എം.ശശിശങ്കര്‍
ബ്രീല്‍ എംബോളോ നാല്‍പ്പത്തെട്ടാം മിനിറ്റില്‍ നേടിയ ഗോളിനാണ് ഈ ലോകകപ്പിലെ പതിമൂന്നാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് കാമറൂണിനെ പരാജയപ്പെടുത്തിയത്. ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ നേടിയതിലുള്ള എംബോളയുടെ ആഹ്ലാദ പ്രകടനം ചിലര്‍ക്ക് രസിച്ചില്ല. അതിന്റെ കാരണം, എംബോള ഗോള്‍ നേടിയത് ജനിച്ച രാജ്യത്തിനെതിരെയായിരുന്നു എന്നതാണ്. അദ്ദേഹത്തിന്റെ പിതാവ് ഇപ്പോഴും കാമറൂണിലാണ് താമസിക്കുന്നത്.
ലോകകപ്പ് കളിക്കാരുടെ പൗരത്വവും ജന്മദേശവുമൊക്കെ നോക്കുന്നത് രസകരമാണ്. 136 കളിക്കാര്‍ തങ്ങള്‍ ജനിച്ച രാജ്യത്തിന് വേണ്ടിയല്ല കളിക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഈ കാര്യത്തില്‍ മുന്പില്. മൊറോക്കോയുടെ 26 കളിക്കാരില്‍ പകുതിയിലധികം മറ്റു രാജ്യങ്ങളില്‍ ജനിച്ചവരാണ്. ഇത് പുതിയ കാര്യമൊന്നുമല്ല. വിഖ്യാത പോര്‍ച്ചുഗീസ് സ്ട്രൈക്കറും 1966 ലോകകപ്പിലെ ടോപ് സ്കോററുമായ യൂസേബിയോ ജനിച്ചത് മൊസാംബിക്കിലാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചതിന്റെ റെക്കോര്‍ഡുള്ള ജര്‍മന്‍ സ്ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെ ജനിച്ചത് പോളണ്ടിലാണ്.
കളിക്കാരുടെ കുടിയേറ്റ കണക്കുകള്‍ ശ്രദ്ധേയമാണ്. ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച ടുണീഷ്യയുടെ പത്തു കളിക്കാര്‍ ഫ്രാന്‍സില്‍ ജനിച്ചവരാണ്. അവരുടെ സ്റ്റാര്‍ പ്ലെയറും ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് ശേഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയും ചെയ്ത വഹബി ഖാസ്റിയും ഇതില്‍ പെടും. ഇവരില്‍ പലരും അണ്ടര്‍ 19 ടീമില്‍ ഫ്രാന്‍സിന് വേണ്ടി കളിച്ചിട്ടുമുണ്ട്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രധാനമായും സെനഗല്‍, ടുണീഷ്യ, കാമറൂണ്‍ എന്നീ രാജ്യങ്ങളാണ് ‘നാഷ്ണാലിറ്റി ഷോപ്പിങ്’ എന്ന് കളിയാക്കി വിളിക്കുന്ന പരിപാടിയില്‍ മുന്പില്. അവര്‍ കളിക്കാര്‍ക്കായി ഷോപ്പിങ് നടത്തുന്നത് യൂറോപ്പിലാണ്. ഈ മൂന്ന് രാജ്യങ്ങളും പഴയ ഫ്രഞ്ച് കോളനികളാണ്. അവിടെയുള്ളവര്‍ക്കു ഫ്രഞ്ച് ഭാഷ അറിയാം. കാലാകാലമായി ഫ്രാന്‍സുമായി വ്യാപാര, സാംസ്കാരിക ബന്ധങ്ങളുണ്ട്. ഈ രാജ്യങ്ങളിലുള്ളവര്‍ ഫ്രാന്‍സിലേക്ക് കുടിയേറുന്നത് സ്വാഭാവികം. ഫ്രാന്‍സിലെത്തി ആഫ്രിക്കയില്‍ ലഭ്യമല്ലാത്ത മികച്ച ഫുട്ബോള്‍ പരിശീലനം നേടി യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന ഇവര്‍ക്കെല്ലാവര്‍ക്കും ഫ്രഞ്ച് ടീമില്‍ സ്ഥാനം ലഭിക്കണമെന്നില്ല. അങ്ങനെ അവസരം ലഭിക്കാത്തവര്‍ പലരും പൂര്‍വികരുടെ രാജ്യത്തിന് വേണ്ടി കളിക്കാന്‍ തയ്യാറാകും. ഇവരെ പിടിച്ചെടുക്കാന്‍ നോക്കി നടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുമുണ്ട്. സ്പെയ്നില്‍ ജനിച്ച ഇനാകി വില്യംസ് ഖത്തറില്‍ ഘാനയ്ക്ക് വേണ്ടിയാണ് കളിച്ചത്. അദ്ദേഹത്തിന്റെ അനുജന് നിക്കോ വില്യംസ് ഖത്തറില്‍ സ്പെയ്നിനു വേണ്ടിയും. ഈ ലോകകപ്പില്‍ കളിക്കുന്ന 59 കളിക്കാര്‍ ഫ്രാന്‍സില്‍ ജനിച്ചവരാണ്.
‘നാഷ്ണാലിറ്റി ഷോപ്പിങ്ങിനെ’പ്പറ്റി പറയുമ്പോള്‍ ഖത്തറിന്റെ കാര്യം പ്രത്യേകിച്ച് പറയാതെ വയ്യ. 2004ല്‍ മൂന്നു ബ്രസീലിയന്‍ താരങ്ങളെ വന്‍ വില കൊടുത്തു വാങ്ങി പൗരത്വം നല്കാന് ഖത്തര്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഇതിന് ഫിഫ തടയിട്ടു. പൗരത്വ കാര്യങ്ങളില്‍ കര്‍ശനമായ നിയമങ്ങള്‍ ഇല്ലാതിരുന്ന 2015 ഹാന്‍ഡ്ബോള്‍ ലോകകപ്പില്‍ ഖത്തര്‍ പങ്കെടുക്കുമ്പോള്‍ യുണൈറ്റഡ് നേഷന്‍സ് ടീം എന്നൊക്കെയാണ് മാധ്യമങ്ങള്‍ കളിയാക്കിയിരുന്നത്. ഖത്തറിനെതിരെ കളിക്കുന്നത് ഒരു വേള്‍ഡ് ടീമിനോടൊപ്പം കളിക്കുന്നതുപോലെയാണെന്നാണ് തോറ്റ ഓസ്ട്രിയന്‍ ടീമിന്റെ ഗോള്‍കീപ്പര്‍ പറഞ്ഞത്.
2016 റിയോ ഒളിംപിക്സില്‍ ഖത്തറിന്റെ 36 പേരാണ് ക്വാളിഫൈ ചെയ്തത്. അതില്‍ 24 പേരും അന്യ രാജ്യക്കാരായിരുന്നു. മെഴ്സീനറി കളിക്കാര്‍ അഥവാ കൂലിപ്പട്ടാളക്കാര്‍ എന്നൊക്കെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. വളരെ ചെറിയ രാജ്യമായ ഖത്തര്‍ മാത്രമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് കരുതേണ്ട. വലിയ രാജ്യമായ തുര്‍ക്കിയും ഈ കാര്യത്തില്‍ ഒട്ടും മോശമല്ല. ഇതൊക്കെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ലോകോത്തര നിലവാരമുള്ള ഖത്തര്‍ ആസ്പൈര്‍ അക്കാദമി തുടങ്ങി കളിക്കാരെ പരിശീലിപ്പിക്കാന്‍ ഖത്തറിനെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: