അഹമ്മദാബാദ്: ബിജെപി ചരിത്രവിജയം നേടിയ ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെക്രട്ടേറിയറ്റിന് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ വ്രത് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആദ്ധ്യാത്മിക സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാനെത്തും.
പട്ടേലിനൊപ്പം പുതിയ ചില മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനയുണ്ട്. കനു ദേശായി, രാഘവ്ജി പട്ടേല്‍, റുഷികേശ് പട്ടേല്‍, ഹര്‍ഷ് സംഘവി, ശങ്കര്‍ ചൗധരി, പൂര്‍ണേഷ് മോദി, മനീഷ വക്കീല്‍, രമണ്‍ലാല്‍ വോറ, രമണ്‍ പട്കര്‍ എന്നിവര്‍ മന്ത്രിസഭയില്‍ അംഗമാകുമെന്നാണ് സൂചന. 182 അംഗ നിയമസഭയില്‍ 156 സീറ്റുകള്‍ നേടി റിക്കാര്‍ഡ് വിജയത്തോടെയാണ് ബിജെപി തുടര്‍ച്ചയായ ഏഴാം തവണയും അധികാരത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: