ന്യൂദല്‍ഹി: പി.ചിദംബരത്തിന്റെ അനുയായി ആണെങ്കിലും ഒരു സ്വതന്ത്ര സാമ്പത്തിക വിദഗ്ധന്‍ എന്നായിരുന്നു മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ പലരും കണ്ടിരുന്നു. ഇദ്ദേഹം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ തുടര്‍ച്ചയായി വിമര്‍ശിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും വസ്തുതയുണ്ടെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി.
ബുധനാഴ്ച രാഹുല്‍ഗാന്ധിയോടൊപ്പം പരസ്യമായി ഭാരത് ജോഡോ യാത്രയില്‍ നടന്നതോടെ രഘുറാം രാജന്‍ ഇതുവരെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത് വ്യക്തവും ഗൂഢവുമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന കാര്യം പരസ്യമായി. എങ്കിലും ഹാവാര്‍ഡ് ബിസിനസ് സ്കൂളില്‍ അടക്കം പഠിപ്പിച്ചിരുന്ന ഒരു സാമ്പത്തിക വിദഗ്ധന്‍ ഇത്രയും തുറന്ന് രാഷ്‌ട്രീയചായ് വ് പ്രകടിപ്പിക്കുന്നെങ്കില്‍ പിന്നില്‍ വ്യക്തമായ കണക്കുകൂട്ടലുകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ ബിജെപി വിലയിരുത്തുന്നത്.
അടുത്ത മന്‍മോഹന്‍ സിങ്ങാകാമെന്ന് ദിവാസ്വപ്നം കാണുകയാണ് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജനെന്ന് ബിജെപി നേതാവ് അമിത് മാളവ്യ. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിയോടൊപ്പം ബുധനാഴ്ച രഘുറാം രാജന്‍ കൂടെ നടന്നതില്‍ അത്ഭുതമൊന്നുമില്ലെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.
“അടുത്ത മന്‍മോഹന്‍ സിങ്ങാകാമെന്ന് വ്യാമോഹിക്കുകയാണ് രഘുറാം രാജന്‍. ഇന്ത്യന്‍ സമ്പദ്ഘടനയെ വിമര്‍ശിക്കുന്ന രഘുറാം രാജന്റെ പ്രസ്താവന അങ്ങേയറ്റം നിറം പിടിപ്പിച്ചതും അവസരവാദപരവുമാണ്.” – അമിത് മാളവ്യ പറഞ്ഞു.
രാജസ്ഥാനിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയിലാണ് ബുധനാഴ്ച രഘുറാം രാജന്‍ പങ്കെടുത്തത്. രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ നടക്കുന്നത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: