ഇസ്രയേലിലും ഐസ് ലാന്റിലും ആദ്യമായി റിലീസ് ചെയ്യുന്ന മലയാള സിനിമയായി പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് മാറും.
സിനിമാ റിലീസില്‍ ഇത്രയ്ക്കധികം ട്വിസ്റ്റുകള്‍ ഇതാദ്യം
തന്റെ മനസ്സിലെ സങ്കല്‍പ്പങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തി ക്രാഫ്റ്റില്‍ വീണ്ടും വീണ്ടും വീണ്ടും മിനുക്കുപണികള്‍ ചെയ്യുന്ന അല്‍ഫോണ്‍സ് പുത്രന്റെ വിചിത്ര സ്വഭാവമാണ് ഗോള്‍ഡ് എന്ന സിനിമയുടെ റിലീസ് ഇത്രയും നീട്ടിയത്. നിര്‍മ്മാതാക്കളില്‍ ഒരാളായ ലിസ്റ്റിന് ജോസഫ് പറഞ്ഞത് സിനിമയില്‍ ധാരാളം ട്വിസ്റ്റുകള്‍ കണ്ടിട്ടുണ്ടെങ്കിലും സിനിമാ റിലീസില്‍ ഇത്രയ്ക്കധികം ട്വിസ്റ്റുകള്‍ കാണുന്നത് ഇതാദ്യമാണെന്നാണ്. എന്തായാലും ഡിസംബര്‍ ഒന്നിന് ഗോള്‍ഡ് തിയറ്ററുകളില്‍ എത്തുകയാണ്. 25ല്‍ അധികം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഗോള്‍ഡ് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപനം വന്നു കഴിഞ്ഞു.
നയന്‍താരയും പൃഥ്വിരാജും ഒരു മുഴുനീള ഫീച്ചര്‍ സിനിമയില്‍ ഇതാദ്യം
ചിത്രത്തിന്റെ പ്രൊമോ സോംഗ് നാളെ (ബുധനാഴ്ച) റിലീസ് ചെയ്യും. പൃഥ്വിരാജും നയന്‍താരയുമാണ് ലീഡ് റോളുകളില്‍. തിയറ്റര്‍ റിലീസിന് ശേഷം ആമസോണ്‍ പ്രൈം ഇതിന്റെ ഒടിടി അവകാശം വാങ്ങിക്കഴിഞ്ഞു. 2023ല്‍ സൂര്യ ടിവിയാണ് ഈ ചിത്രം ടിവി പ്രേക്ഷകരില്‍ എത്തിക്കുക. നയന്‍താരയും പൃഥ്വിരാജും ഒരു മുഴുനീള ഫീച്ചര്‍ സിനിമയില്‍ താരജോഡിയായി എത്തുന്നത് ആദ്യമായാണെന്ന ആകാംക്ഷയും ചിത്രത്തിനുണ്ട്. അത്രയ്ക്ക് ആകാംക്ഷയോടെയാണ് ജനം ചിത്രം കാത്തിരിക്കുന്നത്.
സൂപ്പര്‍ ഡൂപ്പര്‍ ചിത്രമായ പ്രേമത്തിന് ശേഷമുള്ള അല്‍ഫോണ്‍സ് പുത്രന്റെ സിനിമയാണ് ഗോള്‍ഡ്. അതുകൊണ്ട് തന്നെ ബോക്സോഫീസില്‍ തരംഗങ്ങളുണ്ടാക്കുന്ന ഒരു ചിത്രം തന്നെ പുറത്തിറക്കണമെന്ന് അല്‍ഫോണ്‍സ് പുത്രന് വാശിയുണ്ട്. മാത്രമല്ല, പ്രേമം കഴിഞ്ഞ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗോള്‍ഡുമായി അല്‍ഫോണ്‍സ് പുത്രന് എത്തുന്നത്.
നല്ല സിനിമ തന്നത്താന്‍ പ്രൊമോട്ട് ചെയ്യുമെന്ന് അല്‍ഫോണ്‍സ് പുത്രന്
ബാംഗ്ലൂരിലും ചെന്നൈയിലും ദിവസങ്ങളോളം ഗോള്‍ഡ് ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ഴോണര്‍ (genre) വിഭാഗം ഏതെന്ന ചോദ്യത്തിന് ‘ഡാര്‍ക് ഹ്യൂമര്‍’ (Dark Humour- കറുത്തഫലിതം) എന്നാണ് അല്‍ഫോണ്‍സ് പുത്രന് നല്‍കിയിരിക്കുന്ന ഉത്തരം. ഒരു ടീസര്‍ മാത്രമേ ഇത് വരെ പുറത്തിറങ്ങിയിട്ടുള്ളൂ. ഇന്ന് ഒരു സിനിമ പ്രൊമോഷന് നൂറായിരം വഴികളുണ്ട്. പ്രൊമോ വീഡിയോ, പാട്ട്, ലിറിക് വീഡിയോ….എന്നാല്‍ ഇതിന് അല്‍ഫോണ്‍സ് പുത്രന് നല്കുന്ന മറുപടി നല്ല സിനിമ തന്നത്താന്‍ അതിനെ പ്രോമോട്ട് ചെയ്യും എന്നാണ്. അതാണല്ലോ പ്രേമം എന്ന സിനിമയുടെ ചരിത്രവും. ഒരു പഞ്ചവാദ്യം പോലെ, പതിഞ്ഞ താളത്തില്‍ തുടങ്ങി മലയാളിമനസ്സുകളില് ഒടുവിലൊടുവില്‍ കൊട്ടിക്കയറുകയായിരുന്നു പ്രേമം. നിവിന്‍ പോളിയെ സൂപ്പര്‍ ഹീറോ ആക്കി മാറ്റിയ ചിത്രം. ഒരു പ്രൊമോഷനുമില്ലാതെ നേടിയ വിജയം.
ലിസ്റ്റിന് ജോസഫിനെ കൂടാതെ നടന് പൃഥ്വിരാജും ഗോള്‍ഡിന്റെ സഹനിര്‍മ്മാതാവാണ്. കഥ ഇഷ്ടപ്പെട്ട് മാത്രം നിര്‍മ്മാണത്തില്‍ പണമിറക്കുന്ന പൃഥ്വിരാജിന്റെ ചോയ്സുകള്‍ അധികം പൊട്ടിയിട്ടില്ല. 2022ല്‍ ജനഗണമന, കടുവ തുടങ്ങിയ വിജയങ്ങളുടെ ത്രില്ലില്‍ ഇനി ഗോള്‍ഡിലൂടെ മറ്റൊരു വിജയം കൊതിക്കുകയാണ്.
സിനിമയുടെ കഥ
ഡേഞ്ചര്‍ ജോഷി, സുമംഗലി ഉണ്ണികൃഷ്ണന് എന്നീ കഥാപാത്രങ്ങളെയാണ് പൃഥ്വിരാജും നയന്‍താരയും അവതരിപ്പിക്കുന്നത്. ഒരു മൊബൈല്‍ കട ഉടമയായ ജോഷി ഒരു പുതിയ കാര്‍ വാങ്ങാന്‍ തീരുമാനിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളാണ് ഗോള്‍ഡ്. റോഷന് മാത്യു, ജാഫര്‍ ഇടുക്കി, ഷമ്മി തിലകന്, അജ്മല്‍ അമീര്‍, ലാലു അലക്സ്, ദീപ്തി സതി, സൈജു കുറുപ്പ്, ചെമ്പന്‍ വിനോദ് ജോസ്, ശാന്തി കൃഷ്ണ, ജഗദീഷ്, പ്രേംകുമാര്‍, വിനയ് ഫോര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ഗോള്‍ഡില്‍ ഉണ്ട്. . ഈയിടെ യു റേറ്റിംഗ് സര്‍ട്ടിഫിക്കറ്റും ഗോള്‍ഡ് നേടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: