ന്യൂദല്‍ഹി: സാങ്കേതിക സര്‍വ്വകലാശാലയിലെ വിസിയായുള്ള നിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടി പുനപരിശോധിക്കണമെന്ന വിസിയായിരുന്ന ഡോ. രാജശ്രീയുടെ ഹര്‍ജി സുപ്രീംകോടതി ഡിവിഷന് ബെഞ്ച് തള്ളി. നേരത്തെ ജസ്റ്റിസുമാരായ എം.ആര്.ഷാ, സി.ടി.രവികുമാര്‍ എന്നിവര്‍ അടങ്ങിയ ഇതേ സുപ്രീംകോടതി ഡിവിഷന് ബെഞ്ചാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 21ന് ഡോ.രാജശ്രീയുടെ വിസി സ്ഥാനം റദ്ദാക്കിയിരുന്നത്. ഈ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. രാജശ്രീ എം.എസ്. നല്കിയ ഹര്‍ജിയാണ് ഇതേ സുപ്രീംകോടതി ഡിവിഷന് ബെഞ്ച് ചൊവ്വാഴ്ച തള്ളിയത്.
ഡോ.രാജശ്രീയുടെ വിസി നിയമനം റദ്ദാക്കിയ നടപടി പുനപരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ എം.ആര്.ഷായും സി.ടി.രവികുമാറും ചൊവ്വാഴ്ച വിധിയ്ക്കുകയായിരുന്നു. അതേ സമയം 2019 മുതല്‍ വിസിയായി ഇരുന്നപ്പോള്‍ വാങ്ങിയിരുന്ന ശമ്പളം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചോ മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചോ ഒക്ടോബര്‍ 21ന്റെ വിധിയില്‍ ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ വിസി ആയിരുന്ന കാലത്തുള്ള പെന്ഷന് ഡോ.രാജശ്രീയ്ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
പിണറായി സര്‍ക്കാരിന് തിരിച്ചടിയാണ് ഈ വിധി. കാരണം വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് സെലക്ഷന് കമ്മിറ്റി ഡോ. രാജശ്രീയുടെ പേര് മാത്രം ശുപാര്‍ശ ചെയ്തത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്നാണ് ആരോപണം. ഈ രീതി യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു സുപീംകോടതി നേരത്തെ വിധിച്ചിരുന്നത്. ഇപ്പോള്‍ ആ വിധി വീണ്ടും ശരിവെച്ചതോടെ വിസി നിയമനത്തിലെ രാഷ്ട്രീയ ഇടപെടലുകള്ക്കെതിരെക്കൂടിയാണ് സുപ്രീംകോടതി പ്രതികരിച്ചിരിക്കുന്നത്.
നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി രാജശ്രീയുടെ കെടിയു വിസിയായുള്ള നിയമനം ഇക്കഴിഞ്ഞ ഒക്ടോബര്‍ 21നുള്ള വിധിയില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നത്. പുനപരിശോധനാഹര്‍ജിയില്‍ ഡോ.രാജശ്രീ ഇരവാദമാണ് ഉയര്‍ത്തിയിരുന്നത്. വിസി സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്ത സെലക്ഷന് കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കില്‍ ആ തീരുമാനത്തിന് നിരപരാധിയായ താന്‍ ഇരയായെന്നായിരുന്നു പുനപരിശോധന ഹര്‍ജിയില്‍ ഡോ.രാജശ്രീ ചൂണ്ടിക്കാട്ടിയത്. ഒക്ടോബര്‍ 21ലെ സുപ്രീംകോടതി വിധി സമൂഹത്തിന് മുന്നിലും സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലും തന്നെ അപമാനിതയാക്കി എന്നും ഡോ.രാജശ്രീ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാദങ്ങളൊന്നും സുപ്രീംകോടതി മുഖവിലയ്ക്കെടുത്തില്ല.
2019 ഫിബ്രവരിയിലാണ് ഡോ.രാജശ്രീയെ സാങ്കേതിക സര്‍വ്വകലാശാല (കെടിയു) വൈസ് ചാന്‍സലറായി നിയമിച്ചത്. ഈ നിയമനം യുജിസി ചട്ടങ്ങള്‍ അനുസരിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ എഞ്ചിനീയറിംഗ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. ശ്രീജിത്താണ് സുപ്രീംകോടതിയെ സമീപിച്ചത്.
2013ലെ യുജിസി ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു നിയമനമെന്നായിരുന്നു ശ്രീജിത്തിന്റെ അഭിഭാഷകന് വാദിച്ചത്. എന്നാല്‍ 2015ലെ യുജിസി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്നായിരുന്നു രാജശ്രീയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ വാദിച്ചത്. എന്നാല്‍ അന്ന് സുപ്രീംകോടതി ഈ വാദമുഖങ്ങള്‍ തള്ളിയാണ് ഡോ. രാജശ്രീയുടെ വിസി നിയമനം റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: