ശ്രീകണ്ഠപുരം: കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ വസിക്കുന്ന ജനങ്ങളെ വിറപ്പിച്ചു കൊണ്ടു കടുവയ്ക്കു പുറകെ പുലിയും ഇറങ്ങിയതായി അഭ്യൂഹം. മലയോര പ്രദേശമായ ഏരുവേശ്ശിയില്‍ പുലിയിറങ്ങിയതായുള്ള അഭ്യൂഹത്തെ തുടര്‍ന്ന് ഈ മേഖലയിലെ ജനജീവിതം സ്തംഭിച്ചു. ഏരുവേശ്ശി പുറഞ്ഞാണിലും വഞ്ചിയം പഞ്ഞിക്കവല അങ്കണവാടിക്ക് സമീപവുമാണ് പുലിയിറങ്ങിയതായി പ്രദേശവാസികള്‍ പറയുന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെയാണ് വഞ്ചിയം പഞ്ഞിക്കവലയിലെ കോട്ടി രാഘവന്റെ വീട്ടിലെ ഗര്‍ഭിണിയായ ആടിനെ അജ്ഞാതീവി കടിച്ചുകൊന്നത്. വീട്ടുമുറ്റത്തെ കൂട്ടില്‍നിന്ന് കടിച്ചുകൊണ്ടുപോയി കുന്നിന്മുകളിലെ പറമ്പില്‍വെച്ച് തലഭാഗം കഴിച്ചശേഷം ഉടല് ഉപേക്ഷിക്കുകയായിരുന്നു. കൂട്ടിലുണ്ടായിരുന്ന മറ്റ് ആടുകളെ ഉപദ്രവിച്ചിട്ടില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും കുടിയാന്മല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇത്രയും വലിയ ആടിനെ കൂട്ടില്‍ നിന്ന് കടിച്ചെടുത്ത് കൊണ്ടണ്ടുപോയതിനാല് പുലിയോ തുല്യശക്തിയുള്ള മറ്റ് ജീവിയോ ആവാമെന്നാണ് വനപാലകരുടെ നിഗമനം. കാല്‍പ്പാടുകളൊന്നും കണ്ടെത്തിയിട്ടുമില്ല. പിന്നാലെ ചെമ്പേരി പുറഞ്ഞാണിലെ ഈട്ടിക്കല്‍ ബിജുവിന്റെ വീടിനടുത്ത പറമ്പില്‍ പുലിയെ കണ്ടതായും പറയുന്നുണ്ട്. ബിജുവിന്റെ ഭാര്യയാണ് പുലിയെ കണ്ടത്.
ഇവിടെയും വനപാലകര്‍ പരിശോധന നടത്തി. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവലും സ്ഥലം സന്ദര്‍ശിച്ചു. ഭീതി വേണ്ടെന്നും ജാഗ്രത കാട്ടണമെന്നും മറ്റ് നടപടികള്‍ അധികൃതര്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഭീതി പടരുന്ന സാഹചര്യത്തില്‍ വലിയ കൂടുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ ഉളിക്കല്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ആറളം ഫാമിലേക്ക് ചേക്കേറിയത് വനം വകുപ്പിന് വീണ്ടും തലവേദനയായിട്ടുണ്ട്. ആറളം ഫാമില്‍ കയറിയ കടുവ അവിടെ തന്നെ തങ്ങുന്നത് വനം വകുപ്പിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇടതൂര്‍ന്ന വനത്തില്‍ ഒളിച്ചു നില്ക്കുന്ന കടുവയുടെ ചിത്രം കഴിഞ്ഞ ദിവസം ആറളം ഫാമിലെ ചെത്തുതൊഴിലാളി പകര്‍ത്തിയിരുന്നു. ഫാമിലെ ചെത്തുതൊഴിലാളിയായ അനൂപ് ഗോപാലാണ് കഴിഞ്ഞ ദിവസം തെങ്ങിന് മുകളില്‍ കയറിയപ്പോള്‍ കാട്ടിനകത്ത് കണ്ട കടുവയുടെ ചിത്രം പകര്‍ത്തിയത്.
ഇതോടെ കടുവ ആറളം ഫാം വഴി കര്‍ണാടക വനത്തിലേക്ക് പ്രവേശിക്കുമെന്ന വനം വകുപ്പിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്. മുണ്ടയാം പറമ്പില്‍ കടുവയെ കണ്ടതിനു ശേഷം ചേടിക്കുളം വയല്‍ വഴി ആറളം ഫാമിലേക്ക് പോയെന്നു വിശ്വസിച്ചിരുന്ന വനം വകുപ്പ് കഴിഞ്ഞ ദിവസം തെരച്ചില്‍ നിര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ആറളം ഫാമില്‍ നിന്ന് കടുവ പുറത്തിറങ്ങാതായതോടെ ഇതു ഫാം തൊഴിലാളികള്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കും കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ്.
ആറളം ഫാം ബ്ലോക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും ഇവിടെ മുടങ്ങിയിരിക്കുകയാണ്.
ആറളത്തുള്ള കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍സ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡ്രോണ്‍ ക്യാമറയാണ് ആറളം മേഖലയില്‍ തമ്പടിച്ച കടുവയെ കണ്ടെത്തുന്നതിനായി കൊണ്ടുവരുന്നത്. മൃഗങ്ങളെ കണ്ടെത്തുന്നതിനായി ആധുനിക ക്യാമറാ സംവിധാനമുള്ള ഡ്രോണുകള്‍ ഉപയോഗിക്കുന്നത് കേരളത്തില്‍ ആദ്യമായാണ്. അഞ്ചുകിലോ മീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ രാത്രിയിലും സെര്‍ച്ച് ലൈറ്റ് ഉപയോഗിച്ചു തെരച്ചില്‍ നടത്തും. തെര്‍മല്‍ ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്കൈ കോപ്റ്റര്‍ എ സിക്സ്, കോഡാ കോപ്റ്റ എന്നീ രണ്ടു ഡ്രോണുകളും 40 എക്സസസ് ക്യാമറയും തെര്‍മല്‍ ക്യാമറയുമാണ് ഡ്രോണില്‍ ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ ചൂട് തിരിച്ചറിഞ്ഞു കണ്ടെത്തുന്ന സംവിധാനം തെര്‍മല്‍ ക്യാമറയിലുണ്ട്. കല്യാണ്‍ സോമന് ഡയറക്ടറായിട്ടുള്ള ടീമില്‍ മൂന്നംഗ സംഘമാണുള്ളത്. ഇവര്‍ അടുത്ത ദിവസം ആറളം ഫാമിലെത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: