അഹമ്മദാബാദ്: വികസനത്തിന്റെ ഗുജറാത്ത് മോഡല്‍ കണ്ട് പഠിക്കാന്‍ ലോകം ഗുജറാത്തിലേക്ക് എത്തുകയാണെന്ന് നരോദയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. പായല്‍ മനോജ് കുക്രാനി. കേരളത്തില്‍ നിന്നുള്ളവരുള്‍പ്പെടെ സംസ്ഥാനത്ത് എത്തിയ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോയെന്നും കേരളത്തില്‍ നിന്നാണെന്ന് അറിയിച്ചപ്പോള്‍ ഡോ. പായല്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ബിജെപിയുടെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് മുപ്പതുവയസ്സുകാരിയായ ഡോ. പായല്‍.
വിജയം നൂറുശതമാനം ഉറപ്പാണെന്ന് പായല്‍ ജന്മഭൂമിയോട് പറഞ്ഞു. രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തകര്‍ അധ്വാനിക്കുന്നതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. ഈ ചെറിയപ്രായത്തില്‍ തന്നെ തന്നില്‍ ഇത്തരമൊരു ദൗത്യം ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, സംസ്ഥാന ബിജെപി അധ്യക്ഷന്‍ സി.ആര്. പാട്ടീല്‍, മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍ എന്നിവരോടും പാര്‍ട്ടിയോടും പാര്‍ട്ടിപ്രവര്‍ത്തകരോടും നന്ദിയുണ്ട്. മാതാപിതാക്കള്‍ക്ക് ദീര്‍ഘകാലമായി പാര്‍ട്ടിയുമായി ബന്ധമുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെങ്കിലും മുമ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
മറ്റു പ്രൊഫഷണലുകളിലുള്ളവരും രാഷ്ട്രീയത്തില്‍ വരണമെന്നാണ് തന്റെ അഭിപ്രായം. അത് നാടിന് കൂടുതല്‍ ഗുണം ചെയ്യും. വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് ആഗ്രഹിക്കുന്നത്. അത് വരുംതലമുറകള്‍ക്ക് കരുത്തുനല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബമാണ് പായലിന്റേത്. അച്ഛന് മനോജ് കുക്രാനി. അമ്മ രേഷ്മ കുക്രാനി, വര്‍ഷങ്ങളായി ബിജെപിയുടെ മുനിസിപ്പല്‍ കൗണ്‍സിലറാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, വികസനത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട്. ഇതെല്ലാമാകും വര്‍ഷങ്ങളായുള്ള പാര്‍ട്ടിയുടെ സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ഡോ. പായലിനെ നിയോഗിക്കാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: