തിരുവനന്തപുരം: സോണിയ വീട്ടിലെത്തുമ്പോള്‍ പണയംവച്ച കമ്മല്‍ അവിടെയുണ്ടാകും. ഒപ്പം ഐപിഎസ് എന്നമോഹ സാക്ഷാത്കാരം വരെ പഠിക്കാനുമുള്ള സഹായഹസ്തം സോണിയയെ തേടി എത്തി. സേവാഭാരതി പാലക്കാട് കാവില്‍പ്പാട് യൂണിറ്റ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി പണയമെടുക്കാനുള്ള പണം സോണിയയുടെ മുത്തച്ഛനെ ഏല്‍പ്പിച്ചു.
സീനിയര്‍ പെണ്‍കുട്ടികളുടെ 3കിലോമീറ്റര്‍ നടത്തത്തില്‍ വെങ്കലം നേടിയ പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിലെ സോണിയയും അനുജന് സോഹനും തലസ്ഥാനത്തേക്ക് വണ്ടികയറിയത് ആകെ ഉണ്ടായിരുന്ന കാല്‍പ്പവന്റെ കമ്മല്‍ പണയം വച്ചാണ്. ഹൃദ്രോഗിയായ അപ്പൂപ്പന് ഹോട്ടല്‍ പണിയെടുത്ത് കുടുംബം പോറ്റുന്ന സോണിയയുടെ ജീവിത കഥ കഴിഞ്ഞദിവസം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹരിപ്പാട് സ്വദേശിനി സോണിയെ സഹായിക്കാന്‍ മുന്നോട്ട് വരികയായിരുന്നു.
സോണിയയുടെ ഐപിഎസ് എന്ന ലക്ഷ്യം പൂവണിയുംവരെ പഠിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്ന് ആ സുമനസ്സ് ജന്മഭൂമിയോട് പറഞ്ഞു. താന്‍ മരണപ്പെട്ടാലും സഹായം തുടരാന്‍ മകനെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. സോണിയ മെഡലുമായി വീട്ടിലെത്തുമ്പോള്‍ കമ്മല്‍ അവിടെയുണ്ടാകും. കമ്മല്‍ പണയമെടുക്കാനായി കുട്ടിയുടെ അപ്പൂപ്പനെ വിളിച്ച് അക്കൗണ്ട് നമ്പരും പണയ വിവരവും നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയ പഠിച്ച് ലക്ഷ്യത്തിലെത്തി കഴിയുമ്പോള്‍ സമൂഹത്തില്‍ ഇതുപോലെ കഷ്ടപ്പെടുന്ന പെണ്‍കുട്ടികളെ കൈപിടിച്ചുയര്‍ത്തണം. അതാണ് സോണിയ തിരികെ ചെയ്തു നല്‍കേണ്ട പ്രതിഫലമെന്നും അവര്‍ ജന്മഭൂമിയോട് പറഞ്ഞു.
സോണിയയ്ക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അച്ഛന് സോമു തമിഴ്നാട്ടിലെ ബന്ധുവീട്ടില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിക്കുന്നത്. സോണിയയും അനുജന് സോഹനും അമ്മ പ്രിയയും അപ്പൂപ്പന് ശശിക്കും അമ്മൂമ്മ സത്യഭാമയക്കും ഒപ്പമാണ്. ശശിയും സത്യഭാമയും കൂലിപ്പണിയെടുത്താണ് മകളെയും കുഞ്ഞുങ്ങളെയും പോറ്റുന്നത്. ശാരീരിക അവശതകള്‍ കാരണം പ്രിയയ്ക്കും വാര്‍ദ്ധക്യരോഗങ്ങള്‍ പിടിമുറുക്കിയതോടെ അമ്മൂമ്മയക്കും ജോലിക്ക് പോകാനാകില്ല. അറുപത്തിയഞ്ച് പിന്നിട്ട, ഹൃദ്രോഗിയായ അപ്പൂപ്പന് ഹോട്ടലിലെ പണിയിലെ കൂലിയാണ് ഏക വരുമാനം.
ഇപ്പോള്‍ താമസിക്കുന്ന റെയില്‍വേ പുറമ്പോക്കില്‍ നിന്നും അടുത്തവര്‍ഷം ഒഴിയണമെന്ന് നോട്ടീസ് നല്കിയിരിക്കുന്നു. എസ്സി കോര്‍പ്പറേഷന്റെ സഹായത്തില്‍ വാങ്ങിയ നാലര സെന്റില്‍ കുടിലുകെട്ടാന്പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് സോണിയുടെ കുടുംബം. അച്ഛന്റെ മരണം അന്വേഷിക്കാന്‍ ഐപിഎസ് ആകണമെന്നാണ് മോഹമെങ്കിലും പ്ലസ്ടുകഴിഞ്ഞാല്‍ തുടര്പഠനംപോലും നടത്താനാകുമായിരുന്നില്ല സോണിയയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: