ന്യൂദല്‍ഹി:മരുന്ന് നിര്‍മ്മാണ വ്യവസായത്തില്‍ ലോകത്തിന്റെ തന്നെ നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യ മാറുന്നതിനിടയില്‍ ഇന്ത്യയുടെ ഈ മേഖലയിലെ പ്രതിച്ഛായ നശിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നോ? അതിന് ലോകാരോഗ്യസംഘടനയും കൂട്ടുനില്ക്കുന്നോ? ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യയുടെ കഫ് സിറപ്പിന് മേല്‍ ലോകാരോഗ്യസംഘടന കെട്ടിവെച്ചത് കൃത്യമായി പരിശോധനകള്‍ നടത്തി സ്ഥിരീകരിക്കുന്നതിന് മുന്‍പെന്ന് ഇന്ത്യയിലെ ഡ്രഗ് കണ്ട്രോളര് ആരോപിച്ചു.
കോവിഡ് വാക്സിന് നിര്‍മ്മിച്ചതിലൂടെയാണ് ഇന്ത്യ മരുന്ന് നിര്‍മ്മാണ രംഗത്ത് ലോകത്തിന്റെ തന്നെ കേന്ദ്രമായി മാറിയത്. ഈ നാളുകളില്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ ഉള്‍പ്പെടെ പ്രശംസ ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ കഫ് സിറപ്പ് കഴിച്ചാണ് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതെന്ന പ്രസ്താവന ലോകാരോഗ്യസംഘടന നടത്തിയത് വേണ്ടത്ര പരിശോധനകള്‍ നടത്തി വസ്തുതകള്‍ സ്ഥിരീകരിക്കുന്നതിന് മുന്പാണെന്ന് ആരോപിച്ച് ഇന്ത്യയുടെ ഡ്രഗ് കണ്ട്രോളര് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണ രംഗത്തെ ആഗോള പ്രതിച്ഛായ തകര്‍ക്കാനാണോ ഇത്തരമൊരു ആരോപണം കൃത്യമായി സ്ഥിരീകരിക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പ്പിച്ചതെന്ന് സംശയിക്കുകയാണ് ഡ്രഗ് കണ്ട്രോളര്. മാത്രമല്ല, ഇത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകളാവുകയും ചെയ്തതോടെ ഇന്ത്യയ്ക്ക് വലിയ നാണക്കേടായി.
ഒക്ടോബര്‍ 10നാണ് ലോകാരോഗ്യസംഘടന ഗാംബിയയിലെ കുട്ടികള്‍ മരിച്ചത് ഇന്ത്യയിലെ കമ്പനി ഉല്പാദിപ്പിച്ച ചുമയുടെ മരുന്ന് കഴിച്ചിട്ടാണെന്ന് സ്ഥിരീകരിച്ചത്. ഇതിന് വേണ്ടത്ര തെളിവുണ്ടെന്നും ലോകാരോഗ്യസംഘടന പ്രസ്താവിച്ചിരുന്നു. ചുമയ്ക്കുള്ള മരുന്നില്‍ ഡൈ എതിലീന്‍ ഗ്ളൈക്കോളോ, എതിലീന്‍ ഗ്ളൈക്കോളൊ അടങ്ങിയതാകാം മരണകാരണമെന്ന ഊഹം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഈ വിഷാംശം ഉള്ളതാണ് മരണകാരണമെന്ന രീതിയിലാണ് ലോകാരോഗ്യസംഘടന വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്ഗനൈസേഷന് (സിഡിഎസ് സിഒ) പരിശോധിച്ചപ്പോള്‍ ചുമയ്ക്കുള്ള മരുന്നില്‍ ഈ വിഷാംശം കണ്ടെത്തിയിരുന്നില്ല.
ഒക്ടോബര്‍ 15, ഒക്ടോബര്‍ 20, ഒക്ടോബര്‍ 29 തീയതികളില്‍ ചുമയുടെ മരുന്നില്‍ വിഷാംശമുള്ളതിന്റെ പരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും ലോകാരോഗ്യ സംഘടന നല്‍കാതിരിക്കുന്നത് എന്തോ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം വര്‍ധിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: