ഇന്ത്യാചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടാന്‍ പോകുന്നതാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്നതില്‍ ബിജെപിയുടെ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് പോലും എതിരഭിപ്രായമുണ്ടാവാന് ഇടയില്ല. 27 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനൊടുവില്‍ ഇതുവരെ ആര്‍ക്കും ആര്‍ജിക്കാനാവാത്ത ഉജ്വല വിജയം നരേന്ദ്രമോദി- അമിത്ഷാ-ജെ.പി.നദ്ദ-ബിഎല്‍ സന്തോഷ് ടീം സമ്മാനിച്ചിരിക്കുന്നു. അതെ, ഈ രാഷ്ട്രത്തിന്റെ രാഷ്ട്രീയത്തിന് കടിഞ്ഞാണ്‍ പിടിക്കുന്ന ആ പ്രഗത്ഭ നേതാക്കള്‍ക്ക് ഗുജറാത്ത് ജനത നല്കിയ സമ്മാനം കൂടിയാണിത്. ഇവിടെ ഇതിനൊക്കെ നേതൃത്വമേകിയവരില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്രഭായ് പട്ടേലിനെ വിസ്മരിച്ചതല്ല. ഏറെ സംസാരിച്ചു കണ്ടിട്ടില്ലാത്ത കര്‍മ്മോന്മുഖനായ മുഖ്യമന്ത്രിയുടെ റോള്‍ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
‘ഗുജറാത്ത് ഇന്ത്യയ്ക്ക് മാതൃകയാണ്’ കുറെ ദശാബ്ദങ്ങളായി കേട്ടുവരുന്ന വാചകമാണിത്. നരേന്ദ്രമോദി മുഖ്യമന്ത്രിയായതു മുതലാണ് ആ സംസ്ഥാനം ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. രാജ്യത്തിന് വഴികാട്ടിയാവാന്‍ ഗുജറാത്തുണ്ട് എന്നുള്ള സന്ദേശമാണ് മോദി നല്‍കിയത്. സ്ഥിരോത്സാഹികളായ ഗുജറാത്തികളെ വലിയ പദ്ധതികളിലേക്കും അതിലൂടെ സംസ്ഥാനത്തിന്റെ വികസനത്തിലേക്കും പങ്കാളിയാക്കുക എന്നതായിരുന്നു ലക്ഷ്യം. അവിടെ വെറും പരീക്ഷണമായിരുന്നില്ല മോദി ഉദ്ദേശിച്ചത്. വ്യക്തമായ പദ്ധതികളുമായി ഗുജറാത്തിനെ വികസിപ്പിക്കാനുള്ള കര്‍മ്മ പദ്ധതിയായിരുന്നു അത്. രാഷ്ട്രീയം ജീവനോപാധിയാക്കിയ കോണ്‍ഗ്രസിന്, ഭരണം ലഭിച്ചപ്പോഴൊക്കെ ഗുജറാത്തിന്റെ വികസനം മറക്കുകയും സ്വന്തം കീശയെക്കുറിച്ചു മാത്രം ചിന്തിക്കുകയും ചെയ്തുപോന്നിരുന്ന കോണ്‍ഗ്രസിന് പക്ഷെ അത് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നത് ചരിത്രമാണ്. മോദിയെയും അദ്ദേഹത്തോടൊപ്പം നിന്ന അമിത് ഷായെപ്പോലുള്ളവരെയും വേട്ടയാടാന്‍ അന്ന് കേന്ദ്രത്തില്‍ ഭരണവുമുണ്ടായിരുന്നവര് ശ്രമിച്ചത് നമ്മുടെ മുന്നിലുണ്ട്. എന്തൊക്കെ കള്ളക്കേസുകള്‍ അന്ന് ചാര്‍ത്തപ്പെട്ടു. രാമഭക്തര്‍ തീവണ്ടിയില്‍ വെന്തു മരിക്കുന്ന സ്ഥിതിയുണ്ടായപ്പോഴും സംസ്ഥാനത്തെ 8-9 ശതമാനം വരുന്ന വോട്ടുബാങ്കിനുവേണ്ടി നിലകൊണ്ടവരാണിവര്. അത്തരം അഗ്നിപരീക്ഷകളെയൊക്കെ അതിജീവിച്ചുകൊണ്ടാണ് ഗുജറാത്തിന് ലോകത്തിന് മുന്നില്‍ വലിയൊരു സ്ഥാനം മോദി ടീം അന്ന് നേടിക്കൊടുത്തത്. ഇന്നിപ്പോള്‍ വലിയ വിജയം ബിജെപി ഗുജറാത്തില്‍ കരസ്ഥമാക്കുമ്പോള്‍ അതിനുള്ള അരങ്ങൊരുക്കിയത് മോദിയാണ്.
ഇന്നത്തെ ഗുജറാത്ത്; ജനങ്ങള്‍ക്ക് വിസ്മരിക്കാനാവുമോ
ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പല വിധേനയുള്ള വിശകലനങ്ങള്‍ കാണുകയുണ്ടായി. ഹിന്ദുത്വത്തിന്റെ വിജയം, കെജ്രിവാളിന്റെ സാന്നിധ്യം കൊണ്ട് കോണ്‍ഗ്രസിന് വോട്ട് നഷ്ടമായി, അത് ബിജെപിക്ക് ഗുണം ചെയ്തു. അത്തരത്തില്‍ പലതും. എന്നാല്‍ ബിജെപി സര്‍ക്കാരുകള്‍, സംസ്ഥാനത്തെയും കേന്ദ്രത്തിലെയും, വികസനോന്മുഖമായി ചെയ്ത കാര്യങ്ങള്‍, സാധാരണക്കാര്‍ക്കു വേണ്ടി തയ്യാറാക്കിയ പദ്ധതികള്‍… അതൊക്കെയും വിസ്മരിക്കാനുള്ള ശ്രമമാണ് നിരീക്ഷകര്‍ നടത്തിയത്. ഇന്നത്തെ ഗുജറാത്ത് എന്താണ് എന്നത് ഒന്നു വിലയിരുത്താനുള്ള അവസരം കൂടിയാണല്ലോ ഇത്.
മോദി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ ആ സംസ്ഥാനത്തുണ്ടാക്കിയ മാറ്റങ്ങള്‍ ഏറെയാണ്. അഹമ്മദാബാദും രാജ്കോട്ടും ഇന്ന് വലിയ വിദ്യാഭ്യാസ ഹബ് ആയിത്തീര്‍ന്നിരിക്കുന്നു. വഡോദര മെഡിക്കല്‍ ഹബ്. സൂറത്ത് തുണി വ്യവസായത്തിന്റെ കേന്ദ്രമായി. ജാംനഗറില്‍ നാം കാണുന്നത് വെങ്കലത്തില്‍ അധിഷ്ഠിതമായ വിവിധ പദ്ധതികള്‍. ദ്വാരക- ഓഖ മേഖലയില്‍ ഉപ്പ് മത്സ്യബന്ധനം- സംസ്കരണം, കാര്‍ഷിക മേഖലയില്‍ പ്രത്യേകിച്ചും സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് ശേഷം വന്‍ കുതിപ്പുണ്ടായി. കടലോരത്ത് മുഴുവന്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. 47 ദശലക്ഷം പേര്‍ക്കാണ് എംഎസ്എംഇ മേഖലയില്‍ തൊഴില്‍ ലഭിച്ചത്. മരുന്ന് നിര്‍മ്മാണ മേഖലയാണ് മറ്റൊന്ന്. രാജ്യത്തെ മരുന്ന് നിര്‍മ്മാണത്തിന്റെ 33 ശതമാനം ഇന്ന് ഗുജറാത്തിലാണ്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന മരുന്നുകളില്‍ 26 % ഗുജറാത്തിന്റെ വകയാണ്. ഇന്ത്യയുടെ വ്യവസായികോല്പ്പാദനത്തില് 20 % ആ നാടിന്റേതായി. വിനോദ സഞ്ചാര മേഖലയില്‍ ആ നാട് കൈവരിച്ച നേട്ടങ്ങള്‍ പറഞ്ഞറിയിക്കുക വയ്യ. ഇതിനൊക്കെ തക്കവിധം ആ നാട്ടിലെ ജനതയെ, യുവാക്കളെ പ്രാപ്തരാക്കാന്‍ മോദിക്കും ബിജെപിക്കുമായി എന്നതാണ് ശ്രദ്ധേയം. ഇന്ന് തൊഴിലില്ലാത്ത ഒരാളെ അവിടെ കാണാനാവുകയില്ല എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ടുറിസം ഭൂപടത്തില്‍ ഗുജറാത്ത് ഇല്ലായിരുന്നു. അദ്ദേഹമാണ് ആദ്യമായി ഈ മേഖലയില്‍ എന്താണ് ചെയ്യേണ്ടത് എന്നത് മനസിലാക്കാന്‍ ഒരു ഉദ്യോഗസ്ഥ വൃന്ദത്തെ കേരളത്തിലേക്കയച്ചത്. അവരില്‍ രണ്ടുപേര്‍ അന്ന് ഈ ലേഖകനെയും വന്നു കണ്ടിരുന്നു. അവര്‍ ഇന്ന് ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികള്‍ പലതും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇന്നിപ്പോള്‍ ഓരോ മാസവും ഗുജറാത്തിലെത്തുന്നത്. ഈ മേഖല പ്രദാനം ചെയ്യുന്ന തൊഴില്‍ അതുണ്ടാക്കുന്ന വരുമാനം, അത് ‘ദൈവത്തിന്റെ സ്വന്തം നാടായ’ കേരളത്തെ പോലും മോഹിപ്പിക്കുന്ന വിധത്തിലായിരിക്കുന്നു.
അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗുജറാത്ത് കൈവരിച്ചതു പോലുള്ള നേട്ടങ്ങള്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് സാധ്യമായിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ഇപ്പോള്‍ അതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട് എന്നത് മറക്കുകയല്ല. എന്നാല്‍ ഗുജറാത്ത് വളരെ മുന്നിലായിരിക്കുന്നു. 19 വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി. കാര്‍ഷിക രംഗത്ത് ശാസ്ത്രീയമായ എല്ലാ പരീക്ഷണങ്ങള്‍ക്കും അവിടെ ഒരുക്കങ്ങള്‍ നടത്തി, അതിന്റെയൊക്കെ സദ് ഫലം ഇന്ന് അവിടത്തെ കാര്‍ഷിക സമൂഹം അനുഭവിക്കുന്നുമുണ്ട്. കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ പോലും നടക്കുമ്പോള്‍ അങ്ങനെയൊന്ന് ഗുജറാത്തില്‍ കേള്‍ക്കുന്നതേയില്ല. സമഗ്ര മേഖലയ്ക്കും പ്രയോജനം സിദ്ധിക്കുന്ന പദ്ധതികളാണ് അവിടെ ആവിഷ്കരിച്ചത് എന്നതാണ് കാണേണ്ടത്. അതിലെല്ലാം ഒരു രാജ്യ താല്പര്യവുമുണ്ടായിരുന്നു.
വിമര്‍ശകര്‍ ഓര്‍മ്മിപ്പിക്കുന്നത്
ബിജെപിയുടെ വിമര്‍ശകര്‍ പലതും പറഞ്ഞുനടക്കുന്നത് ഇതിനിടയില്‍ കാണുന്നുണ്ടല്ലോ. അക്കൂട്ടത്തില്‍ സിപിഎമ്മും കോണ്‍ഗ്രസുമാണ് മുന്നില്‍. ഇവിടെ മനസ്സില്‍ ഓടിയെത്തുന്നത് ഒരു താരതമ്യമാണ്. ഗുജറാത്തും ബംഗാളും. മൂന്ന് പതിറ്റാണ്ട് സിപിഎം ഭരിച്ച നാടാണല്ലോ ബംഗാള്‍. സിപിഎം ഭരണം ബംഗാളിന് നേടിക്കൊടുത്തതെന്താണെന്നറിയാന്‍ ബംഗാളില്‍ പോകേണ്ടതില്ല. ഇന്നിപ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ദാരിദ്ര്യത്തില്‍ മുങ്ങിനിന്നുകൊണ്ട് കൂലിവേലക്കായി നമ്മുടെ നാട്ടിലേക്കെത്തുന്ന എത്രലക്ഷം യുവാക്കളുണ്ട്. ബംഗാള്‍ സര്‍ക്കാര്‍ അവര്‍ക്ക് വിദ്യാഭ്യാസം പ്രദാനം ചെയ്തില്ല. തൊഴിലെടുക്കാന്‍ എന്തെങ്കിലും പരിശീലനം നല്‍കിയോ, ഇല്ല. കുറെ മുഴു പട്ടിണിക്കാരെയാണ് സിപിഎം ബംഗാളില്‍ സൃഷ്ടിച്ചത്. ഇനി കേരളത്തെക്കുറിച്ചുകൂടി ചിന്തിക്കൂ. ഇടതു വലതു മുന്നണികള്‍ മാറിമാറി ഭരിച്ച സംസ്ഥാനമാണല്ലോ ഇത്. കേരളത്തില്‍ നിന്ന് മുന്‍പ് തന്നെ തൊഴില്‍തേടി അന്യനാടുകളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യുവാക്കള്‍ പോയിരുന്നു. ഇന്നിപ്പോള്‍ വിദ്യാഭ്യാസത്തിനായി പോലും അവര്‍ കേരളത്തെ വിട്ടുപോകുകയാണ്. നമ്മുടെ യുവതലമുറയ്ക്ക് ഇവിടെ പ്രതീക്ഷ നഷ്ടപ്പെടുന്നു എന്നതല്ലേ അതിനൊക്കെ കാരണമാവുന്നത്? വിദ്യാഭ്യാസ മേഖലയില്‍ വലിയതോതിലുള്ള പരിഷ്ക്കാരങ്ങള്‍ക്ക് വേദിയായ, സാക്ഷരതയില്‍ നൂറു ശതമാനം കൈവരിച്ച സംസ്ഥാനമാണ് കേരളം എന്നതു കൂടി ഓര്‍ക്കുമ്പോഴാണ് ഈ പ്രശ്നത്തിന്റെ ഗൗരവം വര്‍ധിക്കുക. എന്നാലിപ്പോള്‍ 27 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിന് ശേഷം ഒരുകാലത്തുമുണ്ടായിട്ടില്ലാത്ത ജനപിന്തുണയോടെ ബിജെപിയെ ഗുജറാത്ത് വീണ്ടും അധികാരത്തിലേറ്റുന്നു.
ഹിമാചലില്‍ ബിജെപി പരാജയപ്പെട്ടില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും ഭരണ മാറ്റം പതിവുള്ള സംസ്ഥാനമാണിത്. ആ പ്രക്രിയ ഇത്തവണയും നടക്കുന്നു എന്നതേ കരുതേണ്ടതുള്ളൂ. എന്നാല്‍ മറ്റൊന്നുണ്ട്, ഇക്കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണശേഷവും ജനവിരുദ്ധ വികാരം തീരെ ഇല്ലായിരുന്നു. അഥവാ വളരെ കുറച്ചേയുണ്ടായിരുന്നുള്ളൂ എന്നത് തെരഞ്ഞെടുപ്പ് ഫലം കാട്ടിത്തരുന്നുണ്ട്. കഷ്ടിച്ച് ഒരു ശതമാനത്തില്‍ താഴെ വോട്ടിന്റെ മേല്‍ക്കൈയെ ഇത്തവണയും കോണ്‍ഗ്രസിനുണ്ടായിട്ടുള്ളൂ. സീറ്റില്‍ കുറച്ചു വ്യത്യാസമുണ്ടെങ്കിലും. ബിജെപി സര്‍ക്കാരിനെക്കുറിച്ചുള്ള ഹിമാചല്‍ ജനതയുടെ വിശ്വാസമായി വേണം അതു വിലയിരുത്തപ്പെടാന്‍. വേറൊന്നു കൂടി പറയാതെ ഹിമാചലില്‍ നിന്ന് മടങ്ങാനാവുകയില്ല; സിപിഎമ്മിനു ലഭിച്ച കനത്ത പ്രഹരമാണത്. കഴിഞ്ഞ നിയമസഭയില്‍ അവര്‍ക്ക് ഒരു എംഎല്‍എ ഉണ്ടായിരുന്നു. ഇത്തവണ ആ സീറ്റില്‍ ദയനീയമായി തോറ്റു. ഇത്തവണ സംസ്ഥാനത്ത് ആകെ അവര്‍ക്കു കിട്ടിയത് വെറും 0. 66 ശതമാനം വോട്ട്. ഒരു ശതമാനം പോലും തികച്ചില്ല. വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മത്സര രംഗത്തുണ്ടായിരുന്നു. അവര്‍ക്ക് കിട്ടിയത് 0. 01 % വോട്ട്. ചുവന്ന കോടിക്ക് എന്നെന്നേക്കുമായി ഹിമാചല്‍ ജനത വിട നല്കി എന്നര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: