ഡോ. റഷീദ് പാനൂര്‍
അപ്രതീക്ഷിതമായ ഷോക്കായിരുന്നു പയ്യന്നൂര്‍ സതീഷ് ബാബുവിന്റെ മരണ വാര്‍ത്ത. ഞാന്‍ പിഡിസി ക്ലാസ്സുകളില്‍ വടകരയ്ക്കടുത്തുള്ള പാനൂര്‍ മടപ്പള്ളി കോളജില്‍ പഠിക്കുമ്പോള്‍ ബാലജനസഖ്യം ഉത്തരമേഖലാ മലയാള പ്രസംഗ മത്സരം കോഴിക്കോട് സാമൂതിരി ഹൈസ്കൂളില്‍ നടന്നിരുന്നു. സതീഷ് ബാബുവും അതില്‍ പങ്കെടുത്തിരുന്നു. 1979 ല്‍ നടന്ന ഈ പരിപാടിയില്‍ ഞങ്ങള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. പിന്നീട് റവന്യൂ ജില്ലാ കലോത്സവങ്ങളിലും, യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇന്ത്യക്ക് പുറത്ത് ഞാന്‍ അബുദാബി ഇന്ത്യന്‍ സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുമ്പോള്‍ ”നേടുന്നവരും, നഷ്ടപ്പെടുന്നവരും” എന്ന സീരിയലിന്റെ വര്‍ക്കുമായി അദ്ദേഹം യുഎഇയില്‍ വന്നപ്പോള്‍ ഞങ്ങള്‍ രണ്ട് ദിവസം ഒന്നിച്ച് താമസിച്ചിരുന്നു.
ആറടിയില്‍ കൂടുതല്‍ പൊക്കമുള്ള സതീഷ് ബാബു എവിടെ നിന്നാലും ശ്രദ്ധിക്കപ്പെടും. കുലീനമായ പെരുമാറ്റവും ബുദ്ധിപരമായ സത്യസന്ധതയും അദ്ദേഹത്തെ വേറിട്ട് നിര്‍ത്തിയിരുന്നു. ‘മണ്ണ്’ എന്ന നോവല്‍ പബ്ലിഷ് ചെയ്യുമ്പോള്‍ സുരേഷ് ബാബുവിന്റെ പ്രായം 25 വയസ്സ് മാത്രമായിരുന്നു. വടക്കന്‍ മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ തിരുശേഷിപ്പുകളാണിതിന്റെ തീം. ഇഎംഎസ് അവതാരിക എഴുതിയ ഈ നോവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ‘ഉറങ്ങാന്‍ വയ്യ’ എന്ന കഥയ്ക്ക് ഈ ലേഖകന്‍ പഠനം എഴുതിയിട്ടുണ്ട്. നോവല്‍, ചെറുകഥ, ഓര്‍മക്കുറിപ്പുകള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 30 ല്‍ കൂടുതല്‍ പുസ്തകങ്ങള്‍ സതീഷ് എഴുതിയിട്ടുണ്ട്. കേരളാ സാഹിത്യ അക്കാദിയുടെ അവാര്‍ഡ് നേടിയ ‘പേര മരം പൂത്തപ്പോള്‍’ എന്ന കഥാസമാഹാരത്തിന്റെ ഒരു കോപ്പി ഒപ്പിട്ട് എനിക്ക് കൊറിയറില്‍ എത്തിച്ചു തന്നിരുന്നു. ‘കമലഹാസന് അഭിനയിക്കാതെ പോയ സിനിമ’ എന്ന കഥ അടുത്തകാലത്ത് സതീഷിനെ വീണ്ടും വിവാദനായകനാക്കി.
അവസാനകാലത്ത് അദ്ദേഹം എഴുതിയ കഥകള്‍ റിയലിസത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു. കാല്പനിക ലാവണ്യത്തിന്റെ മിനുക്കു പണികള്‍ ഉപേക്ഷിച്ച് ആധുനിക കാലഘട്ടത്തെ നോക്കിക്കാണാന്‍ റിയലിസവും മാജിക്കല്‍ റിയലിസവും അദ്ദേഹം ഉപയോഗിച്ചു.
സാഹിത്യരംഗത്ത് മാത്രമല്ല, സിനിമാ രംഗത്തും പത്രപ്രവര്‍ത്തന രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. 2011 മുതല്‍ 2016 വരെ കേരളാ സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവന്റെ സെക്രട്ടറിയായിരുന്നു. ഈ സ്ഥാപനത്തെ ഔന്നത്യത്തിന്റെ പുതിയ ആകാശത്തേക്ക് നയിച്ചത് സതീഷ് ബാബുവാണ്. ”മരണം രംഗബോധമില്ലാത്ത കോമാളിയാണ്” എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ചിരിച്ചുകൊണ്ട് എല്ലാവരോടും, പാല് നുരപോലെ പെരുമാറുന്ന സതീഷ് ബാബു ഒന്നും പറയാതെ യാത്രയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: