തിരുവനന്തപുരം: വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും അന്വേഷണം നടത്തും. സംഭവത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പങ്ക് ഉണ്ടെന്ന സംശയത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്ന എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ക്ക് ഉന്നതകേന്ദ്രങ്ങളില്‍നിന്ന് നിര്‍ദേശം ലഭിച്ചു. പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കപ്പെട്ടത് അടക്കമുള്ള സംഭവങ്ങള്‍ അതീവഗൗരവതരമാണെന്നാണ് എന്‍.ഐ.എ. വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വിഴിഞ്ഞത്ത് എത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍.ഐ.എ. സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ പി.എഫ്.ഐ. നിരോധനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ അന്വേഷണസംഘമാണ് അന്വേഷണം നടത്തുക.
അതേസമയം, സ്‌റ്റേഷന്‍ ആക്രമിച്ച് മൂന്ന് ദിവസമായിട്ടും ഒരുപ്രതിയെ പോലും പിടികൂടാന്‍ പോലീസിനായിട്ടില്ല. പരിക്കേറ്റ് ആശുപത്രിയിലുള്ളവരേയും പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. പ്രതികളെ പിടികൂടി കൂടുതല്‍ പ്രകോപനം ഉണ്ടാക്കരുതെന്ന ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് നിഷ്‌ക്രിയമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: