Categories: Varadyam

ആസിഡ് തിളയ്‌ക്കുന്ന മരണത്തിന്റെ താഴ്വാരം

ല്ലോളില്‍ മരങ്ങളില്ല: പക്ഷികളില്ല: മൃഗങ്ങളില്ല: മനുഷ്യവാസവുമില്ല. പ്രസിദ്ധ മരുഭൂമി പര്യവേഷകന്‍ വില്‍ഫ്രഡ് തിസിംഗര്‍ ദല്ലോളിനെ വിശേഷിപ്പിച്ചത് ഇങ്ങനെ – മരണത്തിന്റെ താഴ്‌വര. ഭൂമിയിലെ ഏറ്റവും ക്രൂരമായ സ്ഥലമെന്നാണ് നാഷണല്‍ ജിയോഗ്രാഫിക് നല്‍കിയ വിശേഷണം. വിക്കിപീഡിയ ദല്ലോളിനെ വിളിക്കുന്നതാവട്ടെ, ‘പ്രേതനഗരം’ എന്ന്. ഭൂമിയില്‍ വര്‍ഷം മുഴുവനും ഉഗ്രതാപം അനുഭവപ്പെടുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ മുന്‍പിലാണ് ദല്ലോള്‍. അവിടെ കുണ്ടിലും കുഴിയിലും സള്‍ഫ്യൂരിക് ആസിഡാണ് തിളച്ചുമറിയുന്നത്. അന്തരീക്ഷത്തിലെങ്ങും ചൂഴ്ന്നു നില്‍ക്കുന്ന സള്‍ഫര്‍ ധൂമങ്ങളും.

ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലാണ് മനുഷ്യന്‍ താമസിക്കാന്‍ ഭയക്കുന്ന ദല്ലോള്‍ താഴ്‌വാരം. സമുദ്ര നിരപ്പില്‍നിന്ന് 130 മീറ്റര്‍ ആഴത്തില്‍. പലപ്പോഴും 50 ഡിഗ്രി വരെ ചൂട് ഉയരും. ആസിഡ് തിളക്കാത്തിടത്തെല്ലാം ഉപ്പുവെള്ളം നിറഞ്ഞുകിടക്കും. ഭൂവത്കത്തെ താങ്ങി നിര്‍ത്തുന്ന ടെക്‌ടോണിക് പ്ലേറ്റുകളില്‍ മൂന്നെണ്ണത്തിന്റെ സംഗമഭൂമിയാണ് ദല്ലോള്‍. നുബിയന്‍, അറേബ്യന്‍, സൊമാലിയന്‍ എന്നിവ. ഭൂമിയുടെ അകക്കാമ്പില്‍ നിന്നുരുവം കൊള്ളുന്ന അഗ്നിപര്‍വത ലാവയാണ് ദല്ലോളിനെ പ്രേതനഗരമാക്കി മാറ്റിയത്.

ലാവയ്‌ക്കു പുറമെ സള്‍ഫറും ഉപ്പും റെഡ്‌റോക്കും പിന്നെ അപൂര്‍വമായ നിരവധി ഖനിജങ്ങളും ദല്ലോളില്‍ സുലഭമാണ്. അവയെല്ലാം ചേര്‍ന്ന് മാരിവില്ലിനെ തോല്‍പ്പിക്കുന്ന വര്‍ണ പ്രപഞ്ചമാണ് ദല്ലോളിലെ ഭൂമിയില്‍. ചുവപ്പ്, പച്ച, മഞ്ഞ, ഓറഞ്ച്, സ്വര്‍ണം, പര്‍പ്പിള്‍ എന്നിങ്ങനെ നിറങ്ങളുടെ മായാലോകം. അത് കാണാന്‍തന്നെയെത്തുന്ന സാഹസികരായ വിനോദ സഞ്ചാരികള്‍. ഭൂമിയില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന ഉപ്പു പ്ലേറ്റുകള്‍ പ്രത്യേക തരം കോടാലികൊണ്ട് വെട്ടിയെടുക്കാനെത്തുന്ന കച്ചവടക്കാരുമുണ്ട്. ഓരോ പ്ലേറ്റിനും നാല് കിലോ വരെ ഭാരം. തടാകപ്രദേശത്തുനിന്ന് കഴുതപ്പുറത്തു കയറ്റി അവര്‍ ഉപ്പു കടത്തുന്നു.

‘അഫാര്‍’ എന്നറിയപ്പെടുന്ന ഈ ഹൈപ്പോ തെര്‍മല്‍ മേഖലയില്‍ ഒരിക്കല്‍ ജനവാസമുണ്ടായിരുന്നു. 1918 ല്‍ എറിത്രിയയില്‍നിന്ന് ഒരു നാരോഗേജ് റെയില്‍ പാതയും. ഉപ്പും പൊട്ടാഷും കടത്താനായി സ്ഥാപിച്ചതാണവ. എന്നാല്‍ ലോക മഹായുദ്ധങ്ങളും ഖനിജങ്ങള്‍ കിട്ടാനുള്ള എളുപ്പ വഴികള്‍ തെളിഞ്ഞതും അഫാറിനെ ഉപേക്ഷിക്കാന്‍ വാണിജ്യശക്തികളെ പ്രേരിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ബ്രിട്ടീഷ് ഭരണകൂടം തീവണ്ടിപ്പാത പൊളിച്ചു മാറ്റുകയും ചെയ്തു. എന്നാല്‍ ‘ഗോയിങ് ടു എക്‌സ്ട്രീം’ എന്ന പേരില്‍ 2005 ല്‍ നാഷണല്‍ ജിയോഗ്രഫിക് സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയാണ് പാശ്ചാത്യ ലോകത്തിന് ദല്ലോളിനെ പരിചയപ്പെടുത്തിക്കൊടുത്തത്.

ലോഹജലവും അമ്ലവും ഖനീഭവിച്ച് രൂപപ്പെട്ട വികൃതരൂപങ്ങളാണ് ദല്ലോളിലെ ഒരു ആകര്‍ഷണം. സൂക്ഷ്മജീവികള്‍ക്കുപോലും പിടിച്ചുനില്‍ക്കാനാവാത്ത  അന്തരീക്ഷമാണെങ്കിലും ഓക്‌സിജന്‍ സഹായമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ബാക്ടീരിയകളെ  ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.  എക്‌സ്ട്രിമോഫൈലുകള്‍. എങ്കിലും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറം ഇവിടെ ജനവാസമുണ്ടായിരുന്നുവെന്ന്  ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. അതിനു കാരണം 1974 ല്‍ അവര്‍ നടത്തിയ ഒരു കണ്ടെത്തലാണ്. മൂന്ന് ദശലക്ഷം വര്‍ഷത്തിനപ്പുറം മുന്‍പ് ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന മനുഷ്യന്റെ ആദിമരൂപമായ് ‘ഹ്യുമനോയിഡി’ന്റെ ഫോസില്‍ അഫാറില്‍ നിന്ന് അവര്‍ കണ്ടെടുത്തു. എല്ലാത്തരത്തിലും പൂര്‍ണതയുള്ള ഒരു ഹ്യൂമനോയിഡ്. ഓസ്ട്രലോ പിത്തിക്കസ് അഫ്രിന്‍സിസ് എന്ന് അതിനെ അവര്‍ നാമകരണവും ചെയ്തു. ‘ലൂസി’ എന്ന് ചെല്ലപ്പേര്.

ദല്ലോളില്‍ നിറയെ ആസിഡാണെങ്കിലും ആസിഡ് തിളച്ചു മറിയുന്ന ലോകത്തിലെ ഏറ്റവും വലിയ തടാകം എന്ന ബഹുമതി ഇന്‍ഡോനേഷ്യയിലെ ‘ജാവാ’ പ്രവിശ്യക്കാണ് സ്വന്തം. കിഴക്കന്‍ ജാവയിലെ ‘ഈ ജെന്‍’ പീഢഭൂമി (കവാ ഇജെന്‍) ആണ് ഈ തടാകം. ‘അപി ബിരു’ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഈ സള്‍ഫ്യൂരിക് ആസിഡ് തടാകത്തിലെ ജലത്തിന് 600 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂടുണ്ട്. തടാകത്തിന് മുകളില്‍ ശ്വാസംമുട്ടിക്കുന്ന നീല ജ്വാലകളും ഗന്ധകപ്പുകയുമുണ്ട്.

പക്ഷേ ഇവിടെ കാലാവസ്ഥ കുറച്ചുകൂടി ജീവി സൗഹൃദമാണ്. അതിനാല്‍ സള്‍ഫര്‍ ഖനനം തകൃതിയായി നടക്കുന്നു. പ്രതിദിനം 14 ടണ്‍ സള്‍ഫര്‍ വരെ ആസിഡ് തടാകത്തില്‍ നിന്ന് ശേഖരിക്കുന്നുണ്ടത്രേ. അവ ദുരെ ‘പാല്‍ടൂഡിങ്’ താഴ്‌വരയിലെത്തിച്ച് ശുദ്ധി ചെയ്‌തെടുക്കും. 2016 ല്‍ യുണെസ്‌കോ ഈ തടാകത്തെ ‘ബയോസ്പിയര്‍’ റിസര്‍വ് ആയി പ്രഖ്യാപിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക