ദോഹ: ആക്രമണം അലതല്ലിയിറങ്ങിയപ്പോള് ഓറഞ്ചു പടയുടെ തേരോട്ടം. യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കി നെതര്‍ലന്‍ഡ്സ് ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍. ഏഴാം തവണയാണ് ഡച്ച് പട അവസാന എട്ടിലിടം നേടുന്നത്. മെഫിംസ് ഡീപേ, ഡാലി ബ്ലിന്‍ഡ്, ഡെന്‍സല്‍ ഡ്യുംഫ്രൈസ് ഡച്ച് ടീമിനായി ഗോള്‍ നേടിയപ്പോള്‍, ഹാജി റൈറ്റ് യുഎസ്എയുടെ ആശ്വാസം.
കളി തുടങ്ങി പത്താം മിനിറ്റിലാണ് ഡീപേ സ്കോര്‍ ചെയ്തത്. ഡ്യുംഫ്രൈസ് നല്കിയ പാസില്‍ നിന്ന് ഗോള്‍. 20 പാസുകള്‍ക്കൊടുവിലാണ് പന്ത് വലയിലെത്തിയത്. 1966നു ശേഷം ഗോളിനു വഴിയൊരുക്കിയ ഇത്രയും നീണ്ട പാസ് ആദ്യമാണ്. ഗോള്‍ വീണ ശേഷവും ആക്രമണം കടുപ്പിച്ച ഓറഞ്ച് പട ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലീഡുയര്‍ത്തി. ഡാലി ബ്ലിന്‍ഡ് സ്കോറര്‍. ഈ ഗോളിനും വഴിയൊരുക്കിയത് ഡ്യുംഫ്രൈസ്.
രണ്ടാം പകുതിയില്‍ കളിയുടെ ഗതിക്കെതിരെയാണ് യുഎസ് ഗോള്‍ നേടിയത്. ഡച്ച് പ്രതിരോധത്തിന്റെ ആശയക്കുഴപ്പത്തില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച് ഒരുക്കിയ അവസരം റൈറ്റ് വലയിലെത്തിച്ചു. 81-ാം മിനിറ്റില്‍ ഡ്യുംഫ്രൈസ് ഡച്ച് പട്ടിക തികച്ചു. ഡാലി ബ്ലിന്‍ഡാണ് പാസ് നല്‍കിയത്. അവസാന നിമിഷവും ഡച്ച് പട ഗോളിനായി ആര്‍ത്തലച്ചെങ്കിലും പന്ത് വലയിലെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: