കാഞ്ഞാണി (തൃശൂര്‍): ശമ്പളം ലഭിക്കാതെ വന്നതോടെ വൈദ്യുതി ബില്‍ കുടിശിക വന്ന കെഎസ്ആര്‍ടിസി ജീവനക്കാരന്റെ വീട്ടിലെ ഫ്യൂസ് ഊരി മാറ്റി കെഎസ്ഇബി. എന്നാല്‍ അതേ കെഎസ്ഇബി സെക്ഷനിലെ സീനിയര്‍ സൂപ്രണ്ടും കാഷ്യറും ചേര്‍ന്ന് ബില്‍ തുക പങ്കിട്ടടച്ച് കെഎസ്ആര്‍ടിസി ഡ്രൈവറുടെ കുടുംബത്തില്‍ പ്രകാശം പരത്തിയത് വേറിട്ട കാഴ്ച്ചയായി.
കെഎസ്ആര്‍ടിസിയില്‍ 15 വര്‍ഷമായി ഡ്രൈവറായി ജോലി നോക്കുകയാണ് മനക്കൊടി കിഴക്കുമ്പുറം സ്വദേശി വാത്തിയത്ത് വീട്ടില്‍ വി.ജി. സുശീലന് എന്ന 50 കാരന്. സുശീലന്റെ വരുമാനം കൊണ്ടാണ് ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞു പോകുന്നത്. വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ നിന്നു ലഭിക്കുന്ന ശമ്പളം മാത്രമാണ് ഇവരുടെ ഏക ആശ്രയം. കെഎസ്ആര്‍ടിസിയില്‍ ശമ്പളക്കുടിശ്ശിക വന്ന സമയം മുതലാണ് ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നത്. ലോണുകള്‍ക്കും മറ്റും പലിശ വര്‍ധനവും തിരിച്ചടവു മുടങ്ങിയും കുറച്ചുകാലം ബുദ്ധിമുട്ടി. വീണ്ടും ഒരുകണക്കിന് മുന്നോട്ടു പോകുന്നതിനിടയിലാണ് വീട്ടിലെ കറന്റ് ബില്‍ അടയ്ക്കാന്‍ പറ്റാതെ വന്നത്. 5 ാം തിയതിക്കു മുന്‍പ് ശമ്പളം കൊടുക്കുമെന്ന് കെഎസ്ആര്‍ടിസി പറഞ്ഞെങ്കിലും സുശീലന് ശമ്പളം കിട്ടിയില്ല. തുടര്‍ന്ന് 2188 രൂപയുടെ വൈദ്യുതി ബില്‍ കുടിശികയായതിനെ തുടര്‍ന്ന് ഡിസ്കണക്ഷന് ചെയ്യേണ്ട ദിവസമെത്തിയപ്പോള്‍ കെഎസ്ഇബി 2 ദിവസത്തെ അവധി കൂടി പൈസയടക്കാന്‍ വേണ്ടി സുശീലന് നല്കി.
ശമ്പളം കിട്ടാതെ വന്നതോടെ ബില്‍ അടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 9 ാം തിയതി കെഎസ്ഇബി ജീവനക്കാരെത്തി സുശീലന്റെ വീടിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ബില്‍ തുക അടയ്ക്കാനായി പലിശക്ക് വരെ പണം കടമെടുക്കാന്‍ നോക്കിയെങ്കിലും പെട്ടെന്ന് നടന്നില്ല. വെള്ളവും വെളിച്ചവുമില്ലാതെ വലഞ്ഞ സുശീലന്റെയും കുടുംബത്തിന്റെയും നിസ്സഹായാവസ്ഥ കണ്ട് മനസലിഞ്ഞ കുന്നത്തങ്ങാടിയിലെ അരിമ്പൂര്‍ കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് സചിത് കുമാര്‍, കാഷ്യര്‍ വി.വി. സുര്‍ജിത് എന്നിവര്‍ ചേര്‍ന്ന് സുശീലന്റെ വൈദ്യുതി ബില്‍ സ്വന്തം കയ്യില്‍ നിന്ന് കാശെടുത്ത് അടച്ച് പരിഹാരമുണ്ടാക്കുകയായിരുന്നു. ശമ്പളം കിട്ടിയ ശേഷം പൈസ തിരികെ തന്നാല്‍ മതിയെന്ന് ഇരുവരും സുശീലനെ അറിയിച്ചു. കേരള ഫുട്ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനാണ് സുര്‍ജിത്. മാതൃകാപരമായ പ്രവൃത്തികള്‍ ചെയ്ത കെഎസ്ഇബി ജീവനക്കാരെ നാട്ടുകാരും സഹപ്രവര്‍ത്തകരും അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: