തിരുവനന്തപുരം: വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഇറക്കുന്നത് അദാനി ആവശ്യപ്പെട്ടതുകൊണ്ടാണ് എന്ന് പറഞ്ഞ് തടിയൂരാന്‍ സംസ്ഥാനസര്‍ക്കാര്‍ നീക്കം. കേന്ദ്രസേന വന്ന് വിഴിഞ്ഞത്ത് സമാധാനം സ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍.
രാവിലെ മന്ത്രി ആന്റണി രാജു ഇക്കാര്യം കൊച്ചിയില്‍ വ്യക്തമാക്കിയിരുന്നു. “വിഴിഞ്ഞത്ത് കേന്ദ്രസേനയെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരല്ല, അദാനി ഗ്രൂപ്പ് ആണ്”- ഇതായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. ഇതോടെ കേന്ദ്ര സേന വന്ന് വിഴിഞ്ഞത്ത് എന്ത് അനിഷ്ടസംഭവമുണ്ടായാലും അത് കേന്ദ്ര സേനയുടെ മേല്‍ കെട്ടിവെച്ച് കൈകഴുകാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. . സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സാണ് (സിഐഎസ്എഫ്) ആണ് വിഴിഞ്ഞം പദ്ധതിയ്ക്ക് സംരക്ഷണം നല്കാന് എത്തുക.
കേന്ദ്രസേനയെ ഇറക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിനോട് അനുകൂലമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചത്. “സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ ഹൈക്കോടതി അഭിപ്രായം ആരായുക മാത്രമാണ് ചെയ്തത്. കമ്പനിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനായി അവര്‍ ആവശ്യം മുന്നോട്ട് വെയ്ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് അത് എതിര്‍ക്കേണ്ട കാര്യമില്ല”- സംസ്ഥാന സര്‍ക്കാരിനെ വിഴിഞ്ഞം പ്രശ്നത്തില്‍ നിന്നും രക്ഷിച്ചെടുക്കുകയും വിഴിഞ്ഞം പ്രശ്നത്തില്‍ കേന്ദ്രസേന വരുന്നതിന് സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും വിശദീകരിക്കുകയാണ് ആന്റണി രാജുവിന്റെ ഈ വാക്കുകള്‍.
എത്ര എതിര്‍പ്പുണ്ടായാലും വിഴിഞ്ഞം പദ്ധതി നടപ്പാക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. വിഴിഞ്ഞം പദ്ധതി നിലച്ചുപോയാല്‍ നിക്ഷേപമിറക്കാന്‍ പറ്റിയ സംസ്ഥാനമാണ് കേരളമെന്ന പ്രതിച്ഛായ തകരും. പക്ഷെ പദ്ധതിയ്ക്കെതിരെ ഇനിയുള്ള നാളുകളില്‍ പ്രതിഷേധം ശക്തമാകാന്‍ സാധ്യതയുള്ളതായി അറിയുന്നു. പ്രത്യേകിച്ചും ലത്തീന്‍ കത്തോലിക്ക രൂപത സമരം ശക്തമാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിഴിഞ്ഞത്തെ പ്രാദേശിക പ്രക്ഷോഭം ശക്തമായാല്‍ കേന്ദ്രസേനയ്ക്ക് ഇടപെടേണ്ടിവരും. അത് വെടിവെയ്പ്പിലേക്കോ മറ്റോ കലാശിച്ചാല്‍ അതിന്റെ കുറ്റം കേന്ദ്രസേനയുടെ തലയില്‍ ചാര്‍ത്തി സംസ്ഥാന സര്‍ക്കാരിന് തലയൂരാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: