ദില്ലി: ചന്ദ്രബോസ് വധക്കേസിൽ കുറ്റവാളിയായ മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെയാണ് സംസ്ഥാനത്തിന്റെ അപ്പീൽ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാൽ വധശിക്ഷ നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
തൃശൂരിലെ ശോഭാ സിറ്റിയിലെ അപാര്‍ട്മെന്‍റില്‍ കാവല്‍ക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ നിഷാമിന്റെ നടപടിയെ രൂക്ഷമായ ഭാഷയിൽ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. തൃശൂര്‍ ശോഭാ സിറ്റിയിലെ ആഡംബര ഫ്ളാറ്റില്‍ കുടുംബത്തോടൊപ്പം താമസക്കുകയായിരുന്നു വന്‍ബിസിനസ്സുകാരനായ മുഹമ്മദ് നിഷാം.തന്റെ ആഡംബരക്കാറായ ഹമ്മര്‍ ഇടിച്ചായിരുന്നു മുഹമ്മദ് നിഷാം ചന്ദ്രബോസിനെ കൊലപ്പെടുത്തിയത്. ഭ്രാന്തമായ ആക്രമണമാണ് ചന്ദ്രബോസിനു നേരേ നിഷാം നടത്തിയതെന്നാണ് വിധിയില്‍ ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന സര്‍ക്കാര്‍ വാദത്തോട് ഹൈക്കോടതി വിയോജിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
മുൻകാല ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് നിഷാം. പരിക്കേറ്റ് മൃത്യപ്രായനായ ചന്ദ്രബോസിനെ നേരെ വീണ്ടും ആക്രമണം നടത്തി. മനസാക്ഷി മരവിപ്പിക്കുന്ന കൃതൃമാണ് നിഷാം നടത്തിയത്. സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് സര്‍ക്കാരിന് വേണ്ടി അപ്പീല്‍ നല്‍കിയിരിക്കുന്നത്. അപ്പീല്‍ നല്‍കാന്‍ നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. സമൂഹത്തിന് നിഷാം വിപത്തും ഭീഷണിയുമാണെന്നും അപ്പീലില്‍ പറയുന്നു.
ജീവപര്യന്തം തടവിനു പുറമെ 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയുമായിരുന്നു തൃശ്ശൂര്‍ സെഷന്‍സ് കോടതി മുഹമ്മദ് നിഷാമിന് വിധിച്ചത്. പിഴത്തുകയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും നിര്‍ദേശിച്ചിരുന്നു. ഈ വിധി ഹൈക്കോടതി പൂര്‍ണമായും ശരിവെച്ചിരുന്നു. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു. ഇത് സുപ്രീം കോടതി തള്ളിയിരുന്നു.
സര്‍ക്കാര്‍ നീക്കത്തില്‍ വൈരുദ്ധ്യം
പക്ഷെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിട്ടയയ്‌ക്കാന്‍ വേണ്ടി തയ്യാറാക്കിയ തടവുകാരുടെ പട്ടികയില്‍ മുഹമ്മദ് നിഷാമിന്റെ പേരുണ്ടായിരുന്നു. അന്ന് ഒരു മാധ്യമം വിവരാവകാശരേഖ വഴി സംഘടിപ്പിച്ച രേഖയിലാണ് കല്ലുവാതുക്കല്‍ മദ്യദുരന്തത്തിലെ പ്രതി മണിച്ചനോടൊപ്പം ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ പേരും ഉള്‍പ്പെട്ടിരുന്നത്. സംഭവം വിവാദമായതോടെ മുഹമ്മദ് നിഷാമിന്റെ പേര് പട്ടികയില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. 2016 ല്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേക ശിക്ഷായിളവ് നല്‍കി വിട്ടയക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കി 2016 ഒക്ടോബര്‍ 17ന് സര്‍ക്കാരിന് സമര്‍പ്പിക്കുകയായിരുന്നു. മൂവായിരത്തോളം തടവുകാരില്‍ 2262 പേര്‍ക്ക് ശിക്ഷായിളവ് നല്‍കണമെന്നായിരുന്നു നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: