കണ്ണൂര്‍: പയ്യന്നൂര്‍ സിപിഎമ്മില്‍ വിഭാഗീയതയുടെ മഞ്ഞുരുകുന്നു. അഴിമതി ആരോപണത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിയ വി. കുഞ്ഞികൃഷ്ണനെ ഏരിയാ നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജില്ലാ നേതൃത്വം തിരക്കുപിടിച്ച നീക്കങ്ങള്‍ തുടങ്ങി. സിപിഎം പയ്യന്നൂര്‍ മുന്‍ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുഞ്ഞികൃഷ്ണന് പാര്‍ട്ടിയുമായി സഹകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഒരു പ്രശ്നത്തില്‍ അനന്തമായി ഒരാളെയും മാറ്റി നിര്‍ത്താനാവില്ലെന്നും എം.വി. ജയരാജന് പറഞ്ഞു. താന്‍ പങ്കെടുത്ത രണ്ടു പാര്‍ട്ടി പരിപാടിയില്‍ കുഞ്ഞികൃഷ്ണന് പങ്കെടുത്തിട്ടുണ്ടെന്നും എം.വി. ജയരാജന് ചൂണ്ടികാട്ടി. ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമായല്ല അദ്ദേഹഞ്ഞ മാറ്റിനിര്‍ത്തിയത്. വി. കുഞ്ഞികൃഷ്ണന് യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും എംവി ജയരാജന് കണ്ണൂരില്‍ പറഞ്ഞു.
സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മറ്റിക്ക് കീഴില്‍ നടന്ന രണ്ടുകോടിയുടെ ഫണ്ട് വെട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ചതിനാണ് പാര്‍ട്ടി ഏരിയാ സെക്രട്ടറിയായിരുന്ന വി. കുഞ്ഞികൃഷ്ണനെ സിപിഎം ജില്ലാ നേതൃത്വം മാറ്റി നിര്‍ത്തിയത്. ആരോപണവിധേയരായ പയ്യന്നൂര്‍ മണ്ഡലം എംഎല്‍എ ടി.ഐ. മധുസുദനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിയും സ്വീകരിച്ചു. എന്നാല്‍ പയ്യന്നുരില്‍ ധനരാജ് രക്തസാക്ഷി കുടുംബസഹായ ഫണ്ട്, തെരഞ്ഞടുപ്പ് ഫണ്ട്, പാര്‍ട്ടി ഏരിയാ കമ്മറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് വെട്ടിപ്പ് എന്നീ ആരോപണങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം വിലയിരുത്തിയത്.
ഇതോടൊപ്പം പയ്യന്നുര്‍ ഏരിയാ കമ്മറ്റിയില്‍ വിഭാഗീയ പ്രവര്‍ത്തനം നടന്നുവെന്ന് ആരോപിച്ച് വി. കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുകയും ജില്ലാ സെക്രട്ടറിയേറ്റംഗം ടി.വി. രാജേഷിന് ചുമതല നല്‍കുകയും ചെയ്തു. ഇതിനുശേഷമാണ് കഴിഞ്ഞ ജൂണ്‍ മാസം വി. കുഞ്ഞികൃഷ്ണന് സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനുശേഷമാണ് ബദല്‍ കണക്ക് പാര്‍ട്ടി പയ്യന്നൂര്‍ ഏരിയാ ഘടകങ്ങളില്‍ അവതരിപ്പിച്ചത്.
പാര്‍ട്ടിയില്‍ ആരോപണമുന്നയിച്ച വി. കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയതില്‍ പയ്യന്നുരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കളായ ടി.വി. രാജേഷ്, വി. നാരായണന്, സി. കൃഷ്ണന് എന്നിവര്‍ അനുരഞ്ജനത്തിന്റെ ഭാഗമായി വി. കുഞ്ഞികൃഷ്ണനുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ പാര്‍ട്ടി വേദികളില്‍ പരാതി ഉന്നയിച്ച തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തതിന് വ്യക്തമായ മറുപടി പാര്‍ട്ടി പറയണമെന്ന നിലപാടിലാണ് വി. കുഞ്ഞികൃഷ്ണനെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: