ന്യൂദൽഹി: നാവികസേന തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലായ ‘ ഐഎൻഎസ് മോർമുഗാവോ’ രാജ്യത്തിന് സമർപ്പിച്ചു. ബറാക്, ബ്രഹ്‌മോസ് മിസൈലുകൾ അടക്കം വഹിക്കാൻ ശേഷിയുള്ള ‘മോർമുഗാവോ’ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മീഷൻ ചെയ്തു. ഇന്ത്യൻ നാവിക സേനയുടെ സംഭാവനകൾ ഇന്ന് ലോക സമാധാനത്തിന് വിലപ്പെട്ടതാണെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.
സേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോ ആണു കപ്പലുകൾ രൂപകൽപന ചെയ്തത്. അത്യാധുനിക റഡാർ സംവിധാനങ്ങളുള്ള മോർമുഗാവോയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിൽ 75 % ഇന്ത്യൻ നിർമിതമാണ്. മണിക്കൂറിൽ 56 കിലോമീറ്റർ വേഗം ഉള്ള കപ്പലിന് 163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുണ്ട്. സേനാ പദ്ധതിയായ പ്രോജക്ട് 15ബിയുടെ ഭാഗമായി നിർമിക്കുന്ന രണ്ടാമത്തെ യുദ്ധക്കപ്പലാണിത്. ഹൈടെക് മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച കപ്പലുകളിൽ ഒന്നാണ് മോർമുഗാവോ.
കപ്പലിൽ നിന്ന് കരയിലേക്കും വായുവിലേക്കും മിസൈൽ വിക്ഷേപിക്കാനുള്ള ശേഷിയും ഈ കപ്പലിനുണ്ട്. ആദ്യ കപ്പലായ ‘വിശാഖപട്ടണം’ 2021 ൽ സേനയുടെ ഭാഗമായിരുന്നു. പദ്ധതിയുടെ ഭാഗമായ മറ്റു 2 യുദ്ധക്കപ്പലുകൾ 2025 ന് അകം കമ്മിഷൻ ചെയ്യും. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് മോർമുഗാവോ നാവികസേനയുടെ ഭാഗമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: