അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്നും ആം ആദ്മി പാര്‍ട്ടി അക്കൗണ്ട് തുറക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വാര്‍ത്താഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ വികസനപ്രവര്‍ത്തനങ്ങളും പ്രീണനവിരുദ്ധനയവുമാണ് ജനങ്ങള്‍ ബിജെപിയില്‍ ആവര്‍ത്തിച്ച് വിശ്വാസമര്‍പ്പിക്കാനുള്ള പ്രധാന കാരണം. ഗുജറാത്തില്‍ ബിജെപി അഭൂതപൂര്‍വമായ വിജയം നേടും. പാര്‍ട്ടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ പാര്‍ട്ടിയെ സ്വീകരിക്കണോ വേണ്ടയോ എന്നത് ജനങ്ങളുടെ ഇഷ്ടമാണ്. ഗുജറാത്തിലെ ജനങ്ങളുടെ മനസ്സില്‍ എഎപി ഇല്ല. തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുക, വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ എഎപി പ്രതിനിധികളുടെ പേരുകളുണ്ടാവില്ല. ഗുജറാത്തില്‍ ബിജെപിയുടെ മുഖ്യഎതിരാളി കോണ്‍ഗ്രസാണ്. എന്നാല്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, അതിന്റെ ആഘാതം ഗുജറാത്തിലും ദൃശ്യമാണ്- അമിത്ഷാ പറഞ്ഞു.
ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന്, രാഷ്ട്രീയത്തില്‍ സുസ്ഥിരമായ ശ്രമങ്ങള്‍ അനിവാര്യമാണെന്നായിരുന്നു മറുപടി. രാഷ്ട്രീയക്കാര്‍ കഠിനാധ്വാനികളായിരിക്കണം, കഠിനാധ്വാനം ആര് ചെയ്താലും അത് നല്ലതാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ സുസ്ഥിരമായ പരിശ്രമങ്ങള്‍ മാത്രമേ ഫലം കാണിക്കൂ. അതിനാല്‍ കാത്തിരുന്ന് കാണാം – അദ്ദേഹം പറഞ്ഞു.
ഗുജറാത്തും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഗുജറാത്തിന്റെ സുരക്ഷയും ദേശീയ സുരക്ഷയും വ്യത്യസ്ത വിഷയങ്ങളല്ല. രാജ്യം സുരക്ഷിതമല്ലെങ്കില്‍ ഗുജറാത്ത് എങ്ങനെ സുരക്ഷിതമാകും എന്നായിരുന്നു മറുപടി. അതിര്‍ത്തി സംസ്ഥാനമായതിനാല്‍, ഗുജറാത്തിലെ ജനങ്ങള്‍ ദേശീയ സുരക്ഷയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് രാജ്യത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ ജുഡീഷ്യറി ഉണ്ടെന്നും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് ജുഡീഷ്യറിയെ സമീപിക്കാമെന്നും അമിത് ഷാ പറഞ്ഞു.
ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സാമ്പത്തികമാന്ദ്യം നേരിടുന്നുണ്ട്. ഏറ്റവും കുറവ് ബാധിക്കുന്നത് ഇന്ത്യയെയാണ്. കോവിഡിന് ശേഷം സാമ്പത്തികമാന്ദ്യം ഒരു ആഗോളവെല്ലുവിളിയായിരുന്നു. പക്ഷേ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കലിന് സാക്ഷ്യം വഹിച്ചു. അതുപോലെ, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് വെല്ലുവിളിയായ പണപ്പെരുപ്പത്തെ ഇന്ത്യ വളരെ ഫലപ്രദമായി നേരിടുമെന്ന് താന്‍ വിശ്വസിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെയും ജനപ്രീതി നോക്കുകയാണെങ്കില്‍, പ്രാദേശിക പാര്‍ട്ടികള്‍ സംസ്ഥാനങ്ങള്‍ക്ക് പുറത്ത് രൂപീകരിക്കുന്ന സഖ്യങ്ങള്‍ ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല. അത്തരം സഖ്യങ്ങള്‍ കടലാസില്‍ മാത്രമേ നിലനില്‍ക്കൂ.
പശ്ചിമബംഗാളില്‍ ബിജെപിയുടെ വോട്ട് വിഹിതം 40 ശതമാനമായി കുതിച്ചുയരുകയും 18 ലോക്സഭാ സീറ്റുകള്‍ നേടുകയും ചെയ്തു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപി കൂടുതല്‍ നേട്ടമുണ്ടാക്കും. തെലങ്കാനയില്‍ ബിജെപിയാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും പാര്‍ട്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: