പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് ഏറ്റിരിക്കുന്നത് ഇരട്ട പ്രഹരമാണ്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശാസ്ത്രസാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജിവച്ച ഒഴിവിലേക്ക് ഡോ. സിസ തോമസിനെ താല്‍ക്കാലികമായി നിയമിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ശരിവച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയാണ് ഒന്നാമത്തേത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. താല്‍ക്കാലിക വിസിയുടെ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചവര്‍ അയോഗ്യരാണെന്ന് കണ്ടെത്തിയെന്നും, യോഗ്യതയുള്ളവരുടെ പട്ടിക നല്കാന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരും സാങ്കേതികവിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചില്ലെന്നും, തുടര്‍ന്നാണ് പുതിയ വിസിയെ നിയമിച്ചതെന്നുമൊക്കെയുള്ള ഗവര്‍ണറുടെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. വിസിയുടെ ഒഴിവു നികത്താന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നു പറഞ്ഞ കോടതി, വിസിയുടെ പേരിലുള്ള തര്‍ക്കം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കരുതെന്നു കൂടി പറഞ്ഞതോടെ സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇടതുയൂണിയനില്‍പ്പെട്ടവര്‍ വിസിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. വിസി നിയമനത്തിനെതിരെ സര്‍ക്കാരുന്നയിച്ച വാദഗതികളൊന്നും കോടതി അംഗീകരിച്ചില്ല. ഗവര്‍ണറോട് യുദ്ധത്തിനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനോ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദുവോ കോടതി ഉത്തരവിനോട് പ്രതികരിക്കുകപോലും ചെയ്തില്ല. കോടതി വിധി അംഗീകരിക്കാനുള്ള വൈമുഖ്യമാണിത്.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിക്കുകപോലും ചെയ്യാതെ തള്ളിയതാണ് പിണറായി സര്‍ക്കാരിനേറ്റ മറ്റൊരു തിരിച്ചടി. ബില്ലുകളിലും ഓര്‍ഡിനന്‍സുകളിലുമൊക്കെ ഒപ്പുവയ്ക്കുന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണെന്നും, കോടതിക്ക് അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്. ഇതൊരു പൊതുതാല്‍പ്പര്യ ഹര്‍ജിയായിരുന്നെങ്കിലും ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വളരെക്കാലമായി ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഹര്‍ജിക്കാരനും ഉന്നയിച്ചത്. സര്‍വകലാശാല വിസി നിയമനത്തിന്റെ കാര്യമായാലും ഗവര്‍ണറുടെ വിവേചനാധികാരത്തിന്റെ പ്രശ്നമായാലും നിയമം എന്തു പറയുന്നു എന്നത് സിപിഎമ്മിനും സര്‍ക്കാരിനും ബാധകമല്ല. ഭരണഘടനയും നിയമവും പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കളുടെയും മന്ത്രിമാരുടെയുമൊക്കെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതാണെന്ന ഉറച്ചവിശ്വാസമാണ് സിപിഎമ്മിനും സര്‍ക്കാരിനും. ഈ ധാരണയാണ് ഒന്നിനു പുറകെ ഒന്നായി വന്ന രണ്ട് കോടതി വിധികള്‍ തിരുത്തിയത്. ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നടത്തിയ വിസി നിയമനം ശരിവച്ച കോടതിവിധി നിര്‍ണായകമാണ്. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍ട്ടിയുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നിയമിച്ച മറ്റ് സര്‍വകലാശാല വിസിമാര്‍ക്കും പുറത്താകാതിരിക്കണമെങ്കില്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പട്ടിരിക്കുകയാണ് ഗവര്‍ണര്‍. സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിധി മറ്റു വിസിമാരുടെയും ഭാവിയിലേക്ക് വിരല്‍ചൂണ്ടുന്നു.
തങ്ങള്‍ ഭരണഘടനാ വിരുദ്ധമായും നിയമവിരുദ്ധമായുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. അധ്യാപകരുടെ നിയമനം, അവര്‍ക്ക് സ്ഥാനക്കയറ്റം നല്കല്, വേതനം നിശ്ചയിക്കല്‍, വിസിമാരുടെ നിയമനം, പുനര്‍നിയമനം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും സ്വജനപക്ഷപാതത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതു സംബന്ധിച്ച നിരവധി വിവരങ്ങള്‍ പുറത്തുവരികയും, കോടതികളുടെ ഇടപെടലുകളുണ്ടാവുകയും ചെയ്തിട്ടും സിപിഎമ്മും സര്‍ക്കാരും പിന്തിരിയുന്നില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ എന്ന കാരണത്താല്‍ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറുടെ നിയമനം നല്‍കിയത് വലിയ വിവാദമാവുകയും കോടതി റദ്ദാക്കുകയും ചെയ്തിട്ടും സര്‍ക്കാരിന് വീണ്ടുവിചാരമില്ല. നിയമവും ചട്ടവുമൊക്കെ എതിരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നികുതിപ്പണം ധൂര്‍ത്തടിച്ച് ‘നിയമയുദ്ധം’ നടത്തുകയാണ്. തങ്ങള്‍ ശരിയുടെ പക്ഷത്താണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. കോടതിയില്‍നിന്ന് എതിരായ വിധിയുണ്ടായാല്‍ അത് അംഗീകരിക്കുന്നതിനു പകരം അധികാരം ഉപയോഗിച്ച് അത് നടപ്പാക്കാതിരിക്കാനുള്ള കുതന്ത്രങ്ങളാണ് സര്‍ക്കാര്‍ പയറ്റുന്നത്. പല സര്‍വകലാശാലകളുമായും ബന്ധപ്പെട്ട് ഇത്തരം നിരവധി വിധികള്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് മറികടന്നിട്ടുണ്ട്. നിരവധി പേരുടെ ജീവിതമാണ് ഇതിലൂടെ തുലച്ചുകളയുന്നത്. തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്തവര്‍ ഇതൊക്കെ അനുഭവിക്കാനും സഹിക്കാനും വിധിക്കപ്പെട്ടവരാണെന്ന സമീപനമാണ് പിണറായി സര്‍ക്കാരിനുള്ളത്. നിയമപ്പോരാട്ടങ്ങളിലൂടെ ഇതിന് അന്ത്യംകുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതു ചെയ്യുന്ന ഗവര്‍ണറോട് കേരള ജനത കടപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: