പി.ശിവപ്രസാദ്
അടുത്തക്കാലത്ത് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത രണ്ട് സിനിമകളില്‍ എടുത്തു പറയേണ്ടവയാണ് പത്മയും, കുമാരിയും. രണ്ട് സിനിമകളെക്കുറിച്ചും സംസാരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസിലേക്ക് ആദ്യം വരുന്ന മുഖം നടി സുരഭിലക്ഷ്മിയുടേതായിരിക്കും. മലയാളത്തില്‍ ഇന്ന് തിളങ്ങി നില്ക്കുന്ന താരങ്ങളില്‍ ഒരാളാണ് സുരഭി ലക്ഷ്മി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ സുരഭി ഏവരുടെയും മനസുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് മലബാറിന്റെ സൗന്ദര്യം എന്നറിയപ്പെട്ട ഭാഷാശൈലിയിലൂടെയാണ്. ടെലിവിഷന്‍, നാടക രംഗത്ത് നിന്ന് സിനിമാ ലോകത്തേയ്ക്ക് ചേക്കേറിയ താരം, 2016ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വാങ്ങി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു.
അടുത്തിടെയാണ് നടന് അനൂപ് മേനോന് നിര്‍മ്മാണം വഹിച്ച പത്മ തീയേറ്ററുകളില്‍ എത്തിയത്. ഭാര്യ ഭര്ത്താക്കന്മാരുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തിയത് സുരഭിയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും എത്തിയിരുന്നു. പത്മയിലെ സുരഭിയുടെ അഭിനയ മികവ് പ്രേക്ഷകരെ തെല്ലും ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്. നിര്‍മ്മാണത്തിന് പുറമെ, അനൂപ് മേനോന് കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു പത്മ. ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെട്ടതായിരുന്നു ചിത്രം. മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന ചിത്രം പല വീട്ടമ്മമാരെയുമാണ് വരച്ചു കാണിച്ചത്.
പത്മയില്‍ എല്ലാം മനസിലൊതുക്കി ചിരിച്ച് കഴിയുന്ന പത്മയെയാണ് കണ്ടതെങ്കില്‍ നടി ഐശ്വര്യ ലക്ഷ്മിയും ഷൈന്‍ ടോം ചാക്കോയും ഒന്നിച്ച കുമാരിയില്‍ ആരും ഇതുവരെ കാണാത്ത മുഖമാണ് സുരഭി ലക്ഷ്മി സമ്മാനിച്ചത്. ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയതോടെയാണ് സുരഭി ലക്ഷ്മി എന്ന നടിയുടെ അഭിനയ പാടവം പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ചാത്തനെ ആരാധിക്കുന്നവളായി എത്തിയ സുരഭി കോഴിക്കോട്ടുകാരിയായിട്ടില്ല, മറിച്ച് കാട്ടില്‍ വസിച്ച് ചാത്തനെ ആരാധിക്കുന്ന ഗോത്ര സ്ത്രീയായിരുന്നു. ആദ്യ കാഴ്ചയില്‍ സുരഭി തന്നെയാണോ ഇത് എന്ന് തോന്നിപ്പിക്കും വിധം അഭിനയിച്ചു ഫലിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ, തന്റെ മാസ്റ്റര്‍പീസായ കോഴിക്കോട് ഗ്രാമീണ ഭാഷയെ മാറ്റി നിര്‍ത്തി പ്രത്യേകതരം സംസാരരീതിയാണ് സുരഭി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. തനി ഗോത്രവിഭാഗക്കാരിയായി മാറുകയായിരുന്നു യഥാര്‍ത്ഥത്തില്‍ അവര്‍. കണ്ണുകള്‍ വരെ ചിത്രത്തിലെ കഥാപാത്രത്തിന് അനുസരിച്ച് ചലിച്ചു എന്നതും ശ്രേദ്ധയമാണ്.
മലയാള സിനിമാ ലോകത്തിന് ഇന്ന് ഒഴിച്ചു കൂടാനാവാത്ത നടിയാണ് സുരഭി ലക്ഷ്മി എന്ന് നിശേഷം പറയാന്‍ മേല്പറഞ്ഞ പത്മ, കുമാരി എന്ന ചിത്രങ്ങളിലൂടെ പറയാന്‍ സാധിക്കും എന്നതില്‍ സംശയമില്ല. ടൊവിനോ തോമസ് ത്രിപ്പിള്‍ റോളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയില്‍ അഭിനയിക്കുകയാണ് താരമിപ്പോള്‍. ടൊവിനോ നായികയായ എത്തുന്ന ചിത്രമുള്‍പ്പടെ മലയാളത്തില്‍ തിരക്കേറിയ നായികയായി മാറിയിരിക്കുകയാണ് സുരഭി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: