ചാരുംമൂട് (ആലപ്പുഴ): ഭാര്യയുടെ ശരീരത്തില്‍ ബാധ കയറിയെന്നു പറഞ്ഞ് നിരന്തരം ഉപദ്രവിച്ച കേസില്‍ ഭര്‍ത്താവ് അടക്കം ആറുപേര്‍ പിടിയില്‍. മരണം സംഭവിക്കുമായിരുന്ന മാരകമായ ദേഹോപദ്രവത്തില്‍ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ട യുവതി നൂറനാട് സ്റ്റേഷനില്‍ അഭയം തേടി. കറ്റാനം ഭരണിക്കാവ് ഇലിപ്പക്കുളം പതിനാലാം വാര്‍ഡില്‍ പുതുവച്ചാല്‍ തറയില്‍ അനീഷിന്റെ ഭാര്യയാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ഭര്‍ത്താവ് അടൂര്‍ പഴകുളം പടിഞ്ഞാറുംമുറിയില്‍ ചിറയില്‍ കിഴക്കതില്‍ നൈനാര്ക്കണ്ണ് റാവുത്തറുടെ മകന് അനീഷ് (34), മന്ത്രവാദത്തിന് കൂട്ടുനിന്ന ബന്ധുക്കളായ താമരക്കുളം മേക്കുംമുറിയില്‍ സൗമ്യ ഭവനത്തില്‍ റഹീം മകന് ഷിബു(31), ഷിബുവിന്റെ ഭാര്യ ഷാഹിന(23), ദുര്‍മന്ത്രവാദികളായ പുനലൂര്‍ കുളത്തൂപ്പുഴ തിങ്കള്‍കരിക്കം ചന്ദനക്കാവ് ബിഎംജി സ്കൂളിന് സമീപത്തുള്ള ബിലാല്‍ മന്‍സിലില്‍ സുലൈമാന്‍(52), കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദ്ദീന്‍ മന്‍സില്‍ അന്‍വര്‍ ഹുസൈന്(28), നെല്ലിമൂട് ഇമാമുദ്ദീന്‍ മന്‍സിലില്‍ ഇമാമുദ്ദീന്‍(35) എന്നിവരാണ് പിടിയിലായത്.
നൂറനാട് ആദിക്കാട്ടുകുളങ്ങരയിലുള്ള റബര്‍ തോട്ടത്തിനു നടുവിലായി ഒറ്റപ്പെട്ട വാടക വീട്ടിലാണു ദുര്‍മന്ത്രവാദം നടന്നത്. തിരുവനന്തപുരം ഇന്‍ഫോപാര്‍ക്കിലും ടെക്നോപാര്‍ക്കിലും ജോലി ചെയ്തിരുന്ന വിദ്യാസമ്പന്നയായ യുവതിയാണ് ഇര. യുവതിയുടെ രണ്ടാം വിവാഹത്തിലെ ഭര്‍ത്താവാണ് അനീഷ്. അന്ധവിശ്വാസിയായ അനീഷ് ഭാര്യയുടെ ശരീരത്തില്‍ ജിന്ന് കയറി കൂടിയെന്നു വിശ്വസിപ്പിച്ചാണ് ദുര്‍മന്ത്രവാദികളെ കൂടെ കൂട്ടിയത്. മൂന്നുപ്രാവശ്യം ജിന്ന് ഒഴിപ്പിക്കുന്നതിനായി ഇവര്‍ ആദിക്കാട്ടുകുളങ്ങരയിലെ വാടക വീട്ടില്‍ വന്ന് ബന്ധുക്കളുടെയും ഭര്‍ത്താവിന്റെയും സഹായത്തോടെ ബലാല്‍ക്കാരമായി ദുര്‍മന്ത്രവാദം നടത്തിയതായും യുവതി പോലീസിനു മൊഴി നല്കി. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഇവര്‍ ശേഖരിച്ചു വച്ചിരുന്നതായും വാള്‍കൊണ്ട് ശരീരത്ത് പരിക്കേല്‍പ്പിച്ചതായും യുവതി അറിയിച്ചു. യുവതിയുടെ പരാതിയില്‍ പ്രതികള്‍ക്കെതിരെ നൂറനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. നൂറനാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ശ്രീജിത്ത്. പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍മാരായ നിധീഷ്, രാജീവ്, ജൂനിയര്‍ എസ്ഐ ദീപു പിള്ള, എഎസ്ഐ പുഷ്പന്, സിപിഒമാരായ ശ്രീകല, പ്രസന്ന, രതീഷ്, അരുണ്‍, സന്തോഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: