ചെന്നൈ : മാന്‍ഡോസ് ചുഴലിക്കാറ്റ് ശനിയാഴ്ച പുലര്‍ച്ചയോടെ തമിഴ്നാട് തീരം തൊടുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. തമിഴ്നാട്ടിലെ കാരക്കലിന് സമീപത്തേയ്ക്ക് പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് എത്തുമെന്നാണ് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ചുഴലിക്കാറ്റിനെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതുച്ചേരിയിലും തമിഴ്നാട്ടിലും സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മുന്നൊരുക്കത്തിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളെയും പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്.
തമിഴ്നാട്ടില്‍ ഉച്ചയോടെ ശക്തമായ മഴയും കാറ്റും തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുചേരി മുതല്‍ ചെന്നൈ വരെയാണ് കാറ്റിന്റെ പ്രധാന സ്വാധീന മേഖല. നിലവില്‍ ചുഴലികാറ്റ് മഹാബലിപുരത്തു നിന്ന് 230 കിലോമീറ്റര്‍ ദൂരെയാണ്. അതായത് ചെന്നൈയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ.
ഇന്ന് രാത്രി 11 മണിയോടെ മഹാബലിപുരത്തിനു തെക്കായി വില്ലുപുരത്തെ ‘ മരക്കാനം’ തീരത്തേയ്ക്കെത്തും. നിലം തൊടുമ്പോള്‍ ഏകദേശം 70-100 കിലോമീറ്റര്‍ വേഗതയിലുള്ള ചുഴലികാറ്റ് ആകാനാണ് സാധ്യത. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴക്ക് സാധ്യതയുണ്ട്. ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുള്ളതായും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: