തിരുവനന്തപുരം: കേരളത്തിന് ലഭിക്കാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക സംബന്ധിച്ച വ്യത്യസ്ത കണക്കുകളില്‍ ഒടുവില്‍ സത്യം വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളത്തിന് നിലവില്‍ 780 കോടി രൂപയുടെ കുടിശ്ശിക മാത്രമാണ് കേന്ദ്രം നല്‍കാനുള്ളതെന്ന് ബാലഗോപാല്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 4,466 കോടി രൂപയാണ് നഷ്ടപരിഹാരമായി കേന്ദ്രം തരാനുള്ളതെന്ന് കഴിഞ്ഞ ഒക്ടോബറില്‍ നിയമസഭയിലും 1,548 കോടി ലഭിക്കാനുണ്ടെന്ന് കഴിഞ്ഞ മാസം 14ന് കേന്ദ്രമന്ത്രിക്കു നേരിട്ടു കൈമാറിയ കത്തിലും ബാലഗോപാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെത്തുടര്‍ന്ന് കേരളത്തിന് 4,466 കോടി രൂപ നഷ്ടപരിഹാരം കിട്ടേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ശശി തരൂര്‍ എംപി ആരോപിച്ചിരുന്നു. എന്നാല്‍, 780 കോടി രൂപ മാത്രമേ നല്‍കാനുള്ളൂ എന്നും ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്‌ക്ക് ഈ തുക നല്‍കുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍, തരൂരിനു മറുപടി നല്‍കി. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും കണക്കുകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കെയാണ് 780 കോടി രൂപ തന്നെയാണ് കിട്ടാനുള്ളതെന്ന് തുറന്നുപറഞ്ഞ് സംസ്ഥാന ധനമന്ത്രി രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി എത്ര രൂപയാണ് കേന്ദ്രം നല്‍കാനുള്ളത് എന്ന ശ്രീ.ശശി തരൂര്‍ എംപിയുടെ ലോക് സഭയിലെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ നല്‍കിയ മറുപടി ഉയര്‍ത്തിക്കാണിച്ചുകൊണ്ട് കേരള ഗവണ്‍മെന്റിനെ ഇകഴ്‌ത്തുന്ന പ്രചാരവേലകള്‍ നവമാധ്യമങ്ങളില്‍ കണ്ടു. ഇനി 780 കോടി രൂപ കൂടിയേ കേരളത്തിന് നല്‍കാനുള്ളൂ, എന്നും കേരളത്തിന് അര്‍ഹമായ വിഹിതമൊന്നും കേന്ദ്രം നിഷേധിക്കുന്നില്ല എന്നുമാണ് ചിലരുടെ വാദം.
കഴിഞ്ഞ 5 വര്‍ഷമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ജി.എസ്.ടി നഷ്ടപരിഹാരം 2022 ജൂണിലാണ് അവസാനിച്ചത്. ജി.എസ്.ടി നടപ്പിലായതോട് കൂടി സംസ്ഥാനങ്ങളുടെ വരുമാനത്തിലുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് നഷ്ടപരിഹാരം നല്‍കിപ്പോരുന്നത്. രാജ്യത്തെ ബി.ജെ.പി ഭരിക്കുന്നതുള്‍പ്പടെയുള്ള ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ജി.എസ്.ടി നഷ്ടപരിഹാരം തുടരണം എന്ന നിലപാടുള്ളവരാണ്. പ്രതിവര്‍ഷം 12,000 കോടി രൂപയുടെ കുറവാണ് ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോട് കൂടി കേരളത്തിനുണ്ടായത്. കോവിഡ് മഹാമാരിയും സാമ്പത്തികമാന്ദ്യവും സംസ്ഥാന സമ്പദ് വ്യവസ്ഥകളെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തില്‍ ജി.എസ്.ടി നഷ്ടപരിഹാരം കൂടി അവസാനിച്ചത് സംസ്ഥാനങ്ങളുടെ മേലുള്ള ഇരുട്ടടിയായി മാറി.
ഇതുകൂടാതെ സംസ്ഥാനത്തിന് നല്‍കുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍ഡില്‍ ഈ വര്‍ഷം വന്ന കുറവ് ഏകദേശം 6700 കോടി രൂപയാണ്. ബജറ്റിന് പുറത്തുനിന്നും ധനം സമാഹരിച്ച് പ്രവര്‍ത്തിക്കുന്ന കിഫ്ബി, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ബോര്‍ഡ് എന്നിവയുടെ ബാധ്യതകളും പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ 12500 കോടി രൂപയുടെ അര്‍ഹമായ കടവും സംസ്ഥാനത്തിന് നിഷേധിക്കപ്പെട്ടു. അതില്‍ ഈ വര്‍ഷം മാത്രം 3140 കോടിയാണ് നഷ്ടമാവുന്നത്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ബാക്കി തുകയും കടപരിധിയില്‍നിന്നും കുറവ് ചെയ്യപ്പെടും. അതായത് 24,000 കോടി രൂപയുടെ ആകെ വരുമാനമാണ് നടപ്പുവര്‍ഷം സംസ്ഥാനത്ത് കുറവ് വന്നത്. ഈ സഞ്ചിതനഷ്ടം പരിഹരിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം.
ഇതിനു പുറമേ കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുന്ന ഭാഗത്തിന്റെ 1.92 ശതമാനം മാത്രമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് നിശ്ചയിച്ചത്. പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.875 % ഉണ്ടായിരുന്ന വിഹിതമാണ് കുത്തനെ വെട്ടിക്കുറച്ചത്. 20000 കോടി രൂപയെങ്കിലും ഇത് വഴിയും പ്രതിവര്‍ഷ നഷ്ടമുണ്ട്.
കേരളത്തിന് നിലവില്‍ 780 കോടി രൂപയുടെ കുടിശ്ശിക നല്‍കാനുണ്ട്. അത് ഉടനെ നല്‍കും എന്ന പ്രസ്താവന കൊണ്ട് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം കാട്ടുന്ന അവഗണന നീതീകരിക്കാനാകില്ല. ഏറ്റവും ഒടുവില്‍ നടന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഉള്‍പ്പടെ രാഷ്‌ട്രീയാതീതമായി ഉയര്‍ന്നുവന്ന ആവശ്യം സാമ്പത്തിക ഫെഡറല്‍ മൂല്യങ്ങള്‍ രാജ്യത്ത് സംരക്ഷിക്കപ്പെടണം എന്നുള്ളതാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയൂ. നമ്മുടെ രാജ്യത്തെ പൊതുചെലവിന്റെ 64 ശതമാനവും നിര്‍വ്വഹിക്കുന്നത് സംസ്ഥാന ഗവണ്‍മെന്റുകളാണ്. എന്നാല്‍ നികുതി വരുമാനത്തിന്റെ 37 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നത്. അതിനാല്‍ തന്നെ ജി എസ് ടി ഇനത്തില്‍ പിരിക്കുന്ന വരുമാനത്തിന്റെ 50 ശതമാനം മാത്രം സംസ്ഥാനങ്ങള്‍ക്കും 50 ശതമാനം കേന്ദ്രത്തിനും കിട്ടുന്ന നിലവിലെ രീതി മാറ്റി സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം നല്‍കണം എന്നതുള്‍പ്പടെയുള്ള വിഷയങ്ങളുയര്‍ത്തി രാജ്യത്ത് അതിശക്തമായ ആശയസമരത്തിന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേതൃത്വം കൊടുക്കുകയാണ്. ഈ മുന്നേറ്റത്തെ ദുര്‍ബ്ബലമാക്കാന്‍ ശ്രമിക്കുന്നവരാണ് തെറ്റായ കണക്കുകളും വിഷയ ബാഹ്യമായ പോസ്റ്റുകളുമായി രംഗത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: