തിരുവനന്തപുരം: സംസ്ഥാന-ദേശീയ പാതകള്‍ സമഗ്രമായി വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ 1.52 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും. ചില പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്നു തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര റോഡ്-ഗതാഗത-ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി 40,453 കോടി രൂപയുടെ 12 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കും. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ ട്രാവന്‍കൂര്‍ അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‍ സെന്ററില്‍ ഉച്ചകഴിഞ്ഞ് 3.45നാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും. കേന്ദ്ര റോഡ്-ഗതാഗത-ദേശീയപാത സഹമന്ത്രി ജനറല്‍ വി.കെ. സിങ്, വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനത്തെ എന്‍എച്ച് 66 നിര്‍മാണത്തിനും മറ്റു റോഡുകള്‍ക്കും കൂടിയാണ് 1.52 ലക്ഷം കോടി വകയിരുത്തിയിട്ടുള്ളത്. എന്‍എച്ച് 66 ആറുവരിപ്പാത നിര്‍മാണത്തിന് 66,000 കോടിയും മറ്റ് റോഡ് പദ്ധതികള്‍ക്കായി 86,000 കോടിയുമാണ് നീക്കിവച്ചിരിക്കുന്നത്.
അഞ്ച് പുതിയ ബൈപ്പാസുകളുടെ നിര്‍മാണവും മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കുകളും കൂടി ഉള്‍പ്പെടുന്നതിനാണ് ഫï് അനുവദിച്ചത്. നിര്‍ദിഷ്ട വിഴിഞ്ഞം-പാരിപ്പള്ളി ഔട്ടര്‍ റിങ് റോഡിനു പുറമേ, നാഷണല്‍ ഹൈവേ അതോറിറ്റി നടപ്പാക്കുന്ന ഭാരത്മാല പദ്ധതി പ്രകാരം അഞ്ച് ബൈപ്പാസുകളുടെ നിര്‍മാണവും തുടങ്ങും.
കടമ്പാട്ടുകോണം-ചെങ്കോട്ട ഹരിതപാത, തിരുവനന്തപുരം-അങ്കമാലി ബൈപ്പാസ്, പാലക്കാട്-കോഴിക്കോട് ബൈപ്പാസ്, മലപ്പുറം-മൈസൂര്‍ ഹരിതപാത, കൊച്ചി-തൂത്തുക്കുടി അതിവേഗ പാത എന്നിവയാണ് പദ്ധതികള്‍. കടമ്പാട്ടുകോണം-ചെങ്കോട്ട പാതയ്‌ക്കു സ്ഥലമെടുപ്പു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിന് ഉള്‍പ്പെടെയാണ് കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്. റോഡ് വികസനം വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രാദേശിക സമിതികളും മുഖ്യമന്ത്രി ചെയര്‍മാനായി സംസ്ഥാന സമിതിയും രൂപീകരിച്ചിട്ടുണ്ട്.
ഭാരത്മാല പദ്ധതി പ്രകാരം കൊച്ചിയില്‍ ലോജിസ്റ്റിക് പാര്‍ക്കും നിര്‍മിക്കും. കണ്ടയ്നര്‍ ടെര്‍മിനലുകള്‍, കാര്‍ഗോ ടെര്‍മിനലുകള്‍, വെയര്‍ ഹൗസുകള്‍, കോള്‍ഡ് സ്റ്റോറേജ്, വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള യന്ത്രവല്‍ക്കൃത സൗകര്യങ്ങള്‍, മൂല്യവര്‍ധിത സേവനങ്ങളായ കസ്റ്റംസ് ക്ലിയറന്‍സ്, ടെസ്റ്റിങ് സൗകര്യങ്ങള്‍, വെയര്‍ ഹൗസിങ് മാനേജ്മെന്റ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതും റെയില്‍, റോഡ് സൗകര്യമുള്ളതുമായ ചരക്ക് കൈകാര്യം ചെയ്യല്‍ കേന്ദ്രമായിരിക്കും മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക്. ഇവിടേക്ക് ഹൈവേകള്‍, റെയില്‍വെ, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയെ ബന്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: