ന്യൂയോര്‍ക്ക്: കാശ്മീര്‍ വിഷയം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിച്ച പാകിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ. ലോകം അംഗീകരിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ചോദ്യം ഉയര്‍ത്തേണ്ട ആവശ്യമില്ല. കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ സംരക്ഷിക്കുകയും, അയല്‍രാജ്യത്തെ പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്ത ഒരു രാജ്യത്തിന് ധര്‍മോപദേശം നടത്താന്‍ യോഗ്യതയില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
ഭികരർക്ക് വളരാനും പന്തലിയ്‌ക്കാനും തണലായ രാജ്യം ലോകത്തിന്റെ സമാധാനത്തിന് വെല്ലുവിളിയാണ്. ജമ്മുകാശ്മീർ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമാണ്. ജമ്മുകാശ്മീർ വിഷയം അന്താരാഷ്‌ട്ര വേദികളിൽ പാക്കിസ്ഥാൻ ഉന്നയിക്കുക വഴി ഭീകരതയെ സഹായിക്കുകയാണ് ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനമോ സംഘര്‍ഷങ്ങളോ തീവ്രവാദമോ ആകട്ടെ, നമ്മള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളോടുള്ള പ്രതികരണത്തെ ആശ്രയിച്ചാണ് യു എന്നിന്റെ വിശ്വാസ്യതയെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
പതിനെട്ട് വര്‍ഷം മുമ്പ്, ഡിസംബര്‍ പതിമൂന്നിന് പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ തൊയ്ബ (എല്‍ഇടി), ജെയ്‌ഷെ മുഹമ്മദ് (ജെഎം) എന്നിവയുടെ ഭീകരര്‍ ദല്‍ഹിയിലെ പാര്‍ലമെന്റ് സമുച്ചയം ആക്രമിക്കുകയും വെടിവയ്‌പ്പ് നടത്തുകയും ചെയ്തു. ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.’- അദ്ദേഹം പറഞ്ഞു. യു.എന്‍ കൗണ്‍സിലില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ കാശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: