‘ഈ പരിപ്പ് ഈ വെള്ളത്തില്‍ വേവില്ല മോനേ ആര്‍എസ്എസ്സുകാരാ’ എന്നുപറഞ്ഞ് പരിഹസിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ സ്വരം മാറ്റി. ‘ഞങ്ങള്‍ നിരന്നുനിന്ന് മൂത്രമൊഴിച്ചാല്‍ ഒഴുകി പോകാനേ ഉള്ളൂ ആര്‍എസ്എസ്സുകാര്‍’ എന്നാക്കി. നിരന്നുനിന്ന് മൂത്രമൊഴിച്ചു. എന്നിട്ടെന്തായി. ഒരു ആര്‍എസ്എസ്സുകാരനും ഒഴുകിപ്പോയില്ല. ഇന്നിപ്പോള്‍ ആര്‍എസ്എസ്സിനെ എതിര്‍ക്കാന്‍ പറ്റുന്ന ആരുമായും ചേരും എന്ന മട്ടിലായി. എന്നുവച്ചാല്‍ ഒറ്റയ്ക്കുനിന്ന് എതിര്‍ക്കാന്‍ പറ്റാത്തവിധം ആര്‍എസ്എസ് ശക്തിപ്രാപിച്ചു എന്നല്ലെ അര്‍ത്ഥം. ആര്‍എസ്എസ്സിനെക്കുറിച്ച് പറയുന്നതിനെ അതേരീതിയില്‍ എതിര്‍ക്കാന്‍ പ്രസ്താവനയുമായി അവര്‍ ഇറങ്ങുന്നില്ല. അല്ലെങ്കില്‍ ഇറങ്ങാറില്ല. ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു എന്ന രീതിയില്‍ നിരന്തരം പ്രസ്താവന നടത്തുകയല്ലെ. ഒരുവാക്കെങ്കിലും അതിനെതിരെ ആര്‍എസ്എസ്സ് പറഞ്ഞിട്ടുണ്ടോ? ഗവര്‍ണര്‍ എന്തുചെയ്തിട്ടാണ് ഇങ്ങിനെ പറയുന്നത്? ഒരു ആര്‍എസ്എസ്സുകാരനെയെങ്കിലും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണര്‍ കുത്തിത്തിരുകിയോ? അങ്ങിനെ ഒരാവശ്യം ആര്‍എസ്എസ്സുകാര്‍ ഉന്നയിച്ചോ? ആര്‍എസ്എസ്സ് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. ഇനിയും ഒരുപാടുകാര്യങ്ങള്‍ ചെയ്യാനുണ്ട്.
ആര്‍എസ്എസ് മതസംഘടനയല്ല. ലോകത്തിലെ തന്നെ ഒന്നാന്തരം സേവനസംഘടനയാണ്. സാമൂഹ്യസംഘടനയാണ്. ആര്‍എസ്എസ്സില്ലാത്ത മേഖലയില്ല. ദൈവത്തെക്കുറിച്ച് പറയും പോലെയാണ് ആര്‍എസ്എസ്. എന്നിലുണ്ട്, നിന്നിലുണ്ട്, തൂണിലുണ്ട്, തുരുമ്പിലുണ്ട് എന്നപോലെ. ഏതെങ്കിലും ഒരു പ്രാദേശികസംഘടന ആര്‍എസ്എസ്സിനെ മൂക്കില്‍ വലിച്ചുകയറ്റും എന്നുവീമ്പടിച്ചാല്‍ നടക്കാന്‍ പോകുന്ന കാര്യമല്ല. അടിയന്തിരാവസ്ഥയെ വെല്ലുവിളിച്ച് നടത്തിയ സമരത്തില്‍ എല്ലാം മറന്ന് പോരാടിയ പ്രസ്ഥാനം. അന്ന് എകെജി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം സഖാക്കള്‍ അറിഞ്ഞത് ആര്‍എസ്എസ്സ് അച്ചടിച്ചിറക്കിയ കുരുക്ഷേത്രയിലൂടെയായിരുന്നില്ലേ? ഇത് വല്ലാത്തൊരു സംഘടനയാണെന്ന് അന്ന് എകെജി പറഞ്ഞിരുന്നു. അവരില്‍നിന്ന് പലതും പഠിക്കാനുണ്ടെന്നും പറഞ്ഞതാണ്. ആര്‍എസ്എസ്സിന്റെ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ അടുത്തിടെ പറഞ്ഞത് കെട്ടില്ലെ, ആര്‍എസ്എസ്സിന് രാഷ്ട്രമാണ് വലുത്. അതിനുശേഷമേ മറ്റെല്ലാമുള്ളൂ. അത് സുചിന്തിതമായ അഭിപ്രായമാണ്. അദ്ദേഹം തുടര്‍ന്നു.
കൊളോണിയല്‍ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങളില്‍ നിന്ന് രാജ്യത്തെ പൂര്‍ണമായും മോചിപ്പിക്കണം. മികച്ച ഇന്ത്യയിലേക്ക് കുതിക്കാന്‍ ദേശീയതയിലൂന്നി ഉണരുന്ന സമാജനിര്‍മ്മിതി സാധ്യമാക്കണം. 1947ല്‍ സ്വാതന്ത്ര്യലബ്ധിയോടെ രൂപംകൊണ്ട രാജ്യമല്ല ഇന്ത്യ. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇത് ഇവിടെയുണ്ട്. ലോകത്തിന് സാംസ്കാരിക ജീവിതശൈലി പഠിപ്പിച്ച രാജ്യമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും പുരാതനമായ രാജ്യമെന്ന നിലയില്‍ പിന്നീട് വന്നവര്‍ക്ക് വഴികാട്ടി. രണ്ടായിരം വര്‍ഷമായി ഒരു സൈനികനെപ്പോലും അയയ്ക്കാതെ തങ്ങളുടെ ജീവിതത്തില്‍ ഇന്ത്യ ആധിപത്യം നേടിയെന്ന് പറഞ്ഞത് ചൈനീസ് അംബാസഡറും പണ്ഡിതനുമായ ഹു സി ആണ്. ഇന്ത്യ ഇത് ചെയ്തത് രാഷ്ട്രീയമായല്ല, ആത്മീയമായാണ്.
1947 ആഗസ്ത് 15ന് നമുക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചുവെന്ന് വിശ്വസിക്കുന്നു, എന്നാല്‍ അതിനു ശേഷം ഈ രാജ്യം വികസിച്ചത് തനിമയുടെ അടിസ്ഥാനത്തിലാണോ? അക്കാലത്ത് മഹാത്മാഗാന്ധി, ഗോപാല്‍ കൃഷ്ണ ഗോഖലെ, വീര സവര്‍ക്കര്‍ തുടങ്ങിയ വ്യക്തികള്‍ സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് മുന്നോട്ടുവച്ച ആശയങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടില്ല. അതുകൊണ്ടാണ് സ്വതന്ത്രമായ ശേഷവും നമ്മള് മാനസികമായി അടിമത്തത്തില്‍ തുടര്‍ന്നത്. ‘ഹിന്ദ് സ്വരാജ്’ ചര്‍ച്ച ചെയ്യണമെന്ന് മഹാത്മാഗാന്ധി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന് കത്തെഴുതി. എന്നാല്‍ ആ ചര്‍ച്ച അപ്രസക്തമാണെന്ന് പറഞ്ഞ് നെഹ്രു തള്ളിക്കളഞ്ഞു. കൊളോണിയലിസത്തില്‍ നിന്ന് നമ്മള് മാറുന്നതിന്റെ ലക്ഷണങ്ങള്‍ അടുത്തിടെയായി കാണുന്നു എന്നത് ശുഭകരമാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്തുകളില്‍ ദേശീയ കലണ്ടറിന്റെ തീയതിയുണ്ട്, രാജ്പഥ് ഇപ്പോള്‍ കര്‍ത്തവ്യപഥ് ആയിരിക്കുന്നു, ജോര്‍ജ്ജ് അഞ്ചാമനായി സ്ഥാപിച്ച പീഠത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് അവരോധിക്കപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയവും ഈ ദിശയിലുള്ള ശ്രമമാണ്. ഇതൊന്നും കാണാതെ ആര്‍എസ്എസ്സ് ഉമ്മാക്കി കാട്ടി രാഷ്ട്രീയലാഭമുണ്ടാക്കാന്‍ ആരുശ്രമിച്ചാലും അതു വിലപ്പോകില്ല. അതിന് ശ്രമിക്കുന്നവര്‍ ഒടുവില്‍ പറയേണ്ടിവരും. ഗോവിന്ദ ഗോവിന്ദ എന്ന്.
ഏതായാലും ആര്‍എസ്എസ്സിനെക്കുറിച്ച് പഠിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. പണ്ടിതുപോലെ ചാരന്മാരെ അയച്ച ചരിത്രമുണ്ട്. പിന്നീട് നോക്കുമ്പോള്‍ ആ ചാരന്മാരെല്ലാം ആര്‍എസ്എസ്സുകാരായിതീര്‍ന്നു. അതിര്‍ത്തിയില്‍ യുദ്ധജ്വരം ബാധിച്ച് ചൈന ഉറഞ്ഞുതുള്ളുമ്പോഴാണ് സിപിഎം സെക്രട്ടറി ഗോവിന്ദന് മാസ്റ്ററുടെ ആര്‍എസ്എസ് വിരുദ്ധ പ്രസ്താവന. ചൈനക്കെതിരെ ഒരക്ഷരം പറയാന്‍ ഗോവിന്ദന് മാസ്റ്റര്‍ക്ക് സാധിക്കുമോ? 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ആചാര്യന് ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞ ന്യായമുണ്ടല്ലോ. ‘ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂമി’ എന്ന്. ആ നിലപാട് തന്നെയാണോ ഇപ്പോഴും സിപിഎമ്മിന്. അന്ന് അഞ്ചാം പത്തിയെന്നും ചൈന ചാരന്മാരെന്നും വിളിപ്പേര് സമ്പാദിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍.
മുസ്ലിംലീഗ് വര്‍ഗ്ഗീയ കക്ഷിയല്ലെന്ന വിശേഷണം ലീഗിനെ സന്തോഷിപ്പിച്ചിട്ടുണ്ട്. പക്ഷേ അതൊരു സഖ്യത്തിലേക്കെത്തിച്ചേരില്ലെന്നാണ് അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ഇന്നലെ ലീഗുമായി ചേര്‍ന്നവരാണ്. ഇനി നാളെയും ചേര്‍ന്നേക്കാം. എന്നാല്‍ അടിസ്ഥാനം മറന്ന് ആരൂഢം കെട്ടരുതെന്ന് പറയാറുണ്ടല്ലോ. അതുപോലെയാണ് കമ്മ്യൂണിസ്റ്റുകാരുടെ കഥയും. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ അടിസ്ഥാന വോട്ട് ബാങ്കാണ് ഹിന്ദുക്കള്‍. ലീഗുമായുള്ള സഹവര്‍ത്തിത്തം പഴയതുപോലെ പറ്റില്ല. ആ വോട്ടുബാങ്കില്‍ വെള്ളം കയറും. ഒരുവിധം വള്ളം കൊണ്ടൊന്നും രക്ഷപ്പെടാനൊക്കുന്ന പരുവത്തിലല്ല ഇന്നവര്‍. ശബരിമല വെറും മലയാണെന്ന് കരുതി കളിച്ചപ്പോള്‍ കളി പാളിയതാണ്. ഇനിയും ഒരു പരീക്ഷണം നടത്താനവര്‍ തയ്യാറാകില്ല. അതുകൊണ്ടാണ് ഗോവിന്ദന്റെ അഭിപ്രായത്തെക്കുറിച്ച് മറ്റൊരു നേതാവും പ്രതികരിക്കാത്തത്. ഗോവിന്ദാ ഗോവിന്ദ വിളിയുടെ സാഹചര്യം ഒരുക്കാന്‍ സിപിഎം തുനിയുമോ? തുനിഞ്ഞാല്‍ കളിമാറും, കഥയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: