കൊച്ചി:ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണരെ നിയമിക്കുന്നത് ആചാരത്തിന്റെ ഭാഗമാണെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും ഹൈക്കോടതിയിൽ വാദമുയര്‍ന്നു. ശനിയാഴ്ച നടന്ന പ്രത്യേക സിറ്റിങിൽ യോഗക്ഷേമ സഭയാണ് വാദം ഉന്നയിച്ചത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ കേസില്‍ വാദം കേള്‍ക്കുന്നത്. .
കേരളത്തിലെ ബ്രഹ്മണരുടെ സംഘടനയായ യോഗക്ഷേമസഭയ്ക്ക് വേണ്ടി അഡ്വ. ദാമോദരന്‍ നമ്പൂതിരിയാണ് ഹാജരായത്. “അതിപ്രാചീനകാലം മുതല്‍ അനുസരിച്ചുപോരുന്ന സമ്പ്രദായമായതിനാല്‍ ഇക്കാര്യത്തില്‍ തന്ത്രിയുടെ വാദവും കണക്കിലെടുക്കണം. അതുകൊണ്ട് ഈ കേസില്‍ തന്ത്രിയെക്കൂടി കക്ഷി ചേര്‍ക്കണം. ശബരിമല ക്ഷേത്രത്തിലെ സമ്പ്രദായത്തെക്കുറിച്ച് എന്തു ചോദ്യം ഉയര്‍ന്നാലും പന്തളം രാജകുടുംബത്തിന്റെ അഭിപ്രായവും തേടേണ്ടതുണ്ട്. എന്നാല്‍ പന്തളം രാജകുടുംബം ഈ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ ഈ ഹര്‍ജി തള്ളിക്കളയണം. ഗുരുവിന് ശിഷ്യനെ തെരഞ്ഞെടുക്കാനുള്ള അധികാരം പോലെ, തന്ത്രിക്ക് മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനും അധികാരം നല്‍കണം. 26(ബി) വകുപ്പ് മേല്‍ശാന്തിയെ നിയമിക്കാനുള്ള തീരുമാനമെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ള അധികാരത്തെ സംരക്ഷിക്കുന്നു._അഡ്വ. ദാമോദരന്‍ നമ്പൂതിരി വാദിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് അപേക്ഷകൻ കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. .ഇതിനെതിരെ സിജിത്ത് ടി.എൽ, വിജീഷ് പി.ആർ എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചുവരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹർജിക്കാര്‍ വാദിക്കുന്നത്. മലയാള ബ്രാഹ്മണരെ ശബരിമല മേൽശാന്തിയായി നിയമിക്കുന്നത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന 14, 15(1), 16(2) എന്നീ മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിയമങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാന്‍ ഉയര്‍ത്തുന്ന വാദം.
ശബരിമല മേൽശാന്തി നിയമനത്തിനുള്ള നിലവിലെ തിരഞ്ഞെടുപ്പ് രീതി മുൻ കാലങ്ങളിലെ കോടതി വിധികൾ അനുസരിച്ചാണെന്നും അത് കൊണ്ട് തന്നെ ഈ രീതിയിൽ അല്ലാതെ നിയമന വിജ്ഞാപനം പുറപ്പെടുവിക്കാൻ ആകില്ലെന്നും മുൻ മേല്‍ശാന്തിമാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനം പൊതു നിയമനം അല്ലെന്നും അതുകൊണ്ട് തന്നെ ഭരണഘടനയുടെ 15,16 വകുപ്പുകളുടെ ലംഘനം എന്നത് ഉത്ഭവിക്കുന്നില്ലെന്നും പി ബി കൃഷ്ണൻ വാദിച്ചു. ഒരു കോടതി വിധിയെ മറ്റൊരു കോടതി വിധി കൊണ്ട് മറികടക്കാൻ ആകില്ലെന്നും മേല്‍ശാന്തിമാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ പി ബി കൃഷ്ണൻ ചൂണ്ടിക്കാട്ടി. “ഈ കേസില്‍ ബാധിക്കപ്പെടാന്‍ സാധ്യതയുള്ള സമുദായമായതിനാല്‍ മലയാള ബ്രാഹ്മണരുടെ അഭിപ്രായം തേടണം. ക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ട പ്രശ്നമായതിനാല്‍ തന്ത്രിയുടെ അഭിപ്രായവും കേള്‍ക്കേണ്ടതുണ്ട്. അതുപോലെ ശബരിമല ഭക്തരുടെയും കേരളത്തിലെ മറ്റു ദേവസ്വങ്ങളുടെയും വാദവും കണക്കിലെടുക്കണം”. അഡ്വ. പി.ബി. കൃഷ്ണന് വാദിച്ചു.
“ക്ഷേത്രത്തിലെ ശ്രീകോവിലടക്കമുള്ള ഭാഗങ്ങളിലേക്കുള്ള പ്രവേശം നിയന്ത്രിക്കുന്ന നിയമങ്ങള്‍ കോടതിയും അംഗീകരിച്ചിട്ടുള്ളതാണ്. ശ്രീകോവില്‍ പോലെ നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളിലേക്ക് എല്ലാവര്ക്കും പ്രവേശനം നല്‍കണമെന്ന നിയമം സര്‍ക്കാര്‍ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ പ്രശ്നം എന്ത് നിയമം കൊണ്ട് നിയന്ത്രിക്കും എന്ന പ്രശ്നമുദിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമമില്ല, ഭരണഘടനയില്‍ പ്രത്യേക നിര്‍ദേശവുമില്ല. എല്ലാവര്ക്കും പ്രവേശനം അനുവദിക്കാത്ത സാഹചര്യത്തില്‍, അലിഖിത നിയമത്താല്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ഭരണഘടനാ കോടതിയ്ക്ക് ഇക്കാര്യത്തില്‍ ഇടപെടുന്നത് ബുദ്ധിമുട്ടാകും.” – പി.ബി. കൃഷ്ണന് വാദിച്ചു.
ഹർജി ജനുവരി 28ന് പരിഗണിക്കാൻ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: