കേരളത്തില്‍ നിന്നുള്ള ഇടതു-വലത് എംപിമാരാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ‘പ്രൊപ്പഗേന്റ’യ്ക്കായി ഏറ്റവുമധികം സമയം മെനക്കെടുത്തുന്നതെന്നത് പരസ്യമായ രഹസ്യമാണ്. ശൂന്യവേളയിലും ചോദ്യോത്തര വേളയിലും മാത്രമായി ‘സഭയില്‍ സജീവമാകുന്ന’ ഈ എംപിമാര്‍ പലപ്പോഴും കേരളത്തിലെ പൊതുജനങ്ങള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാരിനെതിരായ തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് പെരുമാറുന്നതും. പ്രൊപ്പഗേന്റയ്ക്കായി ഏതറ്റം വരെയും പോകുന്ന കേരളാ എംപിമാരുടെ നുണപ്രചാരണ നീക്കങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ ദൃശ്യമായത്.
2018ലെ പ്രളയകാലത്ത് കേരളത്തിലേക്ക് അധികമായി നല്കിയ ഭക്ഷ്യ ധാന്യങ്ങള്‍ക്ക് പണം ആവശ്യപ്പെട്ടത് മലയാളികളോടുള്ള ദ്രോഹമായി അവതരിപ്പിച്ചുകൊണ്ട് ജോസ്.കെ. മാണി എംപി രാജ്യസഭയില്‍ പ്രചാരണം നടത്തിയപ്പോള്‍ ശക്തമായ താക്കീതോടെയുള്ള മറുപടിയുമായി കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയല്‍ തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമായി. ദേശീയ ദുരന്ത നിവാരണ ഫണ്ടും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടും ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആവശ്യമായ ചെലവുകള്ക്കായുള്ളതാണെന്നും ജോസ്. കെ മാണിക്ക് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു. എല്ലാ വര്‍ഷവും പ്രളയമുണ്ടാകുന്ന ഒഡീഷയിലും ബംഗാളിലും അസമിലുമെല്ലാം എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ഉപയോഗിച്ചാണ് ഇത്തരം ചെലവുകള്‍ നിര്‍വഹിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സംസ്ഥാനം ദയനീയമായി പരാജയപ്പെട്ടതായും പീയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി.
ആഗോള വിശപ്പ് സൂചികയില്‍ പാക്കിസ്ഥാനും പിന്നിലായി ഇന്ത്യ പോയെന്നും ഇതിന് വിശദീകരണം നല്‍കണമെന്നുമായിരുന്നു ജോസ്.കെ മാണിയുടെ മറ്റൊരാവശ്യം. സ്വകാര്യ സന്നദ്ധ സംഘടനകള്‍ വിശപ്പുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ വെച്ച് തയ്യാറാക്കുന്ന റിപ്പോര്ട്ടുകളിന്മേല് മറുപടി നല്‍കാനാവില്ലെന്ന് കേന്ദ്രമന്ത്രി മറുപടി നല്കി. സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചുകൊണ്ട് വേണം അംഗങ്ങള്‍ സംസാരിക്കേണ്ടതെന്നും ഗോയല്‍ പറഞ്ഞു. ജോസ് കെ മാണിയുടെ നടപടിയോട് രാജ്യസഭാധ്യക്ഷന് ജഗ്ദീപ് ധന്‍കറും വിയോജിച്ചു. സ്വകാര്യ പഠനങ്ങള്‍ സഭയില്‍ ഉന്നയിക്കും മുമ്പ് അവ പരിശോധിക്കണമെന്ന് സഭാധ്യക്ഷന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
രാജ്യത്തെ കായിക വികസനത്തെപ്പറ്റിയുള്ള ചര്‍ച്ചയിലായിരുന്നു സിപിഎം എംപിയായ എ.എം ആരിഫിന്റെ വക ‘വാട്ട്സാപ്പ് യൂണിവേഴ്സിറ്റി’ പ്രചാരണം. പതിനായിരങ്ങള്‍ക്കിരിക്കാവുന്ന ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ ഖത്തര്‍ നിര്‍മ്മിക്കുമ്പോള്‍ ഇന്ത്യ പ്രതിമ മാത്രമാണ് നിര്‍മ്മിക്കുന്നതെന്നായിരുന്നു ആരിഫിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസങ്ങളായി ഇടതു കേന്ദ്രങ്ങള്‍ വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചിരുന്ന പോസ്റ്റിനെ അതേപടി ലോക്സഭയില്‍ എടുത്തിടാന്‍ ആരിഫിന് യാതൊരു മടിയുമുണ്ടായില്ല എന്നതാണ് ശ്രദ്ധേയം. ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്കിരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഗുജറാത്തില്‍ നിര്‍മ്മിച്ചതടക്കം രാജ്യത്ത് അടുത്തിടെ നിര്‍മ്മിച്ച വലിയ സ്റ്റേഡിയങ്ങളുടെ എണ്ണം വ്യക്തമാക്കുന്ന മറുപടികള്‍ വാട്ട്സാപ്പിലൂടെ തന്നെ പ്രചരിക്കുന്നതിനാല്‍ ആരിഫ് എംപിക്ക് അവ വായിച്ച് യാഥാര്‍ത്ഥ്യം മനസ്സിലാക്കാനാവും.
നൂറുവര്‍ഷത്തിനിടെ ഒരു മെഡല്‍ മതിയെന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരിഫിന്റെ മറ്റൊരു കണ്ടെത്തല്‍. ഖേലോ ഇന്ത്യയും ടോപ്പും പോലുള്ള നിരവധി കായിക പദ്ധതികള്‍ വഴി 2028ലേയും 2032ലേയും കായികതാരങ്ങളെ വാര്‍ത്തെടുക്കാനുള്ള വലിയ ദൗത്യത്തിലാണ് കേന്ദ്രകായികമന്ത്രാലയം. 2014ല്‍ 1,219 കോടി ആയിരുന്ന ബജറ്റ് വിഹിതം 2022ല്‍ 3,062 കോടിയായാണ് ഉയര്‍ന്നിരിക്കുന്നത്. 2014ന് മുമ്പ് കായിക താരങ്ങള്‍ക്ക് പരിശീലനത്തിനായി വ്യക്തിപരമായി നല്‍കിയിരുന്ന കേന്ദ്രധനസഹായം 16 വര്‍ഷം 86 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ടുകൊല്ലം കൊണ്ട് വിദേശത്തടക്കം പോയി വിദഗ്ധ പരിശീലനം നേടാനായി കായികതാരങ്ങള്‍ക്ക് നല്‍കിയത് 300 കോടി രൂപയാണ്. ഇതിന്റെ ഫലമായാണ് ഒളിംപിക്സിലെ ഇന്ത്യന്‍ മെഡല്‍ നേട്ടങ്ങള്‍ ഉയര്‍ന്നതെന്നത് ആരിഫ് മനപ്പൂര്‍വ്വം വിസ്മരിക്കുകയാണ്.
ഖേലോ ഇന്ത്യ മാത്രമേ കേന്ദ്രസര്ക്കാരിനുള്ളന്നെ് ആരിഫ് പരിഹസിക്കുമ്പോള്‍ 27,000 കായികതാരങ്ങളാണ് ഖേലോ ഇന്ത്യയില്‍ പങ്കെടുത്തത് എന്നത് വിസ്മരിക്കുകയാണ്. 12 ദേശീയ റിക്കോര്‍ഡുകളും ഖേലോ ഇന്ത്യയില്‍ തകര്‍ക്കപ്പെട്ടു. അതില്‍ 11എണ്ണവും വനിതകളായിരുന്നു എന്നതും ആരിഫറിയാന് വഴിയില്ല. ഗ്രാമീണ മേഖലകളില്‍ ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയത് 700 ഖേലോ ഇന്ത്യാ കേന്ദ്രങ്ങളാണെന്ന് കേന്ദ്രകായികമന്ത്രി അനുരാഗ് താക്കൂര്‍ സഭയെ അറിയിച്ചു.
യുവാക്കള്‍ ലഹരിക്കടിമകളാകുന്ന കാലത്ത് കായികമന്ത്രാലയം പരാജയമാണെന്ന ആരിഫിന്റെ വാക്കുകള്‍ കൂടുതല്‍ ചേരുക കേരളത്തിലെ സാഹചര്യങ്ങളിലാണെന്ന് സംസ്ഥാനത്തെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. പ്രതിമാസം അയ്യായിരത്തിലധികം മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേരളത്തില്‍ യുവജനതയെ കായികമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. കൈവിരലില്‍ എണ്ണാവുന്ന കായിക താരങ്ങളെ മാത്രമാണ് ദേശീയ തലത്തിലേക്കെങ്കിലും എത്തിക്കാന്‍ അടുത്തിടെ നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സാധിച്ചിരിക്കുന്നത്. കേരളത്തിന്റെ കായിക മേഖല അനുദിനം തളരുകയാണെന്ന് വ്യക്തമാക്കുന്ന കാഴ്ചകളാണ് കായികമേള നമുക്ക് സമ്മാനിച്ചിരിക്കുന്നത്.
ഏകീകൃത സിവില്‍ നിയമം വേണമെന്നാവശ്യപ്പെട്ട് ബിജെപി എംപി കിരോഡിലാല്‍ മീണ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത് തടഞ്ഞുകൊണ്ടായിരുന്നു കേരളത്തിലെ ഇടതു വലത് എംപിമാരുടെ മറ്റൊരു നാടകം. ബില്ലവതരണം തടയാനായി സിപിഎം എംപിമാര്‍ കാട്ടിക്കൂട്ടുന്ന പരാക്രമം പരിഹാസ്യമാണ്. സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ഏതൊരംഗത്തിനും അവകാശമുണ്ടെന്നിരിക്കെ ആരെ പ്രീണിപ്പിക്കാനാണ് ഇത്തരം നടപടികളെന്ന് അവര്‍ സ്വയം പരിശോധിക്കേണ്ടതാണ്. ബിജെപി എംപി ബില്ലവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് സമുദായ സംരക്ഷകരുടെ വേഷം അണിയുന്ന ഇടത് എംപിമാരുടെ ഏക ലക്ഷ്യം മുസ്ലിം വോട്ട് ബാങ്കും മുസ്ലിം ലീഗും മാത്രമാണ്. കോണ്‍ഗ്രസുകാര്‍ ബില്ലവതരണത്തെ എതിര്‍ക്കാന്‍ എത്താതിരുന്നതിന്റെ പേരില്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന വിവാദത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രവും സിപിഎം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: