അഹമ്മദാബാദ്: അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് റാണിപിലെ നിഷാന്‍ പബ്ലിക്ക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. അല്പ നേരം ക്യൂവിൽ നിന്ന ശേഷമാണ് നരന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്.
പോളിംഗ് സ്‌റ്റേഷന് മുന്നിൽ തന്നെ സ്വീകരിക്കാനെത്തിയ നാട്ടുകാരെ അഭിവാദ്യം ചെയ്ത ശേഷം മഷി പുരട്ടിയ വിരലും പ്രധാനമന്ത്രി ഉയർത്തി കാണിച്ചു. തുടർന്ന് പോളിംഗ് സ്‌റ്റേഷന് സമീപം താമസിക്കുന്ന സഹോദരൻ സോമ മോദിയുടെ വീടും അദ്ദേഹം സന്ദർശിച്ചു. ‘ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ദൽഹി എന്നിവിടങ്ങളിലെ വോട്ടർമാർ ജനാധിപത്യത്തിന്റെ ഈ ഉത്സവം വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും ആഘോഷിച്ചു. വോട്ട് രേഖപ്പെടുത്താനെത്തിയ ജനങ്ങളെയും, വളരെ ഗംഭീരമായി തിരഞ്ഞെടുപ്പ് നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെയും ഞാൻ അഭിനന്ദിക്കുന്നു’ എന്ന് നരേന്ദ്രമോദി പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത് ഷായും അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി. അങ്കൂര്‍ നരന്‍പുരയിലെ മുനിസിപ്പല്‍ സബ് സോണല്‍ ഓഫീസിലെ പോളിങ് ബൂത്തിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വടക്ക്, മധ്യ ഗുജറാത്തില്‍പ്പെട്ട ബനസ്‌കന്ത, പടാന്‍, മഹേശന, സബര്‍കാന്ത, അര്‍വല്ലി, ഗാന്ധിനഗര്‍, അഹമ്മദാബാദ്, ആനന്ദ്, ഖേഡ, മഹിസാഗര്‍, പഞ്ച്മഹല്‍സ്, ദാഹോദ്, വഡോദര, ഛോട്ടാ ഉദയ്‌പൂര്‍ എന്നീ 14 ജില്ലകളിലാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: