കാഞ്ഞാണി: സൈക്കിൾ പോളോ മത്സരത്തിൽ താരമായി ജനശ്രദ്ധ നേടുകയാണ് അരിമ്പൂർ സ്വദേശിനിയായ സമീക്ഷ എന്ന വിദ്യാർത്ഥിനി. കർണാടകയിൽ നടന്ന രണ്ടാമത് സൗത്ത് സോൺ നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ജൂനിയർ വിഭാഗത്തിൽ പങ്കെടുത്ത പി.എസ്. സമീക്ഷ (15 ) സ്വർണ മെഡൽ കരസ്ഥമാക്കി.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും സമീക്ഷയും ചേർന്ന കേരള ടീമാണ് ചാമ്പ്യൻഷിപ്പ് നേടിയത്. തമിഴ്നാട്, തെലങ്കാന, പോണ്ടിച്ചേരി, ആഡ്രപ്രദേശ് എന്നീ ടീമുകളോട് പൊരുതി വിജയിച്ച കേരള ടീം കർണ്ണാടകയുമായുള്ള ഫൈനലിൽ വിജയിച്ചതോടെയാണ് ചാമ്പ്യൻഷിപ്പ് നേടിയത്. ടീമിലെ എല്ലാ അംഗങ്ങൾക്കും സ്വർണ മെഡൽ കൈവരിക്കാനായി.
സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ 2019 – 20 ൽ സബ് ജൂനിയർ വിഭാഗത്തിൽ ( അണ്ടർ 14 ) കേരള ക്യാപ്റ്റനായിരുന്നു സമീക്ഷ. മുൻ വർഷങ്ങളിൽ റോഡ് സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പുകളിലും മൗണ്ടൻ സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പുകളിലും തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരങ്ങളിൽ സമീക്ഷ പങ്കെടുത്തിട്ടുണ്ട്.
ഈ വർഷത്തെ സെപക് താക്രോ ( കിക്ക് വോളിബോൾ ) സബ് ഡിസ്ട്രിക്ട് മത്സരങ്ങളിൽ ഒന്നാം സ്ഥാനവും, ജില്ലാ മത്സരങ്ങളിൽ രണ്ടാം സ്ഥാനവും നേടിയ സമീക്ഷ സംസ്ഥാന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുൻ വർഷങ്ങളിലും ജില്ലാ – സംസ്ഥാന മത്സരങ്ങളിൽ ഈ കൊച്ചു മിടുക്കി പങ്കെടുത്തിട്ടുണ്ട്. ഈ മത്സരങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു.
ഡെക്കാത്ത്ലൺ സ്പോർട്ട്സ് ഇന്ത്യ നടത്തിയ അഞ്ച് കിലോമീറ്റർ ” ഉത്സവ് റണ്ണി ” ൽ വനിതാ വിഭാഗത്തിൽ സമീക്ഷ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് സമീക്ഷക്ക് സ്പോർട്സിൽ താൽപ്പര്യം തുടങ്ങിയത്.
അരിമ്പൂർ “ഗീതാ നിവാസി “ലെ പി.വി.ശങ്കര നാരായണന്റെയും പി.ആർ. ജയലക്ഷ്മിയുടെയും മകളായ സമീക്ഷ തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ രൂപേശ്വർ എറവ് സെന്റ്. തെരേസാസ് ഐസിഎസ്ഇ യിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: