എം.ശശിശങ്കർ
അബുബക്കർ അബ്ബാസിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലോകകപ്പ് വേദികളിൽ എത്തുന്നവർക്ക് ദിശാ സൂചികയുമായി ഉച്ചഭാഷിണിയിൽ ആഫ്രിക്കൻ ചുവയുള്ള ഇഗ്ളീഷില് ‘മെത്രൊ… മെത്രൊ ദിസ് വേ ” എന്ന് വഴി പറഞ്ഞു കൊടുത്ത അബ്ബാസിന് ധാരാളം ആരാധകരുണ്ടായി. സംഘാടകർ അദ്ദേഹത്തെ ആദരിക്കുകയും കളി കാണാൻ അവസരമൊരുക്കുകയും ചെയ്തു.
കെനിയക്കാരനാണ് അബ്ബാസ്. കെനിയയിലെ സൊവേറ്റോ എഫ്.സി.യിൽ കളിച്ചിട്ടുണ്ട്. ലോകകപ്പ് വേദികളിൽ വിവിധ ജോലികളിൽ ഏർപ്പെട്ടു കാണുന്ന ആഫ്രിക്കൻ വംശജരിൽ ഭൂരിഭാഗവും കെനിയക്കാരാണ്. താൽക്കാലിക ജോലികളാണ് ഇവർ ചെയ്യുന്നതു. അബ്ബാസ് എത്തിയത് മൂന്നു മാസത്തെ കരാർ ജോലിക്കാണ്. ലോക കപ്പു കഴിഞ്ഞാൽ തിരിച്ചു പോകും. കുറേക്കാലമായി ഗൾഫ് ജോലി അന്വേഷിച്ചു നടക്കുകയായിരുന്നു അബ്ബാസ്. കെനിയക്കാർ ധാരാളമായയുള്ള സൗദിയിലാണ് ശ്രമിച്ചു കൊണ്ടിരുന്നത്. പക്ഷെ, മാതാപിതാക്കൾക്ക് സമ്മതമായിരുന്നില്ല. സൗദിയിൽ സമീപ കാലത്തു ധാരാളം കെനിയക്കാർ പീഡനങ്ങൾ നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് അവരുടെ തടസ്സവാദമെന്നാണ് കെനിയൻ പത്രങ്ങൾ പറയുന്നത്.
സൗദിയിലും മറ്റു പല മിഡിൽ ഈസ്ററ് രാജ്യങ്ങളിലും നിലവിലുള്ള കഫാല സമ്പ്രദായമാണ് പ്രതി . ഒരു തരം ആധുനിക അടിമ വേല. കഫീൽ എന്നറിയപ്പെടുന്ന തൊഴിലുടമ, അല്ലെങ്കിൽ സ്പോൺസറുടെ അനുവാദമില്ലാതെ രാജ്യം വിടാൻ അനുവാദമില്ല. ജോലി മാറാനും സ്‌പോൺസറുടെ അനുവാദം വേണം.
കഫാലയുടെ ദുരുപയോഗത്തിന്റെ ഇരകളാണ് പല കെനിയക്കാരും. പ്രത്യേകിച്ച് വീട്ടു ജോലിക്കായി എത്തിയവർ. അവർ നേരിട്ട പീഡനകഥകൾ കെനിയൻ സമൂഹത്തിൽ നിരന്തര ചർച്ചക്കു വിധേയമായിട്ടുണ്ട്. ഇതൊക്കെകൊണ്ടാണ് അബ്ബാസിന്റെ മാതാപിതാക്കൾ സൗദിയിൽ ജോലി തേടാൻ അനുവദിക്കാതിരുന്നത്. ഖത്തറിൽ സ്ഥിതി വ്യത്യസ്തമാണ്. ലോകകപ്പ് ആതിഥേയരായതിനു ശേഷം ഉണ്ടായ നിരന്തര വിമർശനങ്ങളും ഫിഫയുടെ സമ്മർദ്ദവും മൂലം 2020 ൽ ഖത്തർ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചു. കഫാല സമ്പ്രദായം ഇല്ലാതായി. തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പിലാക്കാക്കി. നിയമം നടപ്പിലാക്കാനുള്ള സംവിധാനങ്ങൾ ശക്തമാക്കി.
തൊഴിൽ മേഖലയിൽ വിപ്ലവം ഫുട്ബോളിലൂടെയും വരാം. പാശ്ചാത്യ മാധ്യമങ്ങളുടെ നിരന്തര ഖത്തർ വിമർശനങ്ങൾക്ക് മറുപടിയായി ഫിഫ പ്രസിഡന്റ പറഞ്ഞത് ശ്രദ്ധേയമാണ്. പാശ്ചാത്യ ലോകത്തെ എത്രയോ വൻകിട കമ്പനികൾ കാലാകാലമായി ഖത്തറിൽ പ്രവർത്തിക്കുന്നു. ബില്യൺ കണക്കിന് കാശ് ഇവിടെ നിന്നുണ്ടാക്കിയ അവരൊന്നും ഒരിക്കൽ പോലും ഖത്തറിലെ തൊഴിൽ നിയമം പരിഷ്കരിക്കണമെന്നു ആവശ്യപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങൾ ഇല്ലാത്തതായിരുന്നു അവർക്കു സൗകര്യം. നിയന്ത്രണങ്ങൾ വന്നാൽ അവരുടെ ലാഭം കുറയും. ഞങ്ങൾ, അതായത് ഫിഫയാണ് ഈ കാര്യത്തിൽ മുന്നിട്ടിറങ്ങിയത്. അതിനു ശേഷമാണ് ഖത്തർ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചതു.
വൻ സാമൂഹിക മാറ്റങ്ങൾക്കു കാരണമാകാൻ ഫുട്‌ബോളിനു കഴിയുമെന്നു തെളിഞ്ഞു കഴിഞ്ഞു. വിപ്ലവം തോൽക്കിന് കുഴലിലൂടെ വേണമെന്നില്ല. ഇനി സൗദി പോലുള്ള രാജ്യങ്ങളുടെ ഊഴമാണ്.
2030 ലെ ഫുട്‌ബോൾ ലോകകപ്പിനായി സൗദി ശ്രമിക്കുന്നെണ്ടെന്നു വാർത്തകളുണ്ട്. സാധാരണ ഗതിയിൽ ഈ മേഖലയിലെ രാജ്യങ്ങളിൽ വീണ്ടും ലോക കപ്പു അനുവദിക്കാൻ ഫിഫാ നിയമം അനുസരിച്ചു 2034 ലെ കഴിയൂ. ഇതൊഴിവാക്കാൻ സൗദി, ഈജിപ്റ്റും ഗ്രീസുമായി യോജിച്ചു അപേക്ഷിക്കാനുള്ള സാധ്യതയുണ്ട്. 2026ലെ ലോക കപ്പു മൂന്നു രാജ്യങ്ങളിലായാണല്ലോ നടക്കുന്നത്.
രാജ്യാന്തര ഫുട്‌ബോൾ ആതിഥേയരായാൽ സൗദിയിലും ഗൾഫിലും തൊഴിൽ നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരും. അങ്ങനെയാണെങ്കിൽ അബൂബക്കർ അബ്ബാസിനെ സൗദിയിലേക്ക് പറഞ്ഞു വിടാൻ മാതാപിതാക്കൾക്ക് ഭയക്കേണ്ടി വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: