തിരുവനന്തപുരം : കേന്ദ്രാനുമതി ലഭിച്ചില്ലെന്ന് ആരോപിച്ച് സില്‍വര്‍ലൈന്‍ പദ്ധതി അവസാനിപ്പിച്ചെങ്കിലും വിജ്ഞാപനം മരവിപ്പിക്കാതെ കേരളം. നിലവില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
ഇതോടെ നിര്‍ദ്ദിഷ്ട പാതയ്ക്കായി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുള്ള 1221 ഹെക്ടര്‍ ഭൂമിക്കുള്ള നിയന്ത്രണങ്ങളിലും ഇളവുണ്ടാകില്ല. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2021 ഓഗസ്റ്റ് 18-നാണ് സില്‍വര്‍ ലൈന്‍ സംബന്ധിച്ച ആദ്യ വിജ്ഞാപനം വന്നത്. ഇതില്‍ 955.13 ഹെക്ടറായിരുന്നു കാണിച്ചിരുന്നത്. പിന്നീട് ഒക്ടോബറില്‍ 1221 ഹെക്ടറായി പുതുക്കി പുതിയ വിജ്ഞാപനവും പുറത്തിറക്കി. ഇതോടെ നിര്‍ദ്ദിഷ്ട പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി പൊതുമേഖലാബാങ്കുകള്‍ വായ്പ്പയ്ക്ക് ഈടായി സ്വീകരിക്കാന്‍ മടിച്ചു.
അതേസമയം കേന്ദ്രാനുമതിയില്ലാത്ത സാഹചര്യത്തില്‍ പദ്ധതി അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചെങ്കിലും വിജ്ഞാപനം മരവിപ്പിച്ചില്ലെങ്കില്‍ ബാങ്കുകള്‍ നടപടികള്‍ വീണ്ടും പഴയ സ്ഥിതിയിലാകില്ല. ഉദ്യോഗസ്ഥരെ പിന്‍വലിച്ചതില്‍ അല്ല. വിജ്ഞാപനം മരവിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാതെ പൊതുമേഖലാ ബാങ്കുകള്‍ തീരുമാനം കൈക്കൊള്ളില്ല.
സമാനമായ നിലപാടുകള്‍ വില്ലേജ് അധികാരികളും സ്വീകരിക്കുന്നുണ്ട്. ഭൂസംബന്ധമായ അന്വേഷണങ്ങളില്‍ അവിടെ പദ്ധതിക്ക് ഉദ്ദേശിക്കുന്നതാണ് എന്ന് വില്ലേജ് ഓഫീസര്‍ സൂചിപ്പിച്ചാല്‍ അതുമായി ബന്ധമുള്ള എല്ലാ ഇടപാടുകളും നിയന്ത്രണവിധേയമാകും. ഏറ്റെടുക്കല്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ഭൂമികളുടെ വില്‍പ്പനയും ഏതാണ്ട് നിലച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ സ്വപ്ന പദ്ധതിയെന്ന പ്രഖ്യാപിച്ചാണ് പിണറായി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളില്‍ നിന്നും വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ഇത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: