തിരുവനന്തപുരം : എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ശ്രീനാരായണ സഹോദര ധർമ്മവേദി ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ ആർ.വിനോദ്. വെളളാപ്പള്ളി നടേശനെയും തുഷാർ വെള്ളാപ്പള്ളിയെയും എസ്എൻ ഡിപി യോഗ ആസ്ഥാനത്ത് കയറാൻ അനുവദില്ലെന്നും വിനോദ് പറഞ്ഞു. വരും ദിവസങ്ങളിലും കടുത്ത പ്രതിഷേധവുമായി മുന്നോട്ടു നീങ്ങാനാണ് ശ്രീനാരായണ സഹോദര ധർമ്മ വേദിയുടെ തീരുമാനം.
മഹേശന്റെ ആത്മഹത്യക്ക് പിന്നിൽ വെള്ളാപ്പള്ളിയാണെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്ഥാനം ഒഴിഞ്ഞ് മാറി നിൽക്കുകയാണ് മാന്യതയെന്നും അദേഹം വ്യക്തമാക്കി. കാലാവധി കഴിഞ്ഞ് രണ്ടര വർഷ കഴിഞ്ഞിട്ടും ജനറൽ സെക്രട്ടറി സ്ഥാനത്ത് കടിച്ചു തൂങ്ങി നിൽക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. അനർഹമായ സ്ഥാനത്ത് തുടരുന്നതിൽ അനൗചിത്യമുണ്ടെന്നും ശ്രീനാരായണ സഹോദര ധർമവേദി വ്യക്തമാക്കി.
നാളിതുവരെയുള്ള അന്വേഷണം പ്രഹസനമായിരുന്നുവെന്നും അന്വേഷണ ചുമതലയുള്ള ഐജി അർഷിത അട്ടലൂരി മഹേശന്റെ ഭാര്യയുടെ മൊഴിയെടുത്തിട്ടില്ലെന്നും അദേഹം പറഞ്ഞു. താനും മകനും മൽസരിക്കുന്നതിൽ നിന്ന് തടയാനുള്ള ഗൂഢാലോചനയാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രതികരണത്തിൽ ഒരു കഴമ്പും ഇല്ല . കെ.കെ മഹേശന്റെ കുടുംബത്തിന് നീതി കിട്ടാനായി പ്രതിഷേധം ശക്തമാക്കുമെന്നും ശ്രീനാരായണ സഹോദര ധർമവേദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: