ന്യൂദല്‍ഹി: ദല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് നേര്‍ക്കുനടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചൈനയെന്ന് സൂചന. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് ബന്ധമുള്ള ഹാക്കര്‍മാരാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയത്. എയിംസിന്റെ അഞ്ചു സെര്‍വറുകള്‍ക്ക് നേര്‍ക്കാണ് ആക്രമണം നടന്നത്.
ചൈനീസ് റാന്‍സംവയര്‍ ഗ്രൂപ്പുകളായ എംപറര്‍ ഡ്രാഗണ്‍ഫ്ളൈ, ബ്രോണ്‍സ് സ്റ്റാര്‍ലൈറ്റ് എന്നിവ ആഗോള തലത്തിലെ മരുന്ന് കമ്പനികളെ ലക്ഷ്യം വച്ച് ആക്രമണങ്ങള്‍ നടത്തിയിരുന്നു. എയിംസ് ആക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന അന്വേഷണം തുടരുകയാണ്. ഹാക്ക് ചെയ്തെടുത്ത രോഗികളുടെ വിവരങ്ങള്‍ ഇവര്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നുവെന്ന സംശയവുമുണ്ട്. കോടിക്കണക്കിന് രോഗികളുടേയും രാജ്യത്തെ ഉയര്‍ന്ന രാഷ്ട്രീയ നേതാക്കളുടേയും ആരോഗ്യ വിവരങ്ങളാണ് എയിംസിലുള്ളത്. എന്നാല്‍ രോഗികളുടെ വിവരങ്ങളൊന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് എയിംസ് അധികൃതരുടെ വിശദീകരണം.
എയിംസിന് നേര്‍ക്ക് നടന്ന സൈബര്‍ ആക്രമണം ഗൂഢാലോചനയുടെ ഭാഗമായാണെന്നും നിര്‍ണായക ശക്തികള്‍ പിന്നിലുണ്ടെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി നിരന്തര ശ്രമം തുടരുകയാണ്. എയിംസിലെ ഇരുപത് സെര്‍വറുകളും 1,200 കമ്പ്യൂട്ടറുകളും ഇതുവരെ സൈബര്‍ ഭീഷണിയില്‍ നിന്ന് മുക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: