും ആഘോഷിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനത്താണ് രാജ്യത്തെ ആദ്യത്തെ കായിക സര്‍വകലാശാല വന്നിരിക്കുന്നത്. ഇനി ഈ മണ്ണില്‍ നിന്നും നിരവധി കായിക പ്രതിഭകള്‍ കൂടുതലായി ഉയര്‍ന്നുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികാസമെന്നത് ബജറ്റും ടെന്‍ഡറും ഉദ്ഘാടനവുമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തെളിയിച്ചു. ജനങ്ങളിലേക്ക് വികസനം എത്തണമെങ്കില്‍ രാജ്യം മാറണം. ഇച്ഛാശക്തിയിലൂടെ, നമ്മുടെ പ്രതിജ്ഞയിലൂടെ, നമ്മുടെ സംസ്‌കാരിക ശക്തിയിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂ. ടൂറിസം രംഗത്തിനും വാണിജ്യരംഗത്തിനും ഗുണകരമാകുന്ന തരത്തിലാണ് വടക്കുകിഴക്കന്‍ മേഖലയിലെ വികസനം വിഭാവനം ചെയ്തിരിക്കുന്നത്. വിമാന സേവനം വര്‍ധിച്ചതിലൂടെ വിനോദസഞ്ചാരവും തീര്‍ത്ഥാടനങ്ങളും വര്‍ധിച്ചു.
കയറ്റുമതിയിലൂടെയുള്ള വ്യാപാരവും വര്‍ധിച്ചു. ഇന്ന് മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളിലെ ഫലവര്‍ഗ്ഗങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിദേശ മാര്‍ക്കറ്റിലേയ്‌ക്ക് എത്തിക്കുന്ന സംവിധാനവും നിലവില്‍ വന്നു. ജനങ്ങളുടെ മൊബൈല്‍ ഉപയോഗം സാമ്പത്തിക രംഗത്തും ഡിജിറ്റല്‍ സേവന രംഗത്തും വന്‍ കുതിപ്പ് നല്‍കിയിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് വടക്കുകിഴക്കന്‍ മേഖലയ്‌ക്കായി ഐഐഎം, ശാസ്ത്ര സാങ്കേതിക സര്‍വകലാശാലകള്‍, കാര്‍ഷിക- വനം വന്യജീവി ഗവേഷണ കേന്ദ്രങ്ങളും സംരക്ഷണ കേന്ദ്രങ്ങളും വരികയാണ്. 100 കണക്കിന് കേന്ദ്രീയ വിദ്യാലയങ്ങളും ഉയര്‍ന്നുവരിക യാണെന്നും എല്ലാവരും ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടുന്നവരായി ഉടന്‍ മാറും. ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന സംസ്ഥാനങ്ങളായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മാറിയിരിക്കുന്നു. എല്ലാ വിഘടനവാദ ശക്തികളും ഭീകരസംഘടനകളും ദുര്‍ബലമായിരിക്കുന്നു. അതിര്‍ത്തി സുരക്ഷ ഇനി രാജ്യസ്‌നേഹികളായ സൈനികരുടെ സുരക്ഷിതമായ കൈകളിലാണ്. അതിര്‍ത്തി ഗ്രാമങ്ങള്‍ ഇന്ന് വെറും വിജനമായ നോക്കുകുത്തി പ്രദേശങ്ങളല്ല. മറിച്ച് വികസനവും കൃഷിയും ഡിജിറ്റല്‍ സേവനമുള്ള മുഖ്യധാര പ്രദേശങ്ങളായിരിക്കുകയാണ്. പുതിയ റോഡുകള്‍, വിമാനമിറങ്ങാന്‍ സംവിധാനം, തുരങ്കങ്ങള്‍, റെയില്‍ സംവിധാനം എല്ലാം അതിര്‍ത്തി ഗ്രാമങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വികസനത്തിലൂടെയുള്ള മുന്നേറ്റമാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം തുടരുകയാണ്. ഷില്ലോങ് സന്ദര്‍ശനത്തിന് ശേഷം ത്രിപുരയിലെക്ക് തിരിക്കുന്ന പ്രധാനമന്ത്രി 6800 കോടി രൂപയുടെ വിവിധ പദ്ദതികള്‍ക്ക് ഇന്ന് തറക്കല്ലിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: