തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 42.90 ലക്ഷം രൂപ ചെലവിട്ട് പുതുതായി നിര്‍മിച്ച കാലിത്തൊഴുത്തില്‍ പശുക്കള്‍ക്ക് പ്രവേസനം. തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണം പൂര്‍ത്തിയായതോടെയാണ് ആറ് പശുക്കളെ ഇങ്ങോട്ട് മാറ്റിയത്.
പൊതുമരാമത്തു വകുപ്പ് കെട്ടിട വിഭാഗമാണ് രണ്ട് മാസം കൊണ്ട് തൊഴുത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 10 മീറ്റര്‍ നീളത്തില്‍ ചുറ്റുമതിലും നിര്‍മിച്ചു. 800 ചതുരശ്ര അടിയില്‍ നിര്‍മിച്ച തൊഴുത്തില്‍ ഒരേ സമയം ആറ് പശുക്കളെ പാര്‍പ്പിക്കാം. നാല് ഫാനുകളും സ്ഥാപിച്ചു. തൊഴുത്തിനോട് ചേര്‍ന്ന് കാലിത്തീറ്റയും മറ്റും സൂക്ഷിക്കാന്‍ മുറിയും തൊഴിലാളികള്‍ക്കായി വിശ്രമമുറിയും നിര്‍മിച്ചു.
30 വര്‍ഷത്തോളം പഴക്കമുള്ള ക്ലിഫ് ഹൗസ് വളപ്പിലെ നിലവിലെ തൊഴുത്തിന് സൗകര്യക്കുറവ് ഉള്ളതിനാലാണ് മൂന്ന് മീറ്റര്‍ അകലെ പുതിയ തൊഴുത്ത് പണിതത്. എട്ട് പശുക്കളും നാല് കന്നുക്കുട്ടികളുമാണ് ക്ലിഫ് ഹൗസിലുള്ളത്. ആറ് പശുക്കളെ പുതിയ തൊഴുത്തിലേക്ക് മാറ്റിയതോടെ രണ്ട് പശുക്കളും നാല് കന്നുക്കുട്ടികളും പഴയ തൊഴുത്തില്‍ തുടരും. അതേസമയം, പശുക്കള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും വിവാദം ഭയന്ന് ഒഴിവാക്കുകയായിരുന്നു. ഇരുനില തൊഴുത്താണ് നിര്‍മിക്കാന്‍ ആദ്യം ആലോചിച്ചതെങ്കിലും ഓടുമേഞ്ഞ തൊഴുത്തില്‍ നിര്‍മാണം ഒതുക്കി. ഭാവിയില്‍ ഒരു നില കൂടി നിര്‍മിച്ചു ജീവനക്കാര്‍ക്ക് ക്വാര്ടേഴ്സാക്കാനും പദ്ധതിയുണ്ട്.
അതേസമയം, ക്ലിഫ് ഹൗസില്‍ 25.50 ലക്ഷം രൂപ ചെലവിട്ട് പുതുതായി ലിഫ്റ്റ് സ്ഥാപിക്കുന്ന പണികളും പൊതുമരാമത്ത് ഇലക്ട്രികല്‍ വിഭാഗം ആരംഭിച്ചു. ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. രണ്ടു നിലകളുള്ള ക്ലിഫ് ഹൗസ് മന്ദിരത്തില്‍ ഒരു നില കയറാനാണ് ലിഫ്റ്റ് സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: