ന്യൂദല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മുസ്ലിം ലീഗ് നേതാക്കളുടെ അടുപ്പക്കാരനുമായ ടി.ഒ. സൂരജിന്റെ 1.62 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. മുമ്പ് ഇഡി ഇയാളുടെ 10.43 കോടിയുടെ സ്വത്തു കണ്ടുകെട്ടിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ഇയാളുടെ വസ്തുവകകളും ബാങ്കുകളിലെ സ്ഥിരം നിക്ഷേപങ്ങളും ഓഹരി നിക്ഷേപങ്ങളുമാണ് പിടിച്ചെടുത്തത്. അനധികൃത സ്വത്തുകേസിലാണ് നടപടി. സൂരജിന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. വനംവകുപ്പ് റേഞ്ചറായി 1980ല്‍ ജോലിക്കു കയറിയ ഇയാള്‍ക്ക് 94ല്‍ ആണ് ഐഎഎസ് ലഭിച്ചത്. ഇയാള്‍ക്കെതിരെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് ആദ്യം കേസ് എടുത്തത്. പിന്നീട് ഇ ഡി കേസ് ഏറ്റെടുത്തു. സ്വന്തം പേരിലും ഭാര്യയുടെയും മക്കളുടെയും പേരിലും ഭൂമിയും കെട്ടിടങ്ങളും വാഹനങ്ങളും വാങ്ങിക്കൂട്ടിയതായും ഇ ഡി ചൂണ്ടിക്കാട്ടി.
ടി.ഒ. സൂരജിന്റെ മകള്‍ ഡോ. എസ്. റിസാന ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ ഭൂമിതട്ടിപ്പിന് മാറാട് പോലീസ് കേസെടുത്തിരുന്നു. റിസാനയുടെ പേരില്‍ ബേപ്പൂരിലുള്ള 60 സെന്റ് സ്ഥലം വില്‍ക്കാമെന്ന കരാറുണ്ടാക്കി 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് സ്ഥലം മാത്രം നല്കി വഞ്ചിച്ചെന്നായിരുന്നു ബേപ്പൂര്‍ പുഞ്ചപ്പാടം സ്വദേശി സുരേന്ദ്രന്റെ പരാതി. കോടികളുടെ പാലാരിവട്ടം ഫ്ളൈ ഓവര്‍ അഴിമതിക്കേസില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയും ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞ്, എറണാകുളം ജില്ലാ കളക്ടറായിരുന്ന മുഹമ്മദ് ഹനീഷ് എന്നിവര്‍ക്കൊപ്പം സൂരജിനെയും അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: