ന്യൂദല്‍ഹി: മാതൃമരണ അനുപാതം(മെറ്റേര്‍ണല്‍ മോര്‍ട്ടാലിറ്റി റേഷ്യോ-എംഎംആര്‍) 2014-16ല്‍ ഒരു ലക്ഷത്തിന് 130ല്‍ നിന്ന് 2018-20ല്‍ ഒരു ലക്ഷത്തിന് 97 ആയി കുറഞ്ഞതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യമങ്ങളും വളരെ ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഗുണമേന്മയുള്ള മാതൃ, പ്രസവ സംരക്ഷണം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള സര്‍ക്കാരിന്റെ വിവിധ ആരോഗ്യ സംരക്ഷണ സംരംഭങ്ങള്‍ ഫലംകണ്ടു. ഇതിനു ഉദാഹരണമാണ് എംഎംആറില്‍ ഉണ്ടായ ഗണ്യമായ കുറവ് എന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ഇതിനു മറപടിയായി ആണ് പ്രധാനമന്ത്രി പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചത്. സാമ്പിള്‍ രജിസ്ട്രേഷന് സിസ്റ്റത്തില്‍ നിന്ന് (എസ്ആര്‍എസ്) ലഭിച്ച സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, രാജ്യത്ത് 2014-2016ല്‍ 130, 2015-17ല്‍ 122, 2016-18ല്‍ 113, 2017-19ല്‍ 103, 2018-20ല്‍ 97എന്നിങ്ങനെ എംഎംആറില്‍ ക്രമാനുഗതമായ നിരക്കില്‍ കുറവുണ്ടായി.
ഇതോടെ, ഒരു ലക്ഷത്തിന് നൂറില്‍ താഴെ എംഎംആര്‍ എന്ന ദേശീയ ആരോഗ്യ നയം (എന്‍എച്ച്പി) ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. കൂടാതെ, 2030ഓടെ ഒരു ലക്ഷത്തിന് 70ല്‍ താഴെ എന്ന എസ്ഡിജി ലക്ഷ്യം കൈവരിക്കാനുള്ള പാതയിലുമാണ്. സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) നേടിയ സംസ്ഥാനങ്ങളുടെ എണ്ണം ആറില്‍ നിന്ന് എട്ടായി ഉയര്‍ന്ന് പുരോഗതി നേടി. പട്ടികയില്‍ കേരളമാണ് ഒന്നാമത് (19). തൊട്ടുപിന്നാലെ മഹാരാഷ്ട്ര (33), തെലങ്കാന (43) ആന്ധ്രാപ്രദേശ് (45), തമിഴ്നാട് (54), ജാര്‍ഖണ്ഡ് (56), ഗുജറാത്ത് (57), കര്‍ണാടക (69) എന്നീ സംസ്ഥാനങ്ങള്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: