ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ‘ധാരണ’യിലെത്തിയതിന്റെ ചില പരസ്യ പ്രഖ്യാപനങ്ങള്‍ അടുത്തദിവസങ്ങളില്‍ കാണുകയുണ്ടായല്ലോ. മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയല്ല എന്നു തുറന്നുപറയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി തയ്യാറായപ്പോള്‍ അക്കാര്യം മറ്റൊരുവിധത്തില്‍ വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും മടിച്ചില്ല. സാധാരണ നിലയ്ക്ക് അത്തരമൊരു പ്രസ്താവന ഇപ്പോള്‍ നടത്തിയത് എന്തിനെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ ബോധ്യമായിട്ടുണ്ടാവണം. കഴിഞ്ഞ കുറേക്കാലമായി മുസ്ലിം ലീഗിലെ ഒരു വലിയ വിഭാഗം പിണറായി സര്‍ക്കാരിനോട് പുലര്‍ത്തിപ്പോരുന്ന അനുഭാവം കാണാതെ പോകാനാവുമോ? താനൊരു മാവിലായിക്കാരനാണ് എന്ന മട്ടില്‍ മുസ്ലിംലീഗിന്റെ ചില മുതിര്‍ന്ന നേതാക്കള്‍ സ്വീകരിക്കുന്ന നിലപാട് ആരെങ്കിലും ശ്രദ്ധിക്കാതെ പോയിട്ടുണ്ടെങ്കില്‍ അവരെ വിവരമില്ലാത്തവര്‍ എന്നേ വിശേഷിപ്പിക്കാനാവൂ. ‘അറക്കല്‍ ബീവിയെക്കെട്ടാന് അര സമ്മതം’ എന്നല്ല ഗോവിന്ദന് മാഷും പിണറായിയും പറഞ്ഞത്. ഇത് ഇനി മനസിലാവാത്തത് കേരളത്തില്‍ യുഡിഎഫിന് നേതൃത്വം കൊടുക്കുന്ന കുറെ കോണ്ഗ്രസുകാര്ക്കുമാത്രമാണ്. അവരോട് സഹതപിക്കാനേ കഴിയൂ.
അന്നേ യോജിച്ചുനീങ്ങിയവര്
ചരിത്രം പരിശോധിച്ചാല്‍ ഒന്ന് വ്യക്തമാവും. സ്വാതന്ത്ര്യ സമരകാലഘട്ടം മുതല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും മുസ്ലിം ലീഗിനും പല കാര്യങ്ങളിലും യോജിപ്പായിരുന്നു. ഇവിടെ ഓര്‍ക്കേണ്ട ഒന്നുണ്ട്. ഇവിടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ലെനിനും അദ്ദേഹം സ്ഥാപിച്ച കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലും നിര്‍ദ്ദേശിച്ചത് ‘ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യലിസത്തെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചുമൊന്നും ഇപ്പോള്‍ പറഞ്ഞുനടക്കേണ്ട’ എന്നും ‘ഗാന്ധിജിയുടെ, അതായത് കോണ്‍ഗ്രസിന്റെ, നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണച്ചാല്‍ മതി’ എന്നുമാണ്. ഇന്ത്യയില്‍ ഉടനെയൊന്നും വിപ്ലവവും സോഷ്യലിസവുമൊക്കെ നടപ്പിലാക്കാനാവില്ല എന്ന് ലെനിന് അപ്പോഴേ നല്ല ബോധ്യമുണ്ടായിരുന്നു എന്നര്‍ത്ഥം. പക്ഷെ കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ സ്വീകരിച്ചത് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ നടത്തുന്ന ശൈലിയായിരുന്നല്ലോ. ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തതും പാകിസ്ഥാന് വാദത്തെ അനുകൂലിച്ചതുമൊക്കെ ചരിത്രം. അന്നുമുതല്‍ക്കെ മുസ്ലിംലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരേമനസോടെയാണ് നീങ്ങിയത്. പിന്നെ സ്വാതന്ത്ര്യത്തിന് മുമ്പുള്ള ലീഗല്ല ഇന്നത്തെ ലീഗ് എന്നൊക്കെ വിശദീകരിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതൊക്കെ സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാം. നെഹ്രുവിനും സര്‍ദാര്‍ പട്ടേലിനും ബിആര്‍ അംബേദ്കര്ക്കുമൊന്നും ഇക്കാര്യത്തില്‍ ഒരു സംശയവുമില്ലായിരുന്നുതാനും. ലീഗ് എന്താണ് എന്നത് അവര്‍ നന്നായി മനസിലാക്കിയിരുന്നു.
ഇനി മുസ്ലിം ലീഗ് എങ്ങിനെയാണ് രൂപപ്പെട്ടത്, എന്തൊക്കെയാണ് അവര്‍ ചെയ്തത് എന്നതു കൂടി പരിശോധിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ 1906 ഒക്ടോബറിലാണ് ഒരു മുസ്ലിം പ്രതിനിധിസംഘം ആദ്യമായി വൈസ്റോയിയെ കാണുന്നത്. സിംലയില്‍ വെച്ച്. ആഗാഖാന്‍ ആ സംഘത്തിന്റെ തലവന്‍. ബ്രിട്ടീഷ് സാമ്രാജ്യത്തിനൊപ്പം നിലകൊണ്ടതിന് പ്രതിഫലമായി അര്‍ഹതപ്പെട്ടത് കിട്ടണം എന്നതായിരുന്നു ആദ്യത്തെ ആവശ്യം. അത് മിന്റോ പ്രഭുവിന്റെ കാലഘട്ടം. അദ്ദേഹം ഇതിനെ ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുന്നു. അതിന് ആ മുസ്ലിം നേതാക്കള്‍ സമ്മതിക്കുന്നു. മതവിഭാഗം എന്നതിലുപരി അവരുടെ രാഷ്ട്രീയ പ്രാധാന്യം കൂടി കണക്കിലെടുത്തും അവര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചും വേണ്ടതു ചെയ്യാമെന്ന ഉറപ്പും മിന്റോ പ്രഭു അന്നു നല്കി. അതിനെക്കുറിച്ച് ലേഡി മിന്റോ പ്രഭു ‘ബ്രിട്ടീഷുകാര്‍ക്കെതിരായ സമരം നടക്കുമ്പോള്‍ 62 ദശലക്ഷം വരുന്ന സമൂഹത്തെ അടര്‍ത്തിയെടുക്കാന്‍ നടത്തുന്ന പ്രഥമ പ്രധാന ശ്രമം’ എന്ന് എഴുതുകയും ചെയ്തു. അതിനുപിന്നാലെയാണ്, 1906 ഡിസംബറില്‍, ആള് ഇന്ത്യ മുസ്ലിം ലീഗ് രൂപമെടുക്കുന്നത്. പിന്നീടങ്ങോട്ട്, പാക്കിസ്ഥാന് രൂപമെടുക്കുന്നതു വരെ, ലീഗ് നേതാക്കള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളും അതിനോട് ബ്രിട്ടീഷുകാര്‍ സ്വീകരിച്ച അനുകൂല നിലപാടും ചരിത്രത്തിന്റെ ഭാഗമാണല്ലോ.
ഇനി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരോ? സ്വാതന്ത്ര്യ സമരത്തോടൊപ്പം, ഗാന്ധിജിയോടൊപ്പം, നിന്നാല്‍ മതി എന്ന് ലെനിന് പറഞ്ഞതു പോലും മറന്നുകൊണ്ട് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വേളയിലും മുമ്പും പിമ്പുമൊക്കെ അവര്‍ കൈക്കൊണ്ടത് ദേശവിരുദ്ധ നിലപാടല്ലേ. രണ്ടുകൂട്ടരുടെയും കാഴ്ചപ്പാടുകള്‍ പ്രത്യക്ഷത്തില്‍ ഭിന്നമാണ് എന്നൊക്കെ തോന്നിപ്പിക്കുമെങ്കിലും അത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടിയായിരുന്നു. ഇന്ത്യാ വിരുദ്ധമായിരുന്നു.
ലീഗ് ആഗ്രഹിച്ചത് കൊടുത്തത് സിപിഎം
മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കിഴക്കന്‍ ഇന്ത്യയും വടക്ക്- പടിഞ്ഞാറന്‍ പ്രവിശ്യയും സ്വയംഭരണാധികാരമുള്ള മത രാഷ്ട്രങ്ങളാവണം എന്നതാണ് മുസ്ലിം ലീഗ് പിന്നീട് ആവശ്യപ്പെട്ടത്. കിഴക്കന്‍ ഇന്ത്യയെക്കുറിച്ചുള്ള വ്യക്തമായ ധാരണപോലും അന്നവര്‍ക്ക് ഉണ്ടായിരുന്നതായി തോന്നുന്നില്ല. മുസ്ലിങ്ങള്‍ക്ക് ശക്തിയുള്ളിടം ഒരു മത രാഷ്ട്രമായി മാറ്റണം എന്നതാണ് യഥാര്‍ഥ നിലപാട്. അത് ഇന്ത്യയെ വിഭജിക്കണം എന്നാഗ്രഹിച്ചു ബ്രിട്ടീഷുകാര്‍ അംഗീകരിച്ചു. അതിനൊപ്പമാണ് അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലകൊണ്ടതെന്ന് സൂചിപ്പിച്ചിരുന്നല്ലോ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍മാരായിരുന്ന മസാസ് ലക്നോവി, മജ്റൂ സുല്‍ത്താന്‍പുരി തുടങ്ങിയവര്‍ അക്കാലത്ത് കവിതകളെഴുതി ഈ നിലപാടിന് ശക്തി പകര്‍ന്നിരുന്നു. അവരുടെ കവിതകള്‍ അന്ന് മുസ്ലിം ലീഗ് സമ്മേളനങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുകയും ചെയ്തിരുന്നു. ‘പാക്കിസ്ഥാന് നമ്മുടേതാണ്, നമ്മുടേതാണ്……’ എന്നും മറ്റുമുള്ള ഗാനങ്ങള്‍ അതില്‍ ചിലതുമാത്രമാണ്.
ബ്രിട്ടീഷുകാര്‍ ഈ മതമൗലിക വാദികള്‍ക്ക് ഇന്ത്യയെ പിളര്‍ത്തി നല്കി. ഒരു മതാധിഷ്ഠിത-ഇസ്ലാമിക രാജ്യവും ഉണ്ടായി. അതിന് സമാനമായ സംഭാവന പിന്നീട് ചെയ്തത് കേരളത്തില്‍ സിപിഎമ്മാണല്ലോ. ആ വസ്തുത വിസ്മരിക്കാന്‍ സാധിക്കുമോ? ബ്രിട്ടീഷുകാര്‍ പാക്കിസ്ഥാന് നല്കിയെങ്കില് ഇന്ത്യയില്‍ ഇതാദ്യമായി മുസ്ലിം ആധിപത്യ ജില്ല നല്‍കിയത് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാരല്ലേ. അത്തരമൊരു ഉറപ്പ് ചോദിച്ചു വാങ്ങിക്കൊണ്ടാണ് അന്ന് 1967ല്‍, ലീഗ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം ആ മുന്നണിയില്‍ കയറിച്ചെന്നത്. കഴിഞ്ഞില്ല, 1968 -ല്‍ കോഴിക്കോട് സര്‍വകലാശാല ഉണ്ടാക്കിയപ്പോള്‍ അതും മലപ്പുറം ജില്ലയിലേക്ക് കൊണ്ടുവന്നു. അന്നുണ്ടായിരുന്നതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലെ സര്‍ക്കാറാണല്ലോ. അങ്ങിനെ പലതും അന്ന് ലീഗ് ചോദിച്ചുവാങ്ങി. മതത്തിന്റെ പേരില്‍. ഹിന്ദുവിരുദ്ധ നിലപാടുകളും സിപിഎം പലപ്പോഴായി അന്നൊക്കെ എടുത്തിരുന്നല്ലോ.
പുതിയ ഓഫറുകള്‍
ഇന്നിപ്പോള്‍ ഇടതുപക്ഷ മുന്നണിയിലേക്ക് വരുമ്പോള്‍ ലീഗ് എന്തൊക്കെ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിരിക്കും? മുസ്ലിം ലീഗ് നേതാക്കള്‍ തന്നെ രഹസ്യമായും സ്വകാര്യമായും പറയുന്ന പലതുമുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ അവര്‍ക്കുള്ള രണ്ടു സീറ്റുകള്‍ക്കൊപ്പം മറ്റൊന്നുകൂടി ലഭിക്കുമത്രേ, വയനാട് മണ്ഡലം. അതായത് ഈ ഇടപാട് നടക്കുമ്പോള്‍ ആദ്യ നഷ്ടമുണ്ടാവുക സിപിഐക്കാവുമെന്ന്. മറ്റൊന്ന് രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാന്‍ മറ്റൊരിടം കോണ്‍ഗ്രസിന് കണ്ടെത്തേണ്ടിയും വരും. പിന്നെ ലീഗിന്റെ മന്ത്രിമാരുണ്ടാവണമല്ലോ. മുമ്പ് അഞ്ചാം മന്ത്രിക്ക് വേണ്ടി ബലംപിടിച്ചവരാണ് അവര്‍. ഇവിടെ എന്ത് കൊടുക്കേണ്ടിവന്നാലും അപ്പോഴും വലിയതോതില്‍ നഷ്ടമുണ്ടാവാന്‍ പോകുന്നത് വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തന്നെയാവും. ഇന്നിപ്പോള്‍ ഒന്നിലേറെ മന്ത്രിമാരുള്ള ഒരു പാര്‍ട്ടി അതാണല്ലോ.
ഇതിനേക്കാള്‍ പ്രധാനപ്പെട്ട ഒരു ‘ഓഫര്‍’ കൂടി സിപിഎം കൊടുത്തിട്ടുണ്ടെന്ന് കരുതുന്നവരുണ്ട് ലീഗിലും. മറ്റൊരു മുസ്ലിം ജില്ല എന്നതാണത്. മലപ്പുറം ജില്ലയെ രണ്ടായി വിഭജിച്ചുകൊണ്ട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മറ്റൊരു ജില്ല എന്ന ആവശ്യം പണ്ട് യൂത്ത് ലീഗും പിന്നീട് പോപ്പുലര്‍ ഫ്രണ്ടുമൊക്കെ ഉന്നയിച്ചിരുന്നു. പട്ടാമ്പി- തൃത്താല പോലുള്ള മേഖലകള്‍ ഉള്‍പ്പെടുത്തി, ഗുരുവായൂര്‍ വരെ നീളുന്ന ചില നിര്‍ദ്ദേശങ്ങള്‍ അന്ന് പറഞ്ഞു കേട്ടിരുന്നതുമാണ്. അതായിരിക്കണം ഇന്ന് മുസ്ലിം ലീഗിന്റെ മനസ്സില്‍. തിരൂരില്‍ തുഞ്ചത്ത് ആചാര്യന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നതില്‍ കൈകോര്‍ക്കുന്ന ലീഗിനും സിപിഎമ്മിനും ജിഹാദി ശക്തികള്‍ക്കും വേറെയും വിവിധ കാര്യങ്ങളില്‍ പലപ്പോഴും സമാനനിലപാടുകള്‍ ഉണ്ടായിട്ടുണ്ടല്ലോ. എന്തായാലും ലീഗിന്റെ ഇടതുപക്ഷത്തേക്കുള്ള ചുവടുവെപ്പ് വലിയൊരു രാഷ്ട്രീയ ചതുരംഗക്കളി തന്നെയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: